عن ابن مسعود رضي الله عنه قال: قال النبي صلى الله عليه وسلم : «الجنة أقرب إلى أحدكُم من شِرَاكِ نَعْلِه، والنار مِثلُ ذلك».
[صحيح] - [رواه البخاري]
المزيــد ...

ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗം നിങ്ങളിൽ ഓരോരുത്തരുടെയും ചെരുപ്പിൻ്റെ വാറിനേക്കാൾ അടുത്താണ്. നരകവും അതു പോലെ തന്നെ."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

സ്വർഗവും നരകവും മനുഷ്യൻ്റെ കാൽപ്പാദത്തിന് മുകളിലെ ചെരുപ്പിൻ്റെ വാറിനെ പോലെ സമീപസ്ഥമാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. മനുഷ്യനോട് വളരെ അടുത്താണല്ലോ അവൻ്റെ ചെരുപ്പിൻ്റെ വാറുണ്ടായിരിക്കുക. മനുഷ്യൻ ചിലപ്പോൾ അല്ലാഹുവിൻ്റെ തൃപ്തിക്ക് കാരണമാകുന്ന ഒരു സൽകർമ്മം പ്രവർത്തിക്കുകയും, അത് അവനെ സ്വർഗീയ സുഖാനുഗ്രഹങ്ങളിലേക്ക് എത്തിക്കുകയും ചെയ്തേക്കാം; അവനാകട്ടെ, അത് ഇത്ര വലിയ പദവിയിൽ എത്തുമെന്ന് വിചാരിച്ചിട്ടുമുണ്ടാകില്ല. മറ്റു ചിലപ്പോൾ അവൻ ഒരു തിന്മ പ്രവർത്തിച്ചേക്കാം; അവനതിന് യാതൊരു പ്രാധാന്യവും കൽപ്പിച്ചിട്ടുണ്ടായിരിക്കില്ല. എന്നാൽ അത് അല്ലാഹുവിൻ്റെ കോപത്തിന് കാരണമാവുകയും, അവനെ അത് ധാരാളക്കണക്കിന് വർഷങ്ങൾ വഴിദൂരം നരകത്തിൻ്റെ ആഴത്തിലേക്ക് ആപതിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ അവനാകട്ടെ, ആ തിന്മയുടെ ഗൗരവം മനസ്സിലാക്കിയിട്ടും ഉണ്ടായിരിക്കുകയില്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * സൽകർമ്മങ്ങൾ സ്വർഗത്തിലേക്ക് എത്തിക്കുന്നതാണ്. ദുഷ്കർമ്മങ്ങൾ നരകത്തിലേക്കും കൊണ്ടുചെന്നെത്തിക്കുന്നതാണ്.
  2. * ഉദ്ദേശം ശരിയാവുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തുവെങ്കിൽ സ്വർഗം നേടുക എന്നത് എളുപ്പമാണ്.
  3. * നന്മയും തിന്മയും ചിലപ്പോൾ വളരെ എളുപ്പമുള്ള കാര്യങ്ങളിലായിരിക്കും ഉണ്ടാവുക. അതിനാൽ എത്ര കുറഞ്ഞ നന്മയാണെങ്കിലും അത് പ്രവർത്തിക്കുന്നതിൽ വിരക്തി കാണിക്കരുത്. എത്ര ചെറിയ തിന്മയാണെങ്കിലും അത് ഉപേക്ഷിക്കുന്നതിൽ അലസത പുലർത്തരുത്.
  4. * നന്മകൾ -അതെത്ര കുറവാണെങ്കിലും - പ്രവർത്തിക്കാനുള്ള പ്രേരണയും, തിന്മകൾ - അതെത്ര കുറവാണെങ്കിലും - ഉപേക്ഷിക്കാനുള്ള താക്കീതും ഈ ഹദീഥ് ഉൾക്കൊള്ളുന്നു.
  5. * കേൾക്കുന്നവർക്ക് കാര്യം മനസ്സിലാകുന്നതിന് വേണ്ടി ഉദാഹരണങ്ങൾ വിവരിക്കുക എന്ന രീതി ഈ ഹദീഥിലുണ്ട്.
കൂടുതൽ