عن المقدام بن معدِيْكَرِب رضي الله عنه قال: قال رسول الله صلى الله عليه وسلم:
«أَلَا هَلْ عَسَى رَجُلٌ يَبْلُغُهُ الْحَدِيثُ عَنِّي وَهُوَ مُتَّكِئٌ عَلَى أَرِيكَتِهِ فَيَقُولُ: بَيْنَنَا وَبَيْنَكُمْ كِتَابُ اللهِ، فَمَا وَجَدْنَا فِيهِ حَلَالًا اسْتَحْلَلْنَاهُ، وَمَا وَجَدْنَا فِيهِ حَرَامًا حَرَّمْنَاهُ، وَإِنَّ مَا حَرَّمَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَمَا حَرَّمَ اللهُ».
[صحيح] - [رواه أبو داود والترمذي وابن ماجه] - [سنن الترمذي: 2664]
المزيــد ...
മിഖ്ദാമു ബ്‌നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഒരു ഹദീഥ് തനിക്ക് വന്നെത്തുമ്പോൾ തൻ്റെ സോഫയിൽ ചാരിയിരുന്ന്, 'ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്, അതിൽ അനുവദനീയമായി കാണുന്നതെല്ലാം നമുക്ക് അനുവദനീയമാക്കാം, അതിൽ നിഷിദ്ധമായി കാണുന്നതെല്ലാം നമുക്ക് നിഷിദ്ധമാക്കാം' എന്ന് ഒരാൾ പറയുന്ന സ്ഥിതി വരാനിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ ദൂതൻ നിഷിദ്ധമാക്കിയതെല്ലാം അല്ലാഹു നിഷിദ്ധമാക്കിയത് പോലെയാണ്."
[സ്വഹീഹ്] - - [سنن الترمذي - 2664]
ഭാവിയിൽ വരാനിരിക്കുന്ന ഒരു കാലഘട്ടത്തെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. ആ കാലഘട്ടത്തിൽ ജനങ്ങളിൽ ചിലർ തങ്ങളുടെ സോഫകളിൽ ചാരിയിരുന്ന് സുഖിക്കുമ്പോൾ നബി -ﷺ- യുടെ ഹദീഥ് അവർക്ക് കേൾപ്പിക്കപ്പെടും. അപ്പോൾ അവൻ പറയും: നമുക്കും നിങ്ങൾക്കുമിടയിൽ കാര്യങ്ങളിൽ വിധിപറയാൻ കഴിയുന്നത് വിശുദ്ധ ഖുർആനിന് മാത്രമാണ്. നമുക്ക് അത് മതി. അതിൽ അനുവദനീയമാക്കപ്പെട്ട ഹലാലുകളെല്ലാം നമുക്ക് പ്രവർത്തിക്കാം. അതിൽ നിഷിദ്ധമായ ഹറാമായി കാണുന്നതെല്ലാം നമുക്ക് അകറ്റി നിർത്തുകയും ചെയ്യാം. നബി -ﷺ- തൻ്റെ സുന്നത്തിലൂടെ നിഷിദ്ധമാക്കുകയോ ഹറാമാണെന്ന് പഠിപ്പിക്കുകയോ ചെയ്ത എല്ലാ കാര്യങ്ങളുടെയും വിധി; അല്ലാഹു അവൻ്റെ വേദഗ്രന്ഥത്തിൽ നിഷിദ്ധമാക്കിയ കാര്യങ്ങൾ പോലെത്തന്നെയാണ് എന്ന് നബി -ﷺ- വിശദീകരിച്ചു. കാരണം അല്ലാഹുവിൽ നിന്നുള്ള സന്ദേശം മനുഷ്യർക്ക് എത്തിച്ചു നൽകുന്ന ദൂതരാണ് അവിടുന്ന്.