عن عمر بن الخطاب رضي الله عنه مرفوعاً: «إنما الأعمال بِالنيَّات، وإنما لكل امرئ ما نوى، فمن كانت هجرتُه إلى الله ورسوله فهجرتُه إلى الله ورسوله، ومن كانت هجرتُه لدنيا يصيبها أو امرأةٍ ينكِحها فهجرته إلى ما هاجر إليه».
[صحيح] - [متفق عليه]
المزيــد ...

ഉമർ ബിൻ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രവർത്തനങ്ങൾ ഉദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണ് ഉണ്ടായിരിക്കുക. ആരുടെയെങ്കിലും പലായനം അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കുമാണെങ്കിൽ അവൻ്റെ ആ പലായനം അല്ലാഹുവിലേക്കും റസൂലിലേക്കുമാണ്. ആരുടെയെങ്കിലും പലായനം നേടാനുദ്ദേശിക്കുന്ന എന്തെങ്കിലും ഐഹികവിഭവത്തിനോ, വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീക്ക് വേണ്ടിയോ ആണെങ്കിൽ അവൻ്റെ പലായനം അവൻ എന്തിലേക്കാണോ ചെയ്തത്; അതിലേക്കാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

മഹത്തരമായ ഒരു ഹദീഥാണ് ഇത്. ഇസ്ലാമിൻ്റെ മൂന്നിലൊന്നാണ് ഈ ഹദീഥ് എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഓരോ വിശ്വാസിക്കും അവൻ്റെ ഉദ്ദേശത്തിനും, അതിലെ ശുദ്ധിക്കും അനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക. ആരുടെയെങ്കിലും പ്രവർത്തനം അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമായി ഉള്ളതാണെങ്കിൽ അത് അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാണ്. ആ പ്രവർത്തനം എത്ര കുറവാണെങ്കിലും നിസ്സാരമാണെങ്കിലും ശരി; നബി -ﷺ- പഠിപ്പിച്ചു തന്ന രൂപത്തിലാണ് അത് എന്ന നിബന്ധന പൂർത്തീകരിച്ചെങ്കിൽ (അത് സ്വീകരിക്കപ്പെടും). എന്നാൽ ആരുടെയെങ്കിലും പ്രവർത്തനങ്ങൾ ജനങ്ങളെ കാണിക്കുന്നതിന് വേണ്ടിയാവുകയും, അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായിട്ടല്ലാതിരിക്കുകയും ചെയ്താൽ അവ തള്ളപ്പെടുന്നതാണ്; അതിനി എത്ര ധാരാളമുണ്ടെങ്കിലും വലുതാണെങ്കിലും ശരി. അല്ലാഹുവിൻ്റെ തൃപ്തിയല്ലാത്തത് ആഗ്രഹിക്കുന്ന എല്ലാ പ്രവർത്തനങ്ങളും അത് ചെയ്തവനിലേക്ക് തന്നെ തള്ളപ്പെടുന്നതാണ്; അല്ലാഹു അവ സ്വീകരിക്കുന്നതല്ല. (അത്തരം ഉദ്ദേശങ്ങൾ പലതായിരിക്കും) സ്ത്രീയെ വിവാഹം കഴിക്കലോ, സമ്പത്ത് നേടിയെടുക്കലോ, സ്ഥാനം നേടിയെടുക്കലോ മറ്റോ ഒക്കെ ആയിരിക്കാം അവ. സൽകർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാനുള്ള രണ്ട് നിബന്ധനകൾ ഉണ്ട് എന്ന് മനസ്സിലാക്കുക; ഒന്ന്: പ്രവർത്തനം അല്ലാഹുവിന് മാത്രം നിഷ്കളങ്കമായിരിക്കുക എന്നതാണ്. രണ്ട്: നബി -ﷺ- യുടെ മാതൃകക്ക് യോജിച്ചു കൊണ്ടായിരിക്കണം ആ പ്രവർത്തനം എന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നിഷ്കളങ്കമായി പ്രവർത്തിക്കാനുള്ള പ്രോത്സാഹനം. അല്ലാഹുവിൻ്റെ തൃപ്തി ഉദ്ദേശിക്കപ്പെടാത്ത പ്രവർത്തനങ്ങൾ അവൻ സ്വീകരിക്കുന്നതല്ല.
  2. * അല്ലാഹുവിലേക്ക് സാമീപ്യം തേടാൻ വേണ്ടി പ്രവർത്തിക്കേണ്ട കാര്യങ്ങൾ ആരെങ്കിലും ഒരു ശീലം എന്ന അർത്ഥത്തിൽ മാത്രമായി ചെയ്തു പോയാൽ അതിന് പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല. പ്രവർത്തനത്തിൻ്റെ ബാഹ്യരൂപം ശരിയാണെങ്കിലും അല്ലാഹുവിൻ്റെ തൃപ്തി ഉദ്ദേശിക്കാതെയാണ് അത് ചെയ്തതെങ്കിൽ ആ പ്രവർത്തനം സ്വീകാര്യമല്ല.
  3. * അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കുമുള്ള പലായനത്തിൻ്റെ ശ്രേഷ്ഠത. അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് ചെയ്യപ്പെടുന്ന, സൽകർമങ്ങളിൽ പെട്ടതാണ് അത്.
  4. * ഇസ്ലാമിൻ്റെ അടിസ്ഥാനങ്ങൾ നിലകൊള്ളുന്ന ഹദീഥുകളിൽ ഒന്നാണ് ഇത്. പണ്ഡിതന്മാർ പറഞ്ഞതായി കാണാം. ഇസ്ലാമിൻ്റെ അടിത്തറ രണ്ട് ഹദീഥുകളിൽ ചുറ്റിത്തിരിയുന്നു. ഒന്ന് ഈ ഹദീഥാണ്. രണ്ടാമത്തേത് ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥാണ്. "ആരെങ്കിലും നമ്മുടെ കൽപ്പനയില്ലാത്ത ഒരു പ്രവർത്തനം ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്." (നിയ്യത്തിനെ കുറിച്ചുള്ള ആദ്യത്തെ) ഈ ഹദീഥ് ഹൃദയത്തിലെ പ്രവർത്തനങ്ങളുടെ അടിത്തറ ബോധ്യപ്പെടുത്തുന്നു. ഗോപ്യമായ പ്രവർത്തനങ്ങളുടെ അളവുകോലാണത്. ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥാകട്ടെ, ബാഹ്യമായ പ്രവർത്തനങ്ങളുടെ അളവുകോലുമാണ്.
  5. * ഇബാദത്തുകൾ പരസ്പരവും, ഇബാദത്തുകളിൽ നിന്ന് ഇടപാടുകളും വേർതിരിക്കൽ നിർബന്ധമാണ്. രൂപത്തിൽ ഒരു പോലെ കാണപ്പെടുന്ന പ്രവൃത്തികളെ വേർതിരിക്കുന്നത് മനസ്സിലെ ഉദ്ദേശം മാത്രമാണ്.
  6. * ഒരു ഉദ്ദേശവുമില്ലാതെ ചെയ്യുന്ന പ്രവൃത്തികൾ നിരാർത്ഥകമായ ചെയ്തികളാണ്. അവക്ക് പ്രതിഫലമോ, അവയെ ബാധിക്കുന്ന എന്തെങ്കിലും വിധിയോ ഇല്ല.
  7. * ആരെങ്കിലും തൻ്റെ പ്രവൃത്തിയിൽ ഇഖ്'ലാസുള്ളവനായാൽ - വിധിയിലും പ്രതിഫലത്തിലും - അവൻ്റെ ഉദ്ദേശം അവന് ലഭിക്കുന്നതാണ്. പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധന പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അവൻ്റെ പ്രവൃത്തി ശരിയാവുകയും, അതിനുള്ള പ്രതിഫലം അവന് ലഭിക്കുകയും ചെയ്യുന്നതാണ്.
  8. * അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി പ്രവർത്തിക്കാത്ത കർമ്മങ്ങൾ നിഷ്ഫലമായി തീരുന്നതാണ്.
  9. * ഐഹിക വിഭവങ്ങളെയും അതിലെ ദേഹേഛകളെയും നബി -ﷺ- ഈ ഹദീഥിൽ നിസ്സാരവൽക്കരിച്ചിരിക്കുന്നു. ഇഹലോകത്തിലെ നേട്ടത്തിന് വേണ്ടി പലായനം ചെയ്തവർക്ക് ലഭിക്കുന്നത് എന്തായിരിക്കുമെന്ന് നബി -ﷺ- വ്യക്തമായി പറഞ്ഞില്ല. എന്നാൽ അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കും പലായനം ചെയ്തവർക്ക് ലഭിക്കുന്ന പ്രതിഫലം എന്താണെന്ന് അവിടുന്ന് വ്യക്തമായി തന്നെ പറഞ്ഞു. ഇത് നബി -ﷺ- യുടെ പ്രയോഗങ്ങളിലെ ഭംഗിയും, അവിടുത്തെ വാക്കുകളുടെ ആശയവ്യാപ്തിയും വ്യക്തമാക്കുന്നു.
കൂടുതൽ