عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:
«الْإِيمَانُ بِضْعٌ وَسَبْعُونَ -أَوْ بِضْعٌ وَسِتُّونَ- شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ».
[صحيح] - [متفق عليه] - [صحيح مسلم: 35]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്. ലജ്ജ വിശ്വാസത്തിൻ്റെ ശാഖകളിൽ പെട്ടതാകുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 35]
ഇസ്‌ലാമിക വിശ്വാസത്തിന് അനേകം ശാഖകളും ഇനങ്ങളുമുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു. അവ പ്രവർത്തനങ്ങളും വിശ്വാസങ്ങളും വാക്കുകളുമെല്ലാം ഉൾപ്പെടുന്നതാണ്.
ഇസ്‌ലാമിക വിശ്വാസത്തിലെ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ഘടകം ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഈ വാക്കിൻ്റെ അർത്ഥം അറിഞ്ഞു കൊണ്ടും, അതിൻ്റെ ലക്ഷ്യങ്ങൾ നിറവേറ്റി കൊണ്ടുമാണ് ഈ വാക്ക് പറയേണ്ടത്. അല്ലാഹു മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ള ഒരേയൊരുവനും ഏകനായ ആരാധ്യനെന്നും, അവന് പുറമെ മറ്റാർക്കും അതിൽ യാതൊരു അർഹതയുമില്ല എന്നും അവൻ വിശ്വസിച്ചിരിക്കണം.
ജനങ്ങൾക്ക് വഴികളിൽ പ്രയാസം സൃഷ്ടിക്കുന്ന ഏതൊരു കാര്യവും എടുത്തു നീക്കലാണ് ഈമാനിൻ്റെ ഏറ്റവും താഴെയുള്ള പ്രവർത്തനം.
ലജ്ജ ഈമാനിൻ്റെ ഭാഗങ്ങളിൽ പെടുമെന്ന് നബി -ﷺ- അറിയിക്കുന്നു. ഒരാളുടെ വ്യക്തിത്വത്തിന് ഭംഗി നൽകുന്നത് മാത്രം പ്രവർത്തിക്കാനും, അവനെ മോശപ്പെടുത്തുന്ന കാര്യങ്ങൾ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന സ്വഭാവഗുണമാണ് ലജ്ജ.