عن أبي مالك الحارث بن الأشعري رضي الله عنه قال: قال رسول الله صلى الله عليه وسلم: «الطهور شطر الإيمان، والحمد لله تملأ الميزان، وسبحان الله والحمد لله تملآن -أو تملأ- ما بين السماء والأرض، والصلاة نور، والصدقة برهان، والصبر ضياء، والقرآن حجة لك أو عليك، كل الناس يغدو: فبائعٌ نفسَه فمُعتِقُها أو مُوبِقها».
[صحيح] - [رواه مسلم]
المزيــد ...

അബൂമാലിക് ഹാരിഥു ബ്നുൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധീകരണം ഈമാനിൻ്റെ (വിശ്വാസത്തിൻ്റെ) പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വസ്തുതിയും) എന്നത് തുലാസിനെ നിറക്കുന്നതാണ്. സുബ്ഹാനല്ലാഹ് വൽഹംദുലില്ലാഹ് (അല്ലാഹു എത്ര പരിശുദ്ധൻ, അല്ലാഹുവിന് സർവ്വസ്തുതിയും), എന്നത് ആകാശത്തിൻ്റെയും ഭൂമിയുടെയും ഇടയിലുള്ളത് നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം നിനക്കുള്ള തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ തെളിവാണ്. എല്ലാ ജനങ്ങളും രാവിലെ പുറത്തിറങ്ങുന്നു; തൻ്റെ സ്വന്തത്തെ വിറ്റുക്കൊണ്ട് അവൻ അതിനെ രക്ഷപ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യുന്നു."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ശുദ്ധീകരണം ഈമാനിൻ്റെ പകുതിയാണെന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു. അറബിയിൽ ത്വുഹൂർ എന്നാൽ ശുദ്ധീകരണം എന്നും, ത്വഹൂർ എന്നാൽ ശുദ്ധീകരിക്കുന്ന വെള്ളം എന്നുമാണ് അർത്ഥം. ഇവിടെ ഉദ്ദേശം ശുദ്ധീകരണം എന്ന പ്രവൃത്തിയാണ്. ശരീരത്തിൻ്റെ ഉള്ളും പുറവും ശുദ്ധീകരിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും. ശരീരാവയവങ്ങൾ നജസുകളിൽ (മാലിന്യം) നിന്നും, അശുദ്ധികളിൽ നിന്നും അകറ്റി നിർത്തുന്നത് പോലെ, ശരീരം ബഹുദൈവാരാധനയിൽ നിന്നും ഹൃദയത്തെ ബാധിക്കുന്ന (അസൂയയും അഹങ്കാരവും പോലുള്ള) രോഗങ്ങളിൽ നിന്നും അകറ്റി നിർത്തണം. 'ഈമാനിൻ്റെ പകുതി' എന്ന് പറഞ്ഞതു കൊണ്ട് ഉദ്ദേശം നമസ്കാരത്തിൻ്റെ പകുതിയാണെന്നാണ്. കാരണം ശുദ്ധിയില്ലെങ്കിൽ നമസ്കാരം സ്വീകരിക്കപ്പെടുന്നതല്ല. ശേഷം 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും) എന്ന വാക്ക് തുലാസ് നിറക്കുന്നതാണെന്ന് നബി -ﷺ- അറിയിച്ചു. അല്ലാഹുവിൻ്റെ പൂർണ്ണതയുടെയും മഹത്വത്തിൻ്റെയും വിശേഷഗുണങ്ങൾ അവനോടുള്ള സ്നേഹവും ആദരവും നിറഞ്ഞ ഹൃദയത്തോടെ എടുത്തു പറയുന്നതിനാണ് ഹംദ് (സ്തുതി) എന്ന് പറയുക. പ്രവർത്തനങ്ങൾ തൂക്കിക്കണക്കാക്കപ്പെടുന്ന മീസാനിനെ ഹംദ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹ്' എന്ന വാക്ക് എല്ലാ ന്യൂനതകളിൽ നിന്നും സൃഷ്ടികളോട് സദൃശ്യനാവുന്നതിൽ നിന്നും അല്ലാഹു പരിശുദ്ധനാണ് എന്ന് അറിയിക്കുന്നു. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് എന്നീ വാക്കുകൾ ആകാശഭൂമികൾക്കിടയിലുള്ളതിനെ നിറക്കുന്നതാണ്. ആകാശത്തിനും ഭൂമിക്കും ഇടയിൽ അഞ്ഞൂറു വർഷത്തിൻ്റെ ദൈർഘ്യമുണ്ട്. എന്നാൽ ഈ ഒരു വാക്ക് -അല്ലെങ്കിൽ രണ്ട് വാക്കുകൾ- അവക്കിടയിലുള്ളതിനെ നിറക്കാൻ മതിയായതാണ്. കാരണം അല്ലാഹുവിൻ്റെ ഔദാര്യം യാതൊരു പരിധിയുമില്ലാത്തതാണ്. ശേഷം നബി -ﷺ- പറഞ്ഞു: "നമസ്കാരം പ്രകാശമാണ്." ഇഹലോകത്തും പരലോകത്തും അവനത് വെളിച്ചമായിരിക്കും. "ദാനധർമ്മം തെളിവാണ്." അതായത് അവൻ വിശ്വാസിയായിരുന്നു എന്നതിനുള്ള ഖണ്ഡിതമായ തെളിവാണത്. കാരണം മനുഷ്യരുടെ മനസ്സുകൾ പൊതുവെ സമ്പത്തിനോട് ഇഷ്ടമുള്ളതാണ്; എന്നാൽ സ്വേഛയോടെ ഒരാൾ തൻ്റെ സമ്പത്ത് മറ്റൊരാൾക്ക് നൽകുന്നു എന്നത് അവൻ്റെ വിശ്വാസത്തിൻ്റെ സത്യസന്ധതക്കുള്ള വ്യക്തവും ദൃഢവുമായ തെളിവാണ്. 'ക്ഷമ തെളിച്ചമാണ്." ക്ഷമയുടെ മൂന്ന് ഇനങ്ങളെയും ഉദ്ദേശിച്ചു കൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞത്. നന്മ ചെയ്യാനുള്ള ക്ഷമയും, തിന്മയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ക്ഷമയും, പ്രയാസകരമായ വിധികളിലുള്ള ക്ഷമയും ഒരു മുസ്ലിമിന് അവൻ്റെ വഴി തെളിയിച്ചു നൽകുന്ന വെളിച്ചമാണ്. "ഖുർആൻ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ തെളിവാണ്." ജിബ്രീൽ -عَلَيْهِ السَّلَامُ- മുഖേന മുഹമ്മദ് നബി -ﷺ- ക്ക് ലഭിച്ച, രണ്ട് ചട്ടകൾക്കുള്ളിൽ ക്രോഡീകരിക്കപ്പെട്ട അല്ലാഹുവിൻ്റെ സംസാരമാണ് ഖുർആൻ. ആരെങ്കിലും നമസ്കാരത്തിൽ അത് പാരായണം ചെയ്യുന്നുവെങ്കിൽ അവൻ പരമകാരുണ്ണികനായ അല്ലാഹുവിനോട് സംസാരിച്ചതു പോലെയാണ്. ഈ ഖുർആൻ ഒന്നല്ലെങ്കിൽ നിനക്ക് അനുകൂലമായ തെളിവായിരിക്കും; ഖുർആനിലുള്ളതെല്ലാം നീ വിശ്വസിക്കുകയും അതിലെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അതിലെ വിലക്കുകൾ അകറ്റിനിർത്തുകയും ചെയ്താൽ ഈ ഖുർആൻ അന്ത്യനാളിൽ നിനക്ക് അനുകൂലമായ തെളിവായിരിക്കും. എന്നാൽ നീ ഖുർആൻ പഠിക്കുകയും, അത് മനപാഠമാക്കുകയും, അത് പാരായണം ചെയ്യാതെ ഉറങ്ങിക്കളയുകയും, നമസ്കാരം നഷ്ടപ്പെടുത്തുകയും ചെയ്താൽ -അതുമല്ലെങ്കിൽ ഖുർആനിൻ്റെ കൽപ്പനകക്കും വിലക്കുകൾക്കും വിരുദ്ധം പ്രവർത്തിച്ചാൽ- അന്ത്യനാളിൽ അത് നിനക്ക് എതിരായ തെളിവായിരിക്കും. "എല്ലാ ജനങ്ങളും രാവിലെ പുറത്തിറങ്ങുന്നു" അതായത് എല്ലാ ജനങ്ങളും പകലിൽ തങ്ങളുടെ ഉപജീവനം നേടിയെടുക്കുന്നതിനായി ഭൂമിയിൽ വ്യാപിക്കുന്നു. എന്നാൽ അവരിൽ ചിലരുടെ യാത്രകൾ അവർക്ക് നന്മയായി തീരുന്നു. മറ്റു ചിലരുടെ യാത്രകൾ അവന് നാശമായി തീരുന്നു. 'തൻ്റെ സ്വന്തത്തെ വിറ്റുക്കൊണ്ട്' അതായത് സ്വന്തത്തെ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചു കൊണ്ട് ആ പ്രവർത്തനങ്ങളിലൂടെ അവൻ അല്ലാഹുവിൻ്റെ പ്രതിഫലം വാങ്ങുകയും, നരകത്തിൽ നിന്ന് രക്ഷ നേടിയെടുക്കുകയും ചെയ്യുന്നു. അതല്ലെങ്കിൽ തിന്മകളും മ്ലേഛവൃത്തികളും അതിക്രമങ്ങളും പ്രവർത്തിച്ചു കൊണ്ട് പിശാചിനെ അനുസരിക്കുകയും, തൻ്റെ സ്വന്തം ശരീരത്തെ നരകത്തിലെ ശിക്ഷയിലേക്ക് നയിക്കുകയും ചെയ്യുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * (ചുരുങ്ങിയ വാക്കുകളിൽ അനേകം ആശയങ്ങൾ ഉൾക്കൊള്ളുന്ന) 'ജവാമിഉൽ കലിമി'ൽ ഉൾപ്പെട്ട ഹദീഥാണിത്.
  2. * ഉള്ളും പുറവും ശുദ്ധീകരിക്കേണ്ടതിൻ്റെ പ്രാധാന്യം.
  3. * ദിക്ർ ചൊല്ലുന്നതിൻ്റെ ശ്രേഷ്ഠത.
  4. * വളരെ ലളിതമായ ചില വാക്കുകൾക്ക് മഹത്തരമായ പ്രതിഫലം നിശ്ചയിച്ചു എന്നത് അല്ലാഹുവിൻ്റെ കാരുണ്യമാണ്.
  5. * നമസ്കാരത്തിൻ്റെ കാര്യം ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യം. അന്ത്യനാളിലും ഇഹലോകത്തും അവന് പ്രകാശമായി നിലകൊള്ളുന്ന പ്രവർത്തനമാണത്.
  6. * ദാനധർമ്മം ഒരാളുടെ വിശ്വാസത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്നു.
  7. * വിശുദ്ധ ഖുർആനിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അതിലുള്ളതെല്ലാം സത്യപ്പെടുത്തുകയും ചെയ്യുക എന്നതിൻ്റെ പ്രാധാന്യം. ഖുർആൻ നിനക്ക് അനുകൂലമായ തെളിവാകുന്നതിന് അപ്രകാരം ചെയ്യേണ്ടതുണ്ട്.
  8. * യഥാർത്ഥ സ്വാന്തന്ത്ര്യമെന്നാൽ അല്ലാഹുവിനുള്ള ആരാധനകൾ നിർവ്വഹിച്ചു കൊണ്ടുള്ള ജീവിതമാണ്. മനുഷ്യൻ താൻ ഉദ്ദേശിക്കുന്നതെല്ലാം പ്രവർത്തിച്ചു കൊണ്ട് സ്വന്തത്തെ അഴിച്ചു വിടുക എന്നതല്ല സ്വാതന്ത്ര്യം.
  9. * എന്തെങ്കിലും -അത് നന്മയാകട്ടെ, തിന്മയാകട്ടെ- പ്രവർത്തിക്കാതെ മനുഷ്യന് തരമില്ല.
വിഭാഗങ്ങൾ
കൂടുതൽ