عن أَنَسَ بْنَ مَالِكٍ رضي الله عنه قال:
بينما نحن جلوس مع النبي صلى الله عليه وسلم في المسجد دخل رجل على جمل، فأناخه في المسجد ثم عقله، ثم قال لهم: أيكم محمد؟ والنبي صلى الله عليه وسلم متكئ بين ظهرانيهم، فقلنا: هذا الرجل الأبيض المتكئ. فقال له الرجل: يا ابن عبد المطلب فقال له النبي صلى الله عليه وسلم: «قد أجبتك». فقال الرجل للنبي صلى الله عليه وسلم: إني سائلك فمشدد عليك في المسألة، فلا تجد علي في نفسك؟ فقال: «سل عما بدا لك» فقال: أسألك بربك ورب من قبلك، آلله أرسلك إلى الناس كلهم؟ فقال: «اللهم نعم». قال: أنشدك بالله، آلله أمرك أن نصلي الصلوات الخمس في اليوم والليلة؟ قال: «اللهم نعم». قال: أنشدك بالله، آلله أمرك أن نصوم هذا الشهر من السنة؟ قال: «اللهم نعم». قال: أنشدك بالله، آلله أمرك أن تأخذ هذه الصدقة من أغنيائنا فتقسمها على فقرائنا؟ فقال النبي صلى الله عليه وسلم: «اللهم نعم». فقال الرجل: آمنت بما جئت به، وأنا رسول من ورائي من قومي، وأنا ضمام بن ثعلبة أخو بني سعد بن بكر.
[صحيح] - [متفق عليه] - [صحيح البخاري: 63]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞങ്ങൾ നബി -ﷺ- യോടൊപ്പം മസ്ജിദിൽ ഇരിക്കുന്ന വേളയിൽ ഒട്ടകപ്പുറത്ത് ഒരാൾ അവിടേക്ക് കയറിവന്നു. തൻ്റെ ഒട്ടകത്തെ മസ്ജിദിൽ മുട്ടുകുത്തിച്ച ശേഷം അയാൾ അതിനെ കെട്ടിയിട്ടു. എന്നിട്ട് സ്വഹാബികളോട് ചോദിച്ചു: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" നബി -ﷺ- അവർക്കിടയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പറഞ്ഞു: "ആ ചാരിയിരിക്കുന്ന, വെളുത്ത വ്യക്തിയാണ്." അപ്പോൾ അയാൾ നബി -ﷺ- യോട് പറഞ്ഞു: "അബ്ദുൽ മുത്വലിബിൻ്റെ മകനേ!" നബി -ﷺ- അയാളോട് പറഞ്ഞു: "ഞാനിവിടെയുണ്ട്." അയാൾ പറഞ്ഞു: "ഞാൻ താങ്കളോട് ചിലത് ചോദിക്കുന്നതാണ്. ചോദ്യങ്ങളിൽ ഞാൻ താങ്കളോട് പരുഷത പുലർത്തുന്നതാണ്; അതിനാൽ താങ്കളുടെ മനസ്സിൽ എന്നോടൊന്നും തോന്നരുത്." നബി -ﷺ- പറഞ്ഞു: "താങ്കൾക്ക് വേണ്ടത് ചോദിച്ചു കൊള്ളുക." അയാൾ പറഞ്ഞു: "താങ്കളുടെ രക്ഷിതാവിനെയും താങ്കൾക്ക് മുൻപുള്ളവരുടെ രക്ഷിതാവിനെയും മുൻനിർത്തി ഞാൻ ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ താങ്കളെ ജനങ്ങളിലേക്ക് മുഴുവനായി അയച്ചത്?" അവിടുന്ന് പറഞ്ഞു: "സംശയം വേണ്ട; അതെ!" അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ രാവിലെയും രാത്രിയുമായി അഞ്ചു നേരം നമസ്കരിക്കണമെന്ന് ഞങ്ങളോട് കൽപ്പിക്കാൻ താങ്കളോട് പറഞ്ഞത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ ഈ മാസത്തിൽ (റമദാനിൽ) ഞങ്ങൾ നോമ്പ് നോൽക്കണമെന്ന് കൽപ്പിക്കാൻ താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ പേരിൽ ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹു തന്നെയാണോ ഞങ്ങളിലെ ധനികരിൽ നിന്ന് ഈ (സകാത്ത് എന്ന) ദാനധർമ്മം പിടിച്ചെടുക്കാനും ഞങ്ങളിലെ ദരിദ്രർക്കിടയിൽ വീതംവെക്കാനും താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- പറഞ്ഞു: "സംശയം വേണ്ട; അതെ!" അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "താങ്കൾ കൊണ്ടുവന്നതിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു. എനിക്ക് പിറകിലുള്ള എൻ്റെ ജനങ്ങളിലേക്കുള്ള ദൂതനായിരിക്കും ഞാൻ. ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 63]
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- പറയുന്നു. ഒരിക്കൽ സ്വഹാബികൾ നബി -ﷺ- യോടൊപ്പം പള്ളിയിൽ ഇരിക്കുന്ന വേളയിൽ ഒരാൾ തൻ്റെ ഒട്ടകപ്പുറത്തേറി അവിടേക്ക് വന്നു. തൻ്റെ ഒട്ടകത്തെ മുട്ടുകുത്തിച്ച ശേഷം അതിനെ കെട്ടിയിട്ടു. ശേഷം ആഗതൻ അവരോട് ചോദിച്ചു: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" നബി -ﷺ- അവർക്കിടയിൽ ചാരിയിരിക്കുന്നുണ്ടായിരുന്നു. സ്വഹാബികൾ പറഞ്ഞു: "ആ ചാരിയിരിക്കുന്ന, വെളുത്ത മനുഷ്യനാണ്." അപ്പോൾ ആഗതൻ പറഞ്ഞു: "ഹേ അബ്ദുൽ മുത്വലിബിൻ്റെ മകനേ!" നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നിൻ്റെ വിളി ഞാൻ കേട്ടിരിക്കുന്നു. ചോദിച്ചോളൂ; ഞാൻ ഉത്തരം നൽകാം." അപ്പോൾ ആഗതൻ നബി -ﷺ- യോട് പറഞ്ഞു: "ഞാൻ താങ്കളോട് ചോദിക്കുകയും, എൻ്റെ ചോദ്യങ്ങളിൽ കടുപ്പം പുലർത്തുകയും ചെയ്യുന്നതാണ്. എന്നാൽ അതിൻ്റെ പേരിൽ താങ്കൾക്ക് എന്നോട് പ്രയാസം തോന്നരുത്." എന്നോട് ദേഷ്യം പിടിക്കുകയോ, താങ്കൾക്ക് ഉത്തരം നൽകാൻ മടിയുണ്ടാവുകയോ ചെയ്യരുത് എന്നർത്ഥം. നബി -ﷺ- പറഞ്ഞു: "താങ്കൾ ഉദ്ദേശിക്കുന്നത് ചോദിച്ചോളൂ." നബി -ﷺ- പറഞ്ഞു: "താങ്കളുടെ രക്ഷിതാവും, താങ്കൾക്ക് മുൻപുള്ളവരുടെ രക്ഷിതാവുമായ അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കുന്നു: അല്ലാഹു തന്നെയാണോ താങ്കളെ ജനങ്ങളിലേക്ക് നിയോഗിച്ചത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ! അതെ." തൻ്റെ സത്യസന്ധത ഊന്നിപ്പറയുന്നതിന് വേണ്ടിയാണ് അവിടുന്ന് 'അല്ലാഹുമ്മ' എന്ന് മറുപടിയിൽ പറഞ്ഞത്. ആഗതൻ ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ താങ്കളോട് ചോദിക്കട്ടെ; അല്ലാഹുവാണോ താങ്കളോട് കൽപ്പിച്ചത്; ഞങ്ങൾ രാവിലെയും രാത്രിയിലുമായി അഞ്ചു നേരം നമസ്കരിക്കണമെന്ന്?" നിർബന്ധ നമസ്കാരങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം. നബി -ﷺ- ആവർത്തിച്ചു: "അല്ലാഹുവാണെ! അതെ." അദ്ദേഹം ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കട്ടെ; അല്ലാഹുവാണോ ഈ മാസം -അതായത് റമദാനിൽ- ഞങ്ങൾ നോമ്പെടുക്കണമെന്ന് താങ്കളോട് കൽപ്പിച്ചത്?" നബി -ﷺ- ആവർത്തിച്ചു: "അല്ലാഹുവാണെ! അതെ." അദ്ദേഹം ചോദിച്ചു: "അല്ലാഹുവിനെ മുൻനിർത്തി കൊണ്ട് ഞാൻ ചോദിക്കട്ടെ; ഈ ദാനധർമ്മം ഞങ്ങളിലെ ധനികരിൽ നിന്ന് പിടിച്ചെടുക്കുകയും ഞങ്ങളിലെ ദരിദ്രരിൽ വിതരണം ചെയ്യുകയും ചെയ്യാൻ താങ്കളോട് കൽപ്പിച്ചത് അല്ലാഹുവാണോ ?" സകാത്താണ് ഉദ്ദേശ്യം. നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണെ! അതെ." ഇത് കേട്ടപ്പോൾ ആഗതൻ ഇസ്‌ലാം സ്വീകരിച്ചു. ബനൂ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ് താനെന്ന് നബി -ﷺ- യോട് അദ്ദേഹം വെളിപ്പെടുത്തി.