عن أبي عبد الله جابر بن عبد الله الأنصاري رضي الله عنهما أن رجلاً سأل رسول الله صلى الله عليه وسلم فقال: أرأيت إذا صليت المكتوبات، وصمت رمضان، وأحللت الحلال، وحرمت الحرام، ولم أزد على ذلك شيئاً، أأدخل الجنة؟ قال: «نعم».
[صحيح] - [رواه مسلم]
المزيــد ...

അബൂ അബ്ദില്ലാഹ് ജാബിർ ബ്നു അബ്ദില്ലാഹ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഞാൻ നിർബന്ധ നമസ്കാരങ്ങൾ നിർവ്വഹിക്കുകയും, റമദാനിൽ നോമ്പ് അനുഷ്ഠിക്കുകയും, ഹലാലുകൾ (അനുവദിക്കപ്പെട്ട കാര്യങ്ങൾ) അനുവദനീയമായി കാണുകയും, ഹറാമുകൾ (നിഷിദ്ധവൃത്തികൾ) നിഷിദ്ധമായി കാണുകയും, അതിന് മേൽ ഒന്നും വർദ്ധിപ്പിക്കാതിരിക്കുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽ പ്രവേശിക്കുമോ?!" അവിടുന്ന് പറഞ്ഞു: "അതെ."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അൻസ്വാരിയായ അബൂ അബ്ദില്ലാഹ് ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهما- എന്ന സ്വഹാബി നിവേദനം ചെയ്ത ഹദീഥാണിത്. നബി -ﷺ- യോട് ഒരാൾ ചോദിച്ച ചോദ്യമാണ് ഈ ഹദീഥിലുള്ളത്. 'അഞ്ചു നിർബന്ധ നമസ്കാരങ്ങൾ മാത്രം ഞാൻ നിർവ്വഹിക്കുകയും, അതിന് മേൽ സുന്നത്തുകൾ അധികരിപ്പിക്കാതിരിക്കുകയും, റമദാനിലെ നിർബന്ധനോമ്പുകൾ മാത്രം നോൽക്കുകയും സുന്നത്തുകൾ ചെയ്യാതിരിക്കുകയും, അല്ലാഹു ഹലാലാക്കിയതെല്ലാം അനുവദനീയമായി കാണുകയും, അവ പ്രവർത്തിക്കുകയും, അവൻ നിഷിദ്ധമാക്കിയതെല്ലാം ഹറാമായി കാണുകയും, അവയെല്ലാം അകറ്റിനിർത്തുകയും, അനുവദനീയമായയിൽ ഒതുങ്ങി നിൽക്കുകയും, അതിൽ കൂടുതൽ ചെയ്യാതിരിക്കുകയും ചെയ്താൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ അതു മതിയാകുമോ' എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. അതിന് മറുപടിയായി നബി -ﷺ- അതെയെന്നാണ് പറഞ്ഞത്. കാരണം തഖ്'വ (അല്ലാഹുവിനെ സൂക്ഷിക്കുക) യെന്നാൽ അവൻ കൽപ്പിച്ച കാര്യങ്ങൾ പ്രവർത്തിക്കലും, അവൻ നിഷിദ്ധമാക്കിയവ ഉപേക്ഷിക്കലുമാണ്. ഇതിൽ മാത്രം മതിയാക്കുന്നവനാണ് ഖുർആനിൽ 'മുഖ്തസ്വിദ്' (വേണ്ടതു മാത്രം ചെയ്യുന്നവൻ) എന്ന് വിശേഷിപ്പിക്കപ്പെട്ടത്. അല്ലാഹു നിർബന്ധമാക്കിയതിൽ കൂടുതലൊന്നും ചെയ്യാതിരിക്കുകയും, അവൻ നിഷിദ്ധമാക്കിയത് മാത്രം ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് അത്തരക്കാർ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * സത്യവും സന്മാർഗവും തിരിച്ചറിയാനും, അത് പിന്തുടരാനുമുള്ള സ്വഹാബികളുടെ അതീവതാൽപ്പര്യവും, സ്വർഗത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള പരിശ്രമവും.
  2. * സ്വർഗം മുഅ്മിനിൻ്റെ ലക്ഷ്യങ്ങളിൽ പെട്ടതാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു. അവൻ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നത് അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കാനും, അവൻ്റെ സ്വർഗത്തിൽ വസിക്കുന്നതിനും വേണ്ടിയാണ്.
  3. * പ്രവർത്തനങ്ങൾ സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു.
  4. * അഞ്ചു നേരത്തെ നമസ്കാരങ്ങളുടെ പ്രാധാന്യം. പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഗൗരവപ്പെട്ടതും, ശഹാദത് കലിമ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടതും നമസ്കാരമാണ്.
  5. * റമദാൻ മാസത്തിലെ നോമ്പിൻ്റെ ഗൗരവം. ഹദീഥിലെ ചോദ്യകർത്താവ് ചോദ്യം ഉന്നയിച്ച വേളയിൽ മറ്റു മതവിധികൾ അവതരിച്ചിട്ടില്ലാത്തതിനാലായിരിക്കാം അദ്ദേഹം മറ്റു ആരാധനകൾ എടുത്തു പറയാതിരുന്നത്. അതല്ലെങ്കിൽ സകാത്ത് നൽകാനുള്ള സമ്പത്ത് ഇല്ലാത്തതിനാലായിരിക്കാം അതിനെ കുറിച്ച് അന്വേഷിക്കാതിരുന്നത്.
  6. * അനുവദിക്കപ്പെട്ട കാര്യങ്ങൾ ഹലാലായി കാണുന്നതിലും, നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങൾ ഹറാമായി കാണുന്നതിലും അല്ലാഹുവിൻ്റെയും റസൂലിൻ്റെയും മാർഗരേഖയാണ് ഒരാൾ പിൻപറ്റേണ്ടതും, അതിനോടാണ് യോജിക്കേണ്ടതും. അല്ലാഹു അനുവദിച്ചു നൽകിയ കാര്യങ്ങൾ അവന് ചെയ്യാവുന്നതാണ്. അല്ലാഹു വിലക്കുകയും നിഷിദ്ധമാക്കുകയും ചെയ്ത കാര്യങ്ങൾ അവൻ അകറ്റിനിർത്തേണ്ടതുണ്ട്. എല്ലാ നിഷിദ്ധകാര്യങ്ങളും ഹറാമാണെന്ന വിശ്വാസത്തോട് കൂടി അവയെല്ലാം ഉപേക്ഷിക്കുകയാണ് വേണ്ടത്.
കൂടുതൽ