عن عبد الله بن عمرو بن العاص -رضي الله عنهما-: أن النبي -صلى الله عليه وسلم- قال: «بلغوا عني ولو آية، وحدثوا عن بني إسرائيل ولا حرج، ومن كذب علي متعمدا فَلْيَتَبَوَّأْ مقعده من النار».
[صحيح.] - [رواه البخاري.]
المزيــد ...

അബുല്ലാഹി ബ്നു അംറി ബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങൾ എത്തിച്ചു കൊടുക്കുക. ഇസ്രാഈൽ സന്തതികളിൽ നിന്ന് നിങ്ങൾ ഉദ്ധരിച്ചു കൊള്ളുക; കുഴപ്പമില്ല. ആരെങ്കിലും എനിക്ക് മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ നരകത്തിൽ തൻ്റെ ഇരിപ്പിടം അവൻ ഉറപ്പിച്ചു കൊള്ളട്ടെ."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്]

വിശദീകരണം

ഹദീഥിൻ്റെ ഉദ്ദേശം ഇപ്രകാരമാണ്: (ഒന്ന്) എന്നിൽ നിന്ന് ഖുർആനോ സുന്നത്തോ ആയി പകർന്നു കിട്ടുന്ന വിജ്ഞാനം നിങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക. നിങ്ങൾ എത്തിച്ചു നൽകുന്നത് വളരെ കുറഞ്ഞ ഒരു കാര്യമാണെങ്കിൽ പോലും; ഉദാഹരണത്തിന് ഖുർആനിലെ ഒരു ആയത്താണെങ്കിൽ പോലും. എന്നാൽ ഈ പറഞ്ഞതിന് ഒരു നിബന്ധനയുണ്ട്; എന്നിൽ നിന്ന് എത്തിച്ചു നൽകുന്നത് കൃത്യമായി പഠിച്ചു മനസ്സിലാക്കിയ ശേഷമായിരിക്കണം. ഇപ്രകാരം വിജ്ഞാനം എത്തിച്ചു നൽകാൻ അവനല്ലാതെ മറ്റൊരാളുമില്ലെങ്കിൽ അത് അവൻ്റെ മേൽ നിർബന്ധമാകുന്നതാണ്. എന്നാൽ ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചു നൽകുകയും, അവരുടെ ദീനിൻ്റെ വിഷയങ്ങൾ ബോധ്യപ്പെടുത്തി നൽകുകയും ചെയ്യുന്ന പ്രബോധകന്മാർ അവന് പുറമെ നാട്ടിൽ ഉണ്ടെങ്കിൽ അത് അവൻ്റെ മേൽ നിർബന്ധമാകുന്നതല്ല. മറിച്ച് അത്തരം സന്ദർഭത്തിൽ അത് സുന്നത്താണ്. (രണ്ട്) ഇസ്രാഈല്യരെ (വേദക്കാർ) കുറിച്ചുള്ള യഥാർത്ഥ സംഭവങ്ങൾ പറയുന്നതിൽ നിങ്ങളുടെ മേൽ തെറ്റില്ല. ഉദാഹരണത്തിന് അവരുടെ ബലിമൃഗത്തെ കരിച്ചു കളയുന്ന അഗ്നി ആകാശത്ത് നിന്ന് ഇറങ്ങിയിരുന്നു എന്ന സംഭവം. അതല്ലെങ്കിൽ പശുക്കുട്ടിയെ ആരാധിച്ചതിൻ്റെ പേരിൽ അവർ സ്വന്തങ്ങളെ വധിച്ചു കളഞ്ഞു എന്ന കഥകൾ. അതല്ലെങ്കിൽ ഖുർആനിൽ വന്ന ചരിത്രസംഭവങ്ങളുടെ വിശദാംശങ്ങൾ അവയിലുള്ള ഗുണപാഠം മനസ്സിലാക്കുന്നതിന് വേണ്ടി പറയാം. (മൂന്ന്) ആരെങ്കിലും എൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചുവെങ്കിൽ അവൻ നരകത്തിൽ തനിക്കായി ഒരു സ്ഥാനം സ്വീകരിച്ചു കൊള്ളട്ടെ. കാരണം നബി -ﷺ- യുടെ മേൽ കളവു പറയുക എന്നത് മറ്റാരുടെയെങ്കിലും മേൽ കളവ് പറയുന്നത് പോലെയല്ല. അവിടുത്തെ മേൽ കളവു പറയുക എന്നത് അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കലാണ്. അതോടൊപ്പം അത് മതനിയമങ്ങളിൽ കളവ് നടത്തലുമാണ്; കാരണം നബി -ﷺ- യുടെ വാക്കുകൾ അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൽ പെട്ടതാണ്. അതാകട്ടെ, ദീനിൻ്റെ നിയമങ്ങളുടെ ആധാരവും. അതിനാൽ ഈ തിന്മക്കുള്ള ശിക്ഷ കൂടുതൽ കഠിനമായിരിക്കും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി
വിവർത്തനം പ്രദർശിപ്പിക്കുക
1: * അല്ലാഹുവിൻ്റെ ദീനായ ഇസ്ലാം എത്തിച്ചു നൽകൽ നിർബന്ധമാണ്. ഓരോ മനുഷ്യനും താൻ ഹൃദിസ്ഥമാക്കുകയും ഗ്രഹിക്കുകയും ചെയ്ത കാര്യം -അതെത്ര കുറവാണെങ്കിലും- എത്തിച്ചു നൽകട്ടെ.
2: * മതവിജ്ഞാനം അന്വേഷിക്കുക എന്നത് നിർബന്ധമാണ്. കാരണം അല്ലാഹുവിൻ്റെ ദീൻ എത്തിച്ചു നൽകാൻ അതിലൂടെ മാത്രമേ സാധിക്കൂ. മുസ്ലിം പൊതുസമൂഹത്തിൻ്റെ മേലുള്ള നിർബന്ധ ബാധ്യതയാണത്; അവരിൽ ചിലർ നിർവ്വഹിച്ചാൽ മറ്റുള്ളവരുടെ മേലുള്ള ബാധ്യതയും ഇല്ലാതെയാകും. എന്നാൽ അവരിൽ ഒരാളും അത് പ്രവർത്തിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും.
3: * ഇസ്രാഈല്യരുടെ (വേദക്കാർ) സംഭവകഥകളെ കുറിച്ച് സംസാരിക്കുന്നത് അനുവദനീയമാണ്. അതിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതിനും ഗുണപാഠം സ്വീകരിക്കുന്നതിനും വേണ്ടിയാണത്. എന്നാൽ കളവാണ് എന്ന് വ്യക്തമായ കഥകളായിരിക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്. സ്ഥിരപ്പെട്ടതും ഇസ്ലാമിക നിയമങ്ങളോട് അടുത്തു നിൽക്കുന്നതുമായിരിക്കണം ഇത്തരം കഥകൾ.
4: * നബി -ﷺ- യുടെ മേൽ കളവ് പറയുക എന്നത് നിഷിദ്ധമാണ്. അത് വൻപാപങ്ങളിൽ പെട്ടതാണ്.
5: * സംസാരത്തിൽ സത്യം പറയുന്നതിനും, വർത്തമാനങ്ങളിൽ സൂക്ഷ്മത പാലിക്കുന്നതിനും ഈ ഹദീഥ് പ്രേരിപ്പിക്കുന്നു. കാരണം ഇല്ലായെങ്കിൽ അത് കളവിലേക്ക് എത്തിപ്പെട്ടേക്കാം. അല്ലാഹുവിൻ്റെ ദീനിൻ്റെ കാര്യത്തിൽ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സൂക്ഷ്മവും ശരിയായതുമായ വിജ്ഞാനം ഉണ്ടായിരിക്കുക എന്നത് അതിന് ആവശ്യമാണ്.