عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: «حُجِبت النار بالشهوات، وحُجبت الجنة بالمَكَاره»متفق عليه وهذا لفظ البخاري. وفي رواية لهما: «حُفَّت» بدل «حُجِبت».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നരകം ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വർഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഹദീഥിൻ്റെ ആശയം ഇപ്രകാരമാണ്: സ്വർഗത്തിലേക്ക് എത്തിക്കുന്ന വഴി മനുഷ്യൻ പൊതുവെ വെറുക്കുന്ന കാര്യങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. കാരണം പൊതുവെ മനുഷ്യമനസ്സ് ആസ്വാദനമാണ് ആഗ്രഹിക്കുന്നത്. നരകവും ഇതു പോലെ തന്നെ; തിന്മകൾ പ്രവർത്തിച്ചു കൊണ്ടും, നന്മകൾ ഉപേക്ഷിച്ചു കൊണ്ടും തനിക്കും നരകത്തിനും ഇടയിലുള്ള മറ പിച്ചിച്ചീന്തുന്നവനല്ലാതെ അതിൽ പ്രവേശിക്കുകയില്ല. ആരെങ്കിലും മറ നീക്കിയാൽ മറയുടെ അപ്പുറത്തുള്ളതിലേക്ക് അവൻ എത്തുന്നതാണ്. സ്വർഗത്തിൻ്റെ മറ നീക്കേണ്ടത് മനസ്സിന് താല്പര്യമില്ലാത്തത് പ്രവർത്തിച്ചു കൊണ്ടും, നരകത്തിൻ്റെ മറ നീങ്ങുക മനസ്സിൻ്റെ താല്പര്യങ്ങൾ ചെയ്തു കൂട്ടിയാലുമാണ്. ഇബാദത്തുകൾ പ്രവർത്തിക്കുന്നതിനുള്ള ശ്രമവും, അത് തുടർന്നു കൊണ്ടു പോകാനുള്ള പരിശ്രമവും, അതിൻ്റെ പേരിലുള്ള പ്രയാസങ്ങളിൽ ക്ഷമിക്കുന്നതും, ദേഷ്യം പിടിച്ചു വെക്കുന്നതും, മാപ്പു നൽകുന്നതും, പൊറുത്തു കൊടുക്കുന്നതും, ദാനം നൽകുന്നതും, ഉപദ്രവിച്ചവരോട് നന്മയിൽ വർത്തിക്കുന്നതും, തിന്മകളിൽ നിന്ന് ക്ഷമയോടെ പിടിച്ചു നിൽക്കുന്നതുമെല്ലാം പൊതുവെ മനുഷ്യന് വെറുക്കപ്പെട്ട കാര്യങ്ങളിൽ പെടും. ഉദാഹരണത്തിന് നമസ്കാരം കൃത്യമായി പാലിക്കുക എന്നത് മനസ്സ് ചിലപ്പോൾ വെറുത്തേക്കാം. കാരണം അതിന് ചില പരിശ്രമങ്ങൾ വേണ്ടതുണ്ട്. മനസ്സ് ആഗ്രഹിക്കുന്ന ഐഹിക സുഖങ്ങൾ ചിലപ്പോൾ ഒഴിവാക്കേണ്ടി വരും. ഇതു പോലെ തന്നെ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം മനസ്സിന് അനിഷ്ടകരമായിരിക്കാം. സമ്പത്ത് ദാനം ചെയ്യുന്നതും അതു പോലെ തന്നെ; കാരണം മനുഷ്യമനസ്സിൻ്റെ പ്രകൃതത്തിൽ പെട്ടതാണ് സമ്പത്തിനോടുള്ള ഇഷ്ടം. മനുഷ്യൻ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും തൻ്റെ ദേഹേഛയെ തകർക്കുകയും, അവൻ്റെ മനസ്സ് ആഗ്രഹിക്കുന്നതിന് എതിരുനിൽക്കുകയും ചെയ്താൽ അത് സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് അകലാനുമുള്ള കാരണമായി തീരുന്നതാണ്. എന്നാൽ നരകം മൂടപ്പെട്ടിരിക്കുന്ന ദേഹേഛകളുടെ കാര്യം നേരെ തിരിച്ചാണ്. മദ്യപാനവും വ്യഭിചാരവും അന്യസ്ത്രീകളെ നോക്കലും, പരദൂഷണം പറയലും, വിനോദങ്ങളിലും മുഴുകലും പോലുള്ള, നിഷിദ്ധമായ ദേഹേഛകളാണ് ഇവിടെയുള്ള ഉദ്ദേശം എന്നാണ് ഹദീഥിൻ്റെ ബാഹ്യാർത്ഥം സൂചിപ്പിക്കുന്നത്. എന്നാൽ (ഭക്ഷണം കഴിക്കുക, ഉറങ്ങുക പോലുള്ള) അനുവദിക്കപ്പെട്ട ദേഹേഛകളുണ്ട്; അവ ഈ ഹദീഥിൽ ഉദ്ദേശിക്കപ്പെടുന്നില്ല. അത്തരം കാര്യങ്ങൾ അധികരിപ്പിക്കുന്നത് വെറുക്കപ്പെട്ടതാണ്. കാരണം അത് പിന്നീട് നിഷിദ്ധ പ്രവൃത്തിയിലേക്ക് നയിക്കുകയും, ഹൃദയത്തിൻ്റെ കാഠിന്യം വർദ്ധിപ്പിക്കുകയും, നന്മകളിൽ നിന്ന് അശ്രദ്ധയുണ്ടാക്കുകയും ചെയ്തേക്കാം. അല്ലെങ്കിൽ ദുനിയാവ് കൂടുതൽ വാരിക്കൂട്ടുന്നതിലേക്ക് അത്തരം കാര്യങ്ങൾ എത്തിച്ചേക്കാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * തിന്മകളിൽ വീണു പോകാനുള്ള കാരണം പിശാചാണ്. അവൻ തിന്മകളെയും വൃത്തികേടുകളെയും ഭംഗിയുള്ളതാക്കി തോന്നിപ്പിക്കുന്നു. അതോടെ മനസ്സ് അത് നല്ലതായി കാണുകയും, അതിലേക്ക് ചാഞ്ഞു പോവുകയും ചെയ്യുന്നു.
  2. * ധാരാളം നന്മകളുള്ളതാണെങ്കിലും മനസ്സ് ചിലപ്പോൾ ചില കാര്യങ്ങൾ വെറുത്തേക്കാം. അല്ലാഹു പറയുന്നു: "യുദ്ധം ചെയ്യാൻ നിങ്ങൾക്കിതാ നിർബന്ധ കൽപന നൽകപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങൾക്ക് അനിഷ്ടകരമാകുന്നു. എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർത്ഥത്തിൽ) അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാർത്ഥത്തിൽ) നിങ്ങൾക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല."
  3. * മനുഷ്യ മനസ്സിൻ്റെ താൽപര്യങ്ങൾക്ക് എതിരെ നിൽക്കാനും, അതിൻ്റെ ആഗ്രഹങ്ങളിൽ നിന്ന് അതിനെ വേർപെടുത്താനും, അവ ശീലമായി പോകാതിരിക്കാനുമുള്ള കടുത്ത പരിശ്രമം നിർബന്ധമായും വേണ്ടതുണ്ട്.
  4. * സ്വർഗവും നരകവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവ ഇപ്പോൾ നിലവിലുണ്ട് എന്ന് ഈ ഹദീഥ് സൂചിപ്പിക്കുന്നു.
കൂടുതൽ