عن أبي سعيد الخدري رضي الله عنه قال: سمعت رسول الله صلى الله عليه وآله وسلم يقول: «من رأى منكم منكراً فليُغيِّره بيده، فإلم يستطع فبلسانه، فإلم يستطع فبقلبه، وذلك أضعف الإيمان».
[صحيح] - [رواه مسلم]
المزيــد ...

അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ തൻ്റെ കൈ കൊണ്ട് അത് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ അവൻ്റെ നാവ് കൊണ്ട്. അതിനും സാധിച്ചില്ലെങ്കിൽ അവൻ്റെ ഹൃദയം കൊണ്ട്. അതാകുന്നു ഈമാനിൻ്റെ ഏറ്റവും ദുർബലമായ സ്ഥിതി."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യിൽ നിന്ന് നിവേദനം ചെയ്ത ഹദീഥാണ് ഇത്. അവിടുന്ന് പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ..." ഇത് എല്ലാവരെയും ഉദ്ദേശിച്ചു കൊണ്ടുള്ള അഭിസംബോധനയാണ്. പുരുഷന്മാരും സ്ത്രീകളും, കുട്ടികളും വലിയവരും, 'നിങ്ങൾ' എന്ന വാക്കിൽ ഉൾപ്പെടാവുന്ന ആരെല്ലാമുണ്ടോ അവരും അതിൽ ഉൾപ്പെടും. തിന്മ (മുൻകർ) എന്ന് പറഞ്ഞത് മോശമായ കാര്യങ്ങളാണ്. രണ്ട് രൂപത്തിൽ ഒരു കാര്യം തിന്മയാണെന്ന് തിരിച്ചറിയാം: (1) ദീനിൽ അത് വിലക്കപ്പെട്ടു കഴിഞ്ഞാൽ. (2) ബുദ്ധി കൊണ്ട് മോശമാണെന്ന് മനസ്സിലായാൽ. എന്നാൽ മതത്തിൽ വിലക്കപ്പെട്ടതായി സ്ഥിരപ്പെട്ടാൽ മാത്രമേ ഒരു കാര്യത്തിന് മേൽ ശിക്ഷയുണ്ട് എന്ന് പറയാൻ കഴിയൂ. ഈ പറഞ്ഞതിന് നേർവിപരീതമാണ് നന്മകൾ (മഅ്രൂഫ്). നന്മകളും തിന്മകളും ദേഹേഛകളുടെയോ സ്വന്തം താൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിലല്ല മനസ്സിലാക്കേണ്ടത്. തിന്മകൾ മാറ്റിത്തിരുത്താൻ ശ്രമിക്കുന്നവരുടെ ശേഷിയനുസരിച്ച് തിന്മ വിലക്കുന്നതിൻ്റെ രൂപങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടായിരിക്കും എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിശദീകരിച്ചിരിക്കുന്നു. തിന്മകൾ തിരുത്തുന്നതിൻ്റെ ഒന്നാമത്തെ പടി: അവൻ്റെ കൈ കൊണ്ട് തിരുത്തുക എന്നതാണ്. അധികാരവും ശക്തിയുമുള്ളവരാണ് കൈകൾ കൊണ്ട് തിന്മകൾ തടയേണ്ടത്. അതല്ലെങ്കിൽ യുക്തമായ രൂപത്തിൽ തിരുത്താൻ കഴിവുള്ളവനുമാകാം. എന്നാൽ തിന്മകൾ വിലക്കുന്നത് കൊണ്ട് അവൻ വിലക്കിയ തിന്മയേക്കാൾ വലിയ തിന്മയോ, അതിന് സമാനമായ തിന്മയോ സംഭവിക്കുകയില്ലെങ്കിലേ കൈ കൊണ്ട് തിരുത്താവൂ. ഇനി കൈ കൊണ്ട് തിരുത്താൻ കഴിയില്ലെങ്കിൽ തൻ്റെ നാവ് കൊണ്ട് തിന്മകൾ തിരുത്താം. വികാരം ഇളക്കിവിടുകയോ വലിയ തിന്മകളിലേക്ക് വഴിയൊരുക്കുകയോ ചെയ്യാത്ത രൂപത്തിലായിരിക്കണം നാവു കൊണ്ട് തിന്മകൾ തിരുത്തേണ്ടത്. ഒരാൾക്ക് നാവു കൊണ്ടും തിന്മ തിരുത്താൻ കഴിയില്ലെങ്കിൽ അവൻ തൻ്റെ ഹൃദയം കൊണ്ട് തിരുത്തിയാൽ മതി. അതായത് തിന്മക്കെതിരെ സംസാരിക്കുന്നത് കൊണ്ട് കൂടുതൽ ഉപദ്രവം അവൻ ഭയക്കുന്നുവെങ്കിൽ ഹൃദയം കൊണ്ട് അവൻ പ്രസ്തുത തിന്മയെ വെറുക്കുകയും അതിനോട് ദേഷ്യം പുലർത്തുകയുമാണ് വേണ്ടത്. സാധ്യമാണെങ്കിൽ തിന്മ നടക്കുന്ന സ്ഥലത്ത് നിന്ന് അകന്നു പോവുക എന്നത് ഹൃദയം കൊണ്ട് തിന്മയെ വെറുക്കുന്നതിൻ്റെ ഭാഗമാണ്. ഇതാണ് ഈമാനിൻ്റെ ഏറ്റവും ദുർബലമായ അവസ്ഥ. തിന്മ വിരോധിക്കുക എന്ന ഇസ്ലാമിലെ മഹത്തരമായ ഒരു പ്രവർത്തനത്തിൻ്റെ ഏറ്റവും താഴെയുള്ള പദവിയാണിത്. ഇതാണ് അവന് നിർവ്വഹിക്കാവുന്ന അതിൻ്റെ ഏറ്റവും ചെറിയ രൂപം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * തിന്മകൾ തിരുത്തുന്നതിൻ്റെ പദവികൾ വിശദീകരിക്കുന്ന അടിസ്ഥാനപരമായ ഹദീഥാണിത്.
  2. * തിന്മകൾ സാധ്യമായ രൂപത്തിൽ എതിർക്കുക എന്നത് നിർബന്ധമാണ്.
  3. * തിന്മകൾ തിരുത്തുന്നതിന് വേണ്ട മാർഗങ്ങൾ സ്വീകരിക്കുകയും അതിനായി പരിശ്രമിക്കുകയും വേണം.
  4. * നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഇസ്ലാമിലെ മഹത്തരമായ ഒരു ഭാഗമാണ്. ദീനിൻ്റെ നിലനിൽപ്പും കെട്ടുറപ്പും അതിലാണുള്ളത്.
  5. * തിന്മകളെ തിരുത്തുന്നതിൽ ജനങ്ങളുടെ കഴിവുകൾ വ്യത്യസ്ത രൂപത്തിലായിരിക്കും എന്നത് ഇസ്ലാമിക നിയമങ്ങളിൽ പരിഗണിക്കപ്പെട്ടിരിക്കുന്നു.
  6. * തിന്മകൾക്കുള്ള ശിക്ഷ തിരിച്ചറിയുന്നതിനുള്ള അടിസ്ഥാനം ഖുർആനും സുന്നത്തുമാണ്. ദേഹേഛകളെ പിൻപറ്റലല്ല.
  7. * ഒരാളുടെ കീഴിലുള്ളവരെയും അയാളുടെ രക്ഷാധികാരത്തിന് കീഴിലുള്ളവരെയും നേർവഴി കാണിക്കലും, അവരിൽ നിന്ന് തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്തലും ബാധ്യതയാണ്.
  8. * ഈമാൻ വ്യത്യസ്ത രൂപങ്ങളിലുണ്ട്; വാക്കും, പ്രവർത്തിയും, ഹൃദയത്തിലുള്ള ഉദ്ദേശവും അതിലുണ്ട്. ഈമാനിന് വ്യത്യസ്ത പദവികളുമുണ്ട്; അത് കൂടുകയും കുറയുകയും ചെയ്യും.
കൂടുതൽ