عن سعد بن أبي وقاص –رضي الله عنه- مرفوعاً: "إنَّ اللهَ يُحبُّ العَبدَ التقيَّ الغنيَّ الخفيَّ".
[صحيح] - [رواه مسلم]
المزيــد ...

സഅ്ദ് ബ്നു അബീ വഖാസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ധർമ്മനിഷ്ഠയുള്ളവനും, (ജനങ്ങളോട് ചോദിക്കാതെ) ധന്യത പുലർത്തുന്നവനും, (ജനങ്ങൾക്കിടയിൽ) അറിയപ്പെടാത്തവനുമായ അടിമയെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നു."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹു ഇഷ്ടപ്പെടുന്ന ഒരു ദാസന്റെ വിശേഷണങ്ങൾ എന്തെല്ലാമാണെന്ന് നബി -ﷺ- വിവരിക്കുന്നു. 'ധർമ്മനിഷ്ഠയുള്ളവൻ' എന്നാൽ അല്ലാഹുവിനെ സൂക്ഷിക്കുകയും, അവന്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവന്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നവനാണ്. നിർബന്ധകാര്യങ്ങൾ അവൻ പ്രവർത്തിക്കുകയും, നിഷിദ്ധങ്ങൾ അവൻ ഉപേക്ഷിക്കുകയും ചെയ്യുന്നു. 'ധന്യത പുലർത്തുന്നവൻ' എന്നത് കൊണ്ടുള്ള ഉദ്ദേശം അവൻ അല്ലാഹുവിനെ കൊണ്ട് ജനങ്ങളിൽ നിന്ന് ധന്യത പുലർത്തിയിരിക്കുന്നു എന്നാണ്. ജനങ്ങളോട് അവൻ ആവശ്യങ്ങൾ ചോദിച്ചു വാങ്ങുകയോ, അവരുടെ മുൻപിൽ താഴ്മയോടെ തന്റെ കാര്യങ്ങൾ അവതരിപ്പിക്കുകയോ ഇല്ല. മറിച്ച്, അവൻ ജനങ്ങളിൽ നിന്ന് തന്റെ രക്ഷിതാവിന്റെ അടുക്കൽ ധന്യത തേടിയിരിക്കുന്നു. അല്ലാഹുവല്ലാത്ത ഒരാളിലേക്കും അവൻ തിരിഞ്ഞു നോക്കുന്നേയില്ല. 'അറിയപ്പെടാത്തവനായി കഴിയുക' എന്നത് കൊണ്ടുള്ള ഉദ്ദേശം അവൻ പ്രകടനപരതക്ക് ശ്രമിക്കാത്തവനാണ് എന്നാണ്. ജനങ്ങൾക്കിടയിൽ അറിയപ്പെടണം എന്നോ, തന്നിലേക്ക് ആളുകൾ വിരൽ ചൂണ്ടണമെന്നോ, തന്നെ കുറിച്ച് അവർ സംസാരിച്ചു കൊണ്ടിരിക്കണമെന്നോ ആഗ്രഹിക്കാത്തവരാണ് അത്തരക്കാർ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ജനങ്ങൾ മോശമാവുകയും, കുഴപ്പം ഭയപ്പെടുകയും ചെയ്യുന്ന വേളയിൽ അല്ലാഹുവിനെ അനുസരിക്കുന്നതിൽ മുറുകെ പിടിച്ചു കൊണ്ട് ജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നവനുള്ള ശ്രേഷ്ഠത.
  2. * അല്ലാഹു തന്റെ അടിമകളെ സ്നേഹിക്കാൻ കാരണമാകുന്ന ചില വിശേഷണങ്ങൾ. ധർമ്മനിഷ്ഠ, വിനയം, അല്ലാഹു നൽകിയതിൽ തൃപ്തിയടയുക എന്നിവയാണവ.
  3. * സ്നേഹം എന്ന വിശേഷണം അല്ലാഹുവിനുള്ളതായി ഈ ഹദീഥ് സ്ഥിരപ്പെടുത്തുന്നു. അല്ലാഹുവിന് യോജിച്ച രൂപത്തിൽ അക്കാര്യം അംഗീകരിക്കണം. അല്ലാഹു അവനെ അനുസരിക്കുന്ന ദാസന്മാരെ സ്നേഹിക്കുന്നവനാണ്.
കൂടുതൽ