عن أبي سعيد الخُدْريِّ رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول:
«مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ».
[صحيح] - [رواه مسلم] - [صحيح مسلم: 49]
المزيــد ...
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"നിങ്ങളിലാരെങ്കിലും വല്ല തിന്മയും കണ്ടാൽ കൈ കൊണ്ടതിനെ തടയട്ടെ. അതിന് അവന് സാധ്യമല്ലെങ്കിൽ തൻ്റെ നാവ് കൊണ്ട്. അതിനും സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 49]
തിന്മകളെ സാധ്യമായ രൂപത്തിൽ തടയേണ്ടതുണ്ട് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ നമ്മോട് കൽപ്പിച്ചിരിക്കുന്നു. അല്ലാഹുവും അവൻ്റെ ദൂതനും വിലക്കിയ എല്ലാ കാര്യങ്ങളും തിന്മയാണ്. ഒരാൾ ഒരു തിന്മ കണ്ടാൽ അതിനെ കൈ കൊണ്ട് തടയാൻ സാധിക്കുമെങ്കിൽ കൈ കൊണ്ട് തടയുക എന്നത് അവൻ്റെ മേൽ നിർബന്ധമാണ്. കൈ കൊണ്ട് തടയാൻ സാധിക്കില്ലെങ്കിൽ തൻ്റെ നാവ് കൊണ്ട് തടയുക; തിന്മ ചെയ്യുന്നവനെ അതിൽ നിന്ന് വിലക്കുകയും, തിന്മയുടെ അപകടം ബോധ്യപ്പെടുത്തി കൊടുക്കുകയും, ഈ തിന്മക്ക് പകരം നന്മയുടെ വഴി ഏതുണ്ട് എന്ന് അവന് അറിയിച്ചു കൊടുക്കുകയും ചെയ്യണം. അതും അവന് സാധ്യമല്ലെങ്കിൽ തൻ്റെ ഹൃദയം കൊണ്ട് ആ തിന്മയെ തടയണം; മനസ്സ് കൊണ്ട് ആ തെറ്റിനെ വെറുക്കുകയും തനിക്ക് സാധിക്കുമായിരുന്നെങ്കിൽ ആ തിന്മയെ താൻ തടയുമായിരുന്നു എന്ന ദൃഢബോധ്യം ഹൃദയത്തിൽ ഉണ്ടാവുകയും ചെയ്യലാണ് അത് കൊണ്ട് ഉദ്ദേശ്യം. തിന്മകളെ തടയുന്ന വിഷയത്തിൽ ഏറ്റവും ദുർബലമായ പദവിയാണ് ഹൃദയം കൊണ്ട് തിന്മകളെ തടയുക എന്നത്.