വിഭാഗം: വിശ്വാസം .

عن عمر رضي الله عنه قال: «بينما نحن جلوسٌ عند رسول الله صلى الله عليه وسلم ذات يوم إذ طَلَعَ علينا رجلٌ شديد بياض الثياب، شديد سَواد الشعر، لا يُرى عليه أثرُ السفر ولا يعرفه منَّا أحدٌ، حتى جلس إلى النَّبيِّ صلى الله عليه وسلم ، فأسنَد ركبتيْه إلى ركبتيْه، ووضع كفَّيه على فخذيْه، وقال: يا محمد أخبرْني عن الإسلام؟ فقال رسول الله صلى الله عليه وسلم : الإسلامُ أن تشهدَ أن لا إله إلا الله وأنَّ محمداً رسول الله، وتقيم الصلاة، وتُؤتيَ الزكاة، وتصومَ رمضان، وتحجَّ البيت إن استطعتَ إليه سبيلاً، قال: صدقتَ، فعَجِبْنا له يَسأله ويُصدِّقه، قال: فأخبرْني عن الإيمان؟ قال: أن تؤمنَ بالله وملائكته وكُتبه ورسُله واليوم الآخر، وتؤمن بالقدَر خيره وشرِّه، قال: صدقتَ، فأخبرْني عن الإحسان؟ قال: أن تعبدَ الله كأنَّك تراه، فإن لَم تكن تراه فإنَّه يراك، قال: فأخبرني عن الساعة؟ قال: ما المسؤول عنها بأعلمَ مِن السائل، قال: فأخبرني عن أمَاراتِها؟ قال: أنْ تلِدَ الأَمَةُ ربَّتَها، وأنْ تَرَى الحُفاةَ العُراة العَالَة رِعاءَ الشاءِ يَتَطاوَلون في البُنيان، ثمَّ انطلق فَلَبِثَ مليًّا ثم قال: يا عمر أتدري مَن السائل؟ قلتُ: الله ورسوله أعلم، قال: فإنَّه جبريلُ أتاكم يعلِّمُكم دينَكم».
[صحيح] - [رواه مسلم]
المزيــد ...

ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം ഞങ്ങൾ നബി -ﷺ- യുടെ അരികിൽ ഇരിക്കുന്ന വേളയിൽ ഒരു വ്യക്തി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. തൂവെള്ള നിറമുള്ള വസ്ത്രവും, കറുകറുത്ത മുടിയുമാണ് അദ്ദേഹത്തിൻ്റേത്. യാത്രയുടെ അടയാളങ്ങളൊന്നും അദ്ദേഹത്തിൽ കാണപ്പെട്ടില്ല. ഞങ്ങളിലാർക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി -ﷺ- യുടെ അരികിലേക്ക് വന്നിരിക്കുകയും, തൻ്റെ കാൽമുട്ട് നബി -ﷺ- യുടെ കാൽമുട്ടിനോട് ചേർത്തു വെക്കുകയും, തൻ്റെ കൈപ്പത്തികൾ അവിടുത്തെ തുടമേൽ വെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: മുഹമ്മദ്! ഇസ്ലാമിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക?! നബി -ﷺ- പറഞ്ഞു: "ഇസ്ലാം എന്നാൽ താങ്കൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലും, നമസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കലും, സാധ്യമാണെങ്കിൽ ഹജ്ജ് നിർവ്വഹിക്കുകയും ചെയ്യലാണ്." അദ്ദേഹം പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ഞങ്ങൾ അയാളുടെ കാര്യത്തിൽ അത്ഭുതപ്പെട്ടു; നബി -ﷺ- യോട് ചോദിക്കുകയും, പറഞ്ഞത് ശരിയാണെന്ന് സത്യപ്പെടുത്തുകയും ചെയ്യുകയോ?! (ശേഷം) അദ്ദേഹം ചോദിച്ചു: എങ്കിൽ ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക? നബി -ﷺ- പറഞ്ഞു: "ഈമാൻ എന്നാൽ നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലും അതിൻ്റെ നന്മയിലും തിന്മയിലും വിശ്വസിക്കലുമാണ്." അദ്ദേഹം പറഞ്ഞു: താങ്കൾ പറഞ്ഞത് ശരിയാണ്. എങ്കിൽ എനിക്ക് ഇഹ്സാനിനെ കുറിച്ച് പറഞ്ഞു തരിക! നബി -ﷺ- പറഞ്ഞു: "(ഇഹ്സാൻ എന്നാൽ) അല്ലാഹുവിനെ കാണുന്നത് പോലെ താങ്കൾ അവനെ ആരാധിക്കലാണ്. താങ്കൾ അവനെ കാണുന്നില്ലെങ്കിലും അവൻ താങ്കളെ കാണുന്നുണ്ട്." അദ്ദേഹം പറഞ്ഞു: "എങ്കിൽ അന്ത്യനാളിനെ കുറിച്ച് എനിക്ക് അറിയിച്ചു തരിക." നബി -ﷺ- പറഞ്ഞു: "ചോദിക്കപ്പെടുന്ന വ്യക്തി ചോദ്യകർത്താവിനേക്കാൾ കൂടുതലായി അതിനെ കുറിച്ച് യാതൊരു അറിവുമുള്ളവനല്ല." അദ്ദേഹം പറഞ്ഞു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "അടിമ സ്ത്രീ തൻ്റെ ഉടമസ്ഥനെ പ്രസവിക്കലും, നഗ്നരും നഗ്നപാദരും ദരിദ്രരുമായ ആട്ടിടയന്മാർ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ പരസ്പരം മത്സരിക്കലുമാണ്." ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ നബി -ﷺ- പറഞ്ഞു: "ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും അറിയുക." അവിടുന്ന് പറഞ്ഞു: "അത് ജിബ്രീലാണ്. നിങ്ങൾക്ക് നിങ്ങളുടെ മതം പഠിപ്പിച്ചു നൽകുന്നതിനായി വന്നതാണ്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ജിബ്രീൽ -عَلَيْهِ السَّلَامُ- സ്വഹാബികൾക്ക് പരിചയമില്ലാത്ത ഒരു വ്യക്തിയുടെ രൂപത്തിൽ അവർക്കിടയിലേക്ക് ചെന്നു. അവർ നബി -ﷺ- യുടെ ചുറ്റും ഇരിക്കുകയായിരുന്നു. അങ്ങനെ നബി -ﷺ- യുടെ മുന്നിൽ ഒരു പഠിതാവ് ചോദിച്ചു മനസ്സിലാക്കാൻ ഇരിക്കുന്നത് പോലെ വന്ന് ഇരുന്നു. ശേഷം നബി -ﷺ- യോട് ഇസ്ലാമിനെ കുറിച്ച് ചോദിച്ചു. അവിടുന്ന് നൽകിയ ഉത്തരത്തിൽ അഞ്ച് അടിസ്ഥാനങ്ങളെ കുറിച്ച് നബി -ﷺ- പറഞ്ഞു നൽകി. രണ്ട് സാക്ഷ്യവചനങ്ങൾ അംഗീകരിക്കുക, അഞ്ചു നേരത്തെ നിസ്കാരം സൂക്ഷ്മതയോടെ നിലനിർത്തുക, സകാത്ത് അർഹരായവർക്ക് നൽകുക, റമദാൻ മാസത്തിൽ സത്യസന്ധമായ ഉദ്ദേശത്തോടെ നോമ്പ് അനുഷ്ഠിക്കുക, സാധ്യമാകുന്നവർ ഹജ്ജ് കർമ്മം നിർവ്വഹിക്കുക. ഇത് കേട്ടപ്പോൾ നബി -ﷺ- യുടെ ഉത്തരം ശരിയാണ് എന്ന് ആ വ്യക്തി പറഞ്ഞു. സ്വഹാബികൾക്ക് അത് അത്ഭുതമായി തോന്നി. അറിവില്ലാത്ത ഒരാളെ പോലെ ചോദിച്ചതിന് ശേഷം, ഉത്തരം പറഞ്ഞത് ശരിയാണെന്ന് അതേ വ്യക്തി തന്നെ പറയുകയോ?! ശേഷം നബി -ﷺ- യോട് അദ്ദേഹം ഈമാനിനെ കുറിച്ച് ചോദിച്ചു: നബി -ﷺ- ആറ് അടിസ്ഥാനങ്ങൾ പറഞ്ഞു കൊടുത്തു. സ്രഷ്ടാവും ഉപജീവനദാതാവുമായ, സർവ്വ പൂർണ്ണതകളുടെയും ഉടയവനും, എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനുമായ അല്ലാഹുവിൽ വിശ്വസിക്കുക, അല്ലാഹു സൃഷ്ടിച്ച മാന്യദാസന്മാരായ മലക്കുകൾ അല്ലാഹുവിനെ ധിക്കരിക്കാതെ, അവൻ്റെ കൽപ്പനകളെല്ലാം നിറവേറ്റുന്നവരാണെന്ന് വിശ്വസിക്കുക, അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതന്മാർക്ക് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക, അല്ലാഹുവിൽ നിന്ന് അവൻ്റെ ദീൻ ജനങ്ങൾക്ക് എത്തിച്ചു നൽകുന്ന ദൂതന്മാരിൽ വിശ്വസിക്കുക, മരണത്തിന് ശേഷം മനുഷ്യർ പുനരുജ്ജീവിപ്പിക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുമെന്ന് വിശ്വസിക്കുക. ശേഷം ഇഹ്സാൻ എന്താണെന്നാണ് നബി -ﷺ- യോട് അദ്ദേഹം ചോദിച്ചത്. അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണ് ഇഹ്സാൻ. അങ്ങനെ അവന് ആരാധിക്കാൻ കഴിയുന്നില്ലെങ്കിൽ അല്ലാഹുവിനെ ഭയന്നു കൊണ്ട് അവൻ ആരാധിക്കട്ടെ; കാരണം അല്ലാഹു അവനെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. അവൻ്റെ അടുക്കൽ ഒരു കാര്യവും അവ്യക്തമാവുകയില്ല. ശേഷം അന്ത്യനാളിൻ്റെ സമയത്തെ കുറിച്ചുള്ള അറിവ് സൃഷ്ടികളിൽ ഒരാളുടെ പക്കലും ഇല്ലെന്നും അന്ത്യനാൾ അടുത്തു എന്നറിയിക്കുന്ന ചില അടയാളങ്ങൾ ഉണ്ടെന്നും അവിടുന്ന് പറഞ്ഞു. അടിമസ്ത്രീകളും അവരുടെ കുട്ടികളും അധികരിക്കുക എന്നത് - അല്ലെങ്കിൽ മാതാക്കളോടുള്ള ധിക്കാരം അധികരിക്കുകയും, സന്താനങ്ങൾ തങ്ങളുടെ അടിമകളോട് പെരുമാറുന്നത് പോലെ അവരോട് പെരുമാറുകയും ചെയ്യുക എന്നത് - അന്ത്യനാളിൻ്റെ അടയാളമാണെന്ന് നബി -ﷺ- അറിയിച്ചു. ഒട്ടകത്തെ മേച്ചു നടക്കുന്ന ദരിദ്രർക്ക് അവസാനകാലത്ത് ഇഹലോക സുഖങ്ങൾ അധികരിക്കുകയും, അവർ കെട്ടിടങ്ങൾ പടുത്തുയർത്തുന്നതിൽ പരസ്പരം മത്സരിക്കുമെന്നും, അതിൽ പൊങ്ങച്ചം നടിക്കുമെന്നും അവിടുന്ന് അറിയിച്ചു. ഈ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമെല്ലാം ഈ ദീനിനെ കുറിച്ചു പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ചോദ്യകർത്താവാകട്ടെ, ജിബ്രീൽ -عَلَيْهِ السَّلَامُ- യും. നബി -ﷺ- യുടെ വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം: "അത് ജിബ്രീലാകുന്നു; നിങ്ങളുടെ ദീൻ നിങ്ങൾക്ക് പഠിപ്പിച്ചു നൽകുന്നതിനായി വന്നതാണ്."

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നബി -ﷺ- യുടെ സൽസ്വഭാവം ശ്രദ്ധിക്കുക. അവിടുന്ന് തൻ്റെ അനുചരന്മാരോടൊപ്പം കൂടിയിരിക്കുന്നു. അവർ അവിടുത്തെ അരികിലേക്കും വന്നിരിക്കുന്നു. അവിടുന്ന് മാറിയിരിക്കുകയോ, താൻ മറ്റുള്ളവരേക്കാൾ മുകളിലാണെന്ന് നടിക്കുകയോ ചെയ്യുന്നില്ല.
  2. * ആദരണീയരായ വ്യക്തിത്വങ്ങളുടെ അരികിൽ പ്രവേശിക്കുമ്പോൾ വസ്ത്രവും രൂപവും വൃത്തിയും നന്നായി കാത്തു സൂക്ഷിക്കുക. തൻറെ അവസ്ഥയിലും വാക്കിലും പഠിപ്പിക്കുന്നവനായാണ് ജിബ്രീൽ വന്നത്.
  3. * മലക്കുകൾക്ക് അവരുടേതല്ലാത്ത രൂപങ്ങൾ സ്വീകരിക്കാൻ കഴിയും.
  4. * ചോദ്യകർത്താവിനോട് അലിവ് പുലർത്തുകയും, അദ്ദേഹത്തെ അടുപ്പിക്കുകയും ചെയ്യുക. പേടിക്കാതെയും പിടിച്ചു വെക്കാതെയും ചോദിക്കാൻ അപ്പോൾ മാത്രമേ സാധിക്കൂ.
  5. * അധ്യാപകനോട് പുലർത്തേണ്ട മര്യാദ. ജിബ്രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ മുൻപിൽ ഇരുന്ന രൂപം നോക്കൂ. വളരെ മര്യാദ പാലിക്കുന്ന ഒരു വ്യക്തിയുടെ ഇരുത്തമായിരുന്നു അത്.
  6. * പരോക്ഷാർത്ഥപദങ്ങൾ ഉപയോഗിക്കുന്നത് അനുവദനീയമാണ്. ഗ്രാമീണ അറബികളായ അഅ്റാബികളാണ് നബി -ﷺ- യെ മുഹമ്മദ് എന്ന് വിളിക്കാറുണ്ടായിരുന്നത്. പൊതുവെ മാന്യമായ സ്വഭാവഗുണങ്ങൾ പുലർത്തിയിരുന്ന പട്ടണവാസികൾ ഇപ്രകാരം നബി -ﷺ- യെ വിളിക്കാറുണ്ടായിരുന്നില്ല. ജിബ്രീൽ അഅ്റാബികളുടെ രീതി ഉപയോഗപ്പെടുത്തിയതിലൂടെ താനൊരു ഗ്രാമീണ അറബിയാണെന്ന ധാരണ സൃഷ്ടിച്ചു.
  7. * ഇസ്ലാം, ഈമാൻ, ഇഹ്സാൻ എന്നിവക്കിടയിൽ ഏറ്റക്കുറച്ചിലുണ്ട് എന്ന് ഈ ഹദീഥ് വ്യക്തമാക്കുന്നു.
  8. * ആറ് ഈമാൻ കാര്യങ്ങളിലുള്ള വിശ്വാസം ചുരുക്കത്തിൽ അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസമാണ്.
  9. * ഇസ്ലാം കാര്യങ്ങൾ അഞ്ചും, ഈമാൻ കാര്യങ്ങൾ ആറുമാണ്.
  10. * ഇസ്ലാം, ഈമാൻ എന്നീ പദങ്ങൾ ഒരുമിച്ചു വന്നാൽ രണ്ടിനും വ്യത്യസ്ത അർത്ഥങ്ങളുണ്ട്. ഇസ്ലാം എന്നാൽ ബാഹ്യമായ (ശരീരം കൊണ്ടുള്ള) പ്രവർത്തനങ്ങളും, ഈമാൻ എന്നാൽ ഗോപ്യമായ (ഹൃദയത്തിലെ) പ്രവർത്തനങ്ങളുമാണ്.
  11. * ഇഹ്സാൻ എന്ന പദവിയുടെ ഔന്നത്യം.
  12. * ചോദ്യകർത്താവിന് ഉത്തരം അറിയില്ല എന്നതാണ് പൊതുവെ മനസ്സിലാക്കപ്പെടുക. കാരണം ചോദിക്കാനുള്ള പ്രേരണ അറിവില്ലായ്മയാണ്.
  13. * ഏറ്റവും പ്രധാനപ്പെട്ടതിൽ നിന്ന് അടുത്തതിലേക്ക് ക്രമത്തിൽ മുന്നോട്ടു പോവുക എന്ന രീതി. കാരണം ഇസ്ലാമിനെ വിവരിച്ചപ്പോൾ ആദ്യം രണ്ട് സാക്ഷ്യവചനങ്ങളാണ് നബി -ﷺ- എണ്ണിയത്. ഈമാനിനെ വിശദീകരിച്ചപ്പോൾ അല്ലാഹുവിലുള്ള വിശ്വാസമാണ് ആദ്യം എണ്ണിയത്.
  14. * കേൾവിക്കാർക്ക് അറിവ് ലഭിക്കട്ടെ എന്ന ഉദ്ദേശത്തിൽ ചോദ്യകർത്താവിന് വ്യക്തിപരമായി ഉത്തരം അറിയുന്ന കാര്യങ്ങളും പണ്ഡിതന്മാരോട് ചോദിക്കാവുന്നതാണ്.
  15. * അറിയാത്ത കാര്യത്തിന് 'അല്ലാഹുവിനാണ് ഏറ്റവും അറിയുക' എന്ന് പറയാം.
  16. * അന്ത്യനാൾ എപ്പോഴാണ് എന്നത് അല്ലാഹു ഒരാൾക്കും വെളിപ്പെടുത്തി നൽകിയിട്ടില്ലാത്ത വിവരമാണ്.
  17. * അന്ത്യനാളിൻ്റെ ചില അടയാളങ്ങൾ ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.