عن أبي هريرة رضي الله عنه مرفوعاً: «كل أمتي يدخلون الجنة إلا من أَبَى». قيل: ومَنْ يَأْبَى يا رسول الله؟ قال: «من أطاعني دخل الجنة، ومن عصاني فقد أَبَى».
[صحيح] - [رواه البخاري]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്ത് മുഴുവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." (നബി -ﷺ- യോട്) ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി -ﷺ- പറഞ്ഞു: "എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കും. എന്നെ ധിക്കരിച്ചവർ വിസമ്മതിച്ചിരിക്കുന്നു."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- തൻ്റെ ഉമ്മത്തിന് നൽകിയ സന്തോഷവാർത്തയാണ് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- ഈ ഹദീഥിൽ അറിയിക്കുന്നത്. അവിടുന്ന് പറഞ്ഞു: "എൻ്റെ ഉമ്മത്ത് മുഴുവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്." ഉമ്മത്ത് എന്നത് കൊണ്ട് നബി -ﷺ- ഉദ്ദേശിക്കുന്നത് വിശ്വസിച്ച (ഉമ്മത്തുൽ ഇജാബഃ) മുസ്ലിംകളാണ്. ശേഷം അക്കൂട്ടരിൽ നിന്ന് ചിലരെ നബി -ﷺ- ഒഴിച്ചു നിർത്തി. അവിടുന്ന് പറഞ്ഞു: "വിസമ്മതിച്ചവരൊഴികെ." അതായത് സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാകുന്ന, നബി -ﷺ- യോടുള്ള അനുസരണം ഉപേക്ഷിച്ചു കൊണ്ട് ധിക്കാരം പ്രവർത്തിച്ചവർ. സ്വർഗപ്രവേശനത്തിനുള്ള ഏകവഴി നബി -ﷺ- യെ അനുസരിക്കലാണെന്നിരിക്കെ അത് ഉപേക്ഷിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കാൻ വിസമ്മതം പ്രകടിപ്പിച്ചതു പോലെയാണ്. അത്തരക്കാർക്കുള്ള ശക്തമായ ആക്ഷേപമായി കൊണ്ടാണ് അവരെ നബി -ﷺ- മാറ്റിനിർത്തിയത്. "വിസമ്മതിച്ചവർ" എന്നത് കൊണ്ടുള്ള ഉദ്ദേശം നബി -ﷺ- യിൽ വിശ്വസിക്കാത്ത, ഉമ്മതുദ്ദഅ്വഃ (ഇസ്ലാം സ്വീകരിക്കാത്തവർ) ആണ് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി -ﷺ- യുടെ ക്ഷണം സ്വീകരിക്കാതെ വിസമ്മതിച്ചു നിലകൊണ്ടവരാണ് അവർ. അപ്പോൾ മഹാന്മാരായ സ്വഹാബികൾ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?!" നബി -ﷺ- യുടെ മറുപടി: "എന്നെ അനുസരിച്ചവർ -അതായത് ഞാൻ കൊണ്ടുവന്ന ഇസ്ലാമിന് കീഴൊതുങ്ങുകയും അത് ഉൾക്കൊള്ളുകയും ചെയ്തവർ- "അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്." എന്നാൽ എന്നെ സത്യപ്പെടുത്താതെയോ, ഞാൻ വിലക്കിയ കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടോ "എന്നെ ധിക്കരിച്ചവർ, അവർ വിസമ്മതിച്ചിരിക്കുന്നു." അതായത് അവർക്ക് നബി -ﷺ- യെ ധിക്കരിച്ചതിനാൽ മോശം പര്യവസാനമാണ് ഉണ്ടായിരിക്കുക. അതിനാൽ ഒരാൾ ഇസ്ലാം സ്വീകരിക്കാതെ വിസമ്മതിച്ചാൽ അവൻ തീർത്തും സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുന്നതാണ്. എന്നാൽ ഒരാൾ മുസ്ലിമായിരിക്കുകയും, (നബി -ﷺ- യെ ധിക്കരിക്കുകയുമാണെങ്കിൽ) അവൻ നരകത്തിലെ അഗ്നിയാൽ തിന്മകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് വരെ സ്വർഗത്തിൽ പ്രവേശിക്കുന്നതല്ല. ചിലപ്പോൾ എല്ലാ തിന്മകളും ചെയ്തു കൂട്ടിയിട്ടുണ്ടെങ്കിലും അല്ലാഹു അവന് തീർത്തും വിട്ടുപൊറുത്തു നൽകുകയും, അതിനാൽ അവൻ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്തേക്കാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * അല്ലാഹു അവൻ്റെ അടിമകളെ സൃഷ്ടിച്ചത് അവരോട് കരുണ ചൊരിയുന്നതിനും, അവൻ്റെ കാരുണ്യത്തിൻ്റെ ഭവനമായ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതിനുമാണ്.
  2. * നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള സന്ദേശം എത്തിച്ചു നൽകുന്ന വ്യക്തി മാത്രമാണ്.
  3. * ആരെങ്കിലും നബി -ﷺ- യെ ധിക്കരിച്ചാൽ അവൻ അല്ലാഹുവിൻ്റെ കാരുണ്യത്തെ തള്ളിക്കളഞ്ഞിരിക്കുന്നു.
  4. * അല്ലാഹുവിനോടും റസൂലിനോടും എതിരാകുന്നത് നരകശിക്ഷക്ക് കാരണമാകും.
  5. * ഇഹലോകത്തും പരലോകത്തുമുള്ള വിജയത്തിൻ്റെ അടിസ്ഥാനം നബി -ﷺ- യുടെ മാർഗം പിൻപറ്റുക എന്നതാണ്.
  6. * ഈ ഉമ്മത്തിൽ നിന്നും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ അനുസരിച്ചു ജീവിച്ചവർക്കുള്ള മഹത്തായ സന്തോഷവാർത്ത ഈ ഹദീസ് ഉൾക്കൊള്ളുന്നു. അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുകയും, തൻ്റെ ദേഹേഛകളെയും തോന്നിവാസങ്ങളെയും പിൻപറ്റുകയും ചെയ്തവരൊഴികെ മറ്റെല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.
കൂടുതൽ