+ -

عَنْ أَبي مَسْعُودٍ رضي الله عنه قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ الأُولَى: إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ».

[صحيح] - [رواه البخاري] - [صحيح البخاري: 6120]
المزيــد ...

അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആദ്യകാല നബിമാരുടെ വാക്കുകളിൽ നിന്ന് ജനങ്ങൾ പഠിച്ചെടുത്ത കാര്യങ്ങളിലൊന്നാണ്; 'നീ ലജ്ജിക്കുന്നില്ലെങ്കിൽ ഉദ്ദേശിക്കുന്നതെല്ലാം ചെയ്തു കൊള്ളുക' എന്നത്."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6120]

വിശദീകരണം

മുൻകാല നബിമാർ തങ്ങളുടെ ജനങ്ങൾക്ക് നൽകിയ ഉപദേശങ്ങളിൽ പെട്ട, തലമുറകളായി അവരിൽ നിന്ന് കൈമാറി വരികയും ഈ ഉമ്മത്തിൻ്റെ ആദ്യകാലക്കാരിലേക്ക് വരെ എത്തുകയും ചെയ്ത വസ്വിയ്യത്തുകളിൽ പെട്ട ഒരു കാര്യമാണ് ഈ ഹദീഥിൽ നബി -ﷺ- അറിയിക്കുന്നത്. അതിപ്രകാരമാണ്: നീ പ്രവർത്തിക്കാൻ പോകുന്ന കാര്യത്തെ കുറിച്ച് നീ ചിന്തിക്കുക; ലജ്ജിക്കപ്പെടേണ്ടതായ ഒരു കാര്യമല്ല അത് എങ്കിൽ നീ അത് പ്രവർത്തിച്ചു കൊള്ളുക. എന്നാൽ ലജ്ജിക്കപ്പെടേണ്ട ഒരു കാര്യമാണ് അത് എങ്കിൽ നീ അത് ചെയ്യാതെ ഉപേക്ഷിക്കുകയും ചെയ്യുക. കാരണം മ്ലേഛവൃത്തികൾ പ്രവർത്തിക്കുന്നതിൽ നിന്ന് മനുഷ്യനെ തടയുന്ന സ്വഭാവഗുണമാണ് ലജ്ജ എന്നത്. ഒരാൾക്ക് ലജ്ജയില്ലാതായി എങ്കിൽ അവൻ എല്ലാ മ്ലേഛവൃത്തികളിലും തിന്മകളിലും മുങ്ങിക്കുളിക്കുക തന്നെ ചെയ്യും.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. എല്ലാ മാന്യമായ സ്വഭാവഗുണങ്ങളുടെയും അടിത്തറയാണ് ലജ്ജ.
  2. നബിമാരുടെ സ്വഭാവങ്ങളിൽ പെട്ടതാണ് ലജ്ജ എന്നത്. അവരിൽ നിന്ന് അക്കാര്യം തലമുറകളായി കൈമാറി വന്നിട്ടുണ്ട്.
  3. മുസ്‌ലിമായ ഒരു മനുഷ്യനെ മനോഹരമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതും, വൃത്തികെട്ട കാര്യങ്ങളിൽ നിന്ന് അകറ്റുന്നതും ലജ്ജയെന്ന ഗുണമാണ്.
  4. ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: "നിനക്ക് ലജ്ജയുണ്ടാക്കാത്ത കാര്യം പ്രവർത്തിക്കാൻ നിനക്ക് അനുവാദമുണ്ട് എന്നാണ് 'നീ ചെയ്തു കൊള്ളുക' എന്നതിൻ്റെ അർത്ഥം.
  5. അതായത്, ഒരു കാര്യം പ്രവർത്തിക്കാൻ തീരുമാനിച്ചാൽ അതിനെ കുറിച്ച് നീ ചിന്തിക്കുക; അല്ലാഹുവും ജനങ്ങളും അക്കാര്യം അറിയുന്നത് നിനക്ക് ലജ്ജയുണ്ടാക്കുന്നതല്ലെങ്കിൽ നിനക്ക് ആ പ്രവർത്തിയുമായി മുന്നോട്ടു പോകാം. അതല്ലായെങ്കിൽ ആ പ്രവർത്തി നീ ഉപേക്ഷിക്കുക.
  6. ഇസ്‌ലാമിൻ്റെ എല്ലാ നിയമങ്ങളും ഇതിനെ ചുറ്റിപറ്റിയാണുള്ളത്. ദീനിൽ അല്ലാഹു കൽപ്പിച്ച നിർബന്ധമായതോ ഐഛികമായതോ ആയ (വാജിബോ സുന്നത്തോ ആയ) പ്രവർത്തനങ്ങളെല്ലാം ഉപേക്ഷിക്കുന്നതിൽ ഒരാൾക്ക് ലജ്ജയുണ്ടാകേണ്ടതുണ്ട്. ദീനിൽ വിലക്കപ്പെട്ട നിഷിദ്ധവും വെറുക്കപ്പെട്ടതുമായ (ഹറാമോ മക്റൂഹോ ആയ) കാര്യങ്ങൾ ചെയ്യുന്നതിൽ ലജ്ജിക്കേണ്ടതുമുണ്ട്. അനുവദിക്കപ്പെട്ട മുബാഹായ കാര്യങ്ങൾ ചെയ്യുന്നതിലും ഉപേക്ഷിക്കുന്നതിലും ലജ്ജയുണ്ടാകുന്നതിൽ തെറ്റില്ല. ചുരുക്കത്തിൽ ഇസ്‌ലാമിലെ അഞ്ചു വിധിവിലക്കുകളും ഈ ഹദീഥിൻ്റെ പരിധിയിൽ ഉൾപ്പെടും.
  7. മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്: നിൻ്റെ മനസ്സിൽ നിന്ന് ലജ്ജയെന്ന സ്വഭാവഗുണം എടുത്തു നീക്കപ്പെട്ടിരിക്കുന്നു എങ്കിൽ നീ ഉദ്ദേശിക്കുന്നതെല്ലാം ചെയ്തു കൊള്ളുക. നിഷിദ്ധവൃത്തികൾ ചെയ്തോളൂ എന്ന അനുവാദസ്വരത്തിലല്ല, മറിച്ച്; താക്കീതിൻ്റെയും ഭീഷണിയുടെയും സ്വരമാണ് ഈ കൽപ്പനയിലുള്ളത്. നീ എന്തു പ്രവർത്തിച്ചാലും അല്ലാഹു അതിനുള്ള ശിക്ഷ നിനക്ക് തന്നുകൊള്ളും എന്നാണ് അതിൻ്റെ ഉദ്ദേശ്യം.
  8. മറ്റൊരു അഭിപ്രായമുള്ളത് ഇപ്രകാരമാണ്: ലജ്ജയില്ലാത്ത മനുഷ്യൻ അവന് തോന്നിയതെല്ലാം പ്രവർത്തിക്കുന്നതാണ് എന്ന വസ്തുതയാണ് നബി -ﷺ- ഇവിടെ അറിയിച്ചിട്ടുള്ളത്. (അതല്ലാതെ എന്തെങ്കിലുമൊന്ന് ചെയ്യാനുള്ള കൽപ്പനയോ അനുവാദമോ നേർക്കുനേരെ അവിടുത്തെ വാക്കിലില്ല.)
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية Kargaria النيبالية الرومانية المجرية الموري Malagasy Oromianina الجورجية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ