عن أبي أيوب الأنصاري رضي الله عنه قال: قال رسول الله صلى الله عليه وسلم : «لا يحل لمسلم أن يهجر أخاه فوق ثلاث ليال، يلتقيان: فيُعرض هذا، ويُعرض هذا، وخيرهما الذي يبدأ بالسلام».
[صحيح] - [متفق عليه]
المزيــد ...

അബൂ അയ്യൂബ് അൽ-അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടുമെന്ന രൂപത്തിൽ തിരിഞ്ഞു കളയുക (എന്നത് പാടില്ല). അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഒരു മുസ്ലിം തൻ്റെ സഹോദരനായ മുസ്ലിമിനെ മൂന്ന് ദിവസങ്ങൾക്കപ്പുറം അകറ്റി നിർത്തുക എന്നത് ഈ ഹദീഥ് വിലക്കുന്നു. പരസ്പരം കണ്ടുമുട്ടിയാൽ സലാം പറയുകയോ, സംസാരിക്കുകയോ ചെയ്യാതെ അവർ തിരിഞ്ഞു പോവുക എന്നത് പാടില്ല. ഈ പറഞ്ഞതിൽ നിന്ന് മൂന്ന് ദിവസമോ, അതിൽ താഴെയോ തെറ്റി നിൽക്കാൻ അനുവാദമുണ്ട് എന്ന് മനസ്സിലാക്കാം. മനുഷ്യരുടെ പ്രകൃതം പരിഗണിച്ചു കൊണ്ടാണ് ആ ഇളവ് നൽകപ്പെട്ടിരിക്കുന്നത്. കാരണം ദേഷ്യമെന്ന വികാരം മാനുഷികമാണ്. അതിനെ തുടർന്നുണ്ടാകുന്ന മോശം പെരുമാറ്റവും അത് പോലെ തന്നെ. അതിനാൽ ഈ അവസ്ഥ നീങ്ങിപ്പോവുന്നതിന് വേണ്ടി മൂന്ന് ദിവസം അകൽച്ച പാലിക്കുന്നതിൽ ഇളവ് നൽകപ്പെട്ടിരിക്കുന്നു. ഈ രണ്ടു പേരിൽ പരസ്പരമുള്ള അകൽച്ച നീക്കാൻ പരിശ്രമിക്കുകയും, ആദ്യം സലാം പറയുകയും ചെയ്യുന്ന വ്യക്തിയാണ് ഏറ്റവും നല്ലവൻ. ഹദീഥിൽ ഉദ്ദേശിക്കപ്പെട്ട തെറ്റി നിൽക്കൽ വ്യക്തിപരമായ കാരണങ്ങളാലുള്ള അകൽച്ചയാണ്. എന്നാൽ അല്ലാഹുവിന് വേണ്ടി അകൽച്ച പാലിക്കുക എന്നതിന് ഈ രൂപത്തിൽ നിശ്ചിത പരിധിയില്ല. ഉദാഹരണത്തിന് അധർമ്മികളിൽ നിന്നും, ബിദ്അത്തുകാരിൽ നിന്നും, മോശം കൂട്ടുകാരിൽ നിന്നും അകൽച്ച പാലിക്കുക എന്നത്. ഇത്തരം സന്ദർഭങ്ങളിൽ അവരുടെ തിന്മ അവർ ഉപേക്ഷിക്കുന്നത് വരെ അകന്നു നിൽക്കാവുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * മൂന്ന് ദിവസത്തിലധികം ഒരു മുസ്ലിമുമായി ഭൗതിക വിഷയങ്ങളുടെ പേരിൽ അകൽച്ച പാലിക്കുക എന്നത് നിഷിദ്ധമാണ്.
  2. * തൻ്റെ കൂട്ടുകാരനോട് ആദ്യം സലാം പറയുകയും, പരസ്പരമുള്ള അകൽച്ചയും ബന്ധവിഛേദനവും ഒഴിവാക്കുകയും ചെയ്യുന്നവനുള്ള ശ്രേഷ്ഠത.
  3. * സലാമിൻ്റെ മഹത്വം. ഹൃദയങ്ങളിലുള്ള അകൽച്ച അത് നീക്കം ചെയ്യുന്നു. പരസ്പര സ്നേഹത്തിൻ്റെ അടയാളവുമാണത്.
കൂടുതൽ