+ -

عَنْ حَكِيمِ بْنِ حِزَامٍ رَضِيَ اللَّهُ عَنْهُ قَالَ:
سَأَلْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَأَعْطَانِي، ثُمَّ سَأَلْتُهُ فَأَعْطَانِي، ثُمَّ قَالَ لِي: «يَا حَكِيمُ، إِنَّ هَذَا المَالَ خَضِرٌ حُلْوٌ، فَمَنْ أَخَذَهُ بِسَخَاوَةِ نَفْسٍ، بُورِكَ لَهُ فِيهِ، وَمَنْ أَخَذَهُ بِإِشْرَافِ نَفْسٍ لَمْ يُبَارَكْ لَهُ فِيهِ، وَكَانَ كَالَّذِي يَأْكُلُ وَلاَ يَشْبَعُ، وَاليَدُ العُلْيَا خَيْرٌ مِنَ اليَدِ السُّفْلَى»، قَالَ حَكِيمٌ: فَقُلْتُ: يَا رَسُولَ اللَّهِ، وَالَّذِي بَعَثَكَ بِالحَقِّ لاَ أَرْزَأُ أَحَدًا بَعْدَكَ شَيْئًا حَتَّى أُفَارِقَ الدُّنْيَا، فَكَانَ أَبُو بَكْرٍ يَدْعُو حَكِيمًا لِيُعْطِيَهُ العَطَاءَ، فَيَأْبَى أَنْ يَقْبَلَ مِنْهُ شَيْئًا، ثُمَّ إِنَّ عُمَرَ دَعَاهُ لِيُعْطِيَهُ، فَيَأْبَى أَنْ يَقْبَلَهُ، فَقَالَ: يَا مَعْشَرَ المُسْلِمِينَ، إِنِّي أَعْرِضُ عَلَيْهِ حَقَّهُ الَّذِي قَسَمَ اللَّهُ لَهُ مِنْ هَذَا الفَيْءِ، فَيَأْبَى أَنْ يَأْخُذَهُ. فَلَمْ يَرْزَأْ حَكِيمٌ أَحَدًا مِنَ النَّاسِ بَعْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ حَتَّى تُوُفِّيَ رَحِمَهُ اللَّهُ.

[صحيح] - [متفق عليه] - [صحيح البخاري: 2750]
المزيــد ...

ഹകീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- നിവേദനം:
അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഞാൻ എൻ്റെ ആവശ്യം ചോദിച്ചപ്പോൾ അവിടുന്ന് എനിക്ക് നൽകി; വീണ്ടും ചോദിച്ചപ്പോൾ അവിടുന്ന് വീണ്ടും എനിക്ക് നൽകി. ശേഷം എന്നോട് പറഞ്ഞു: "ഹേ ഹകീം! ഈ സമ്പത്ത് പച്ചപ്പുള്ളതും മധുരമേറിയതുമാണ്. ആരെങ്കിലും മഹാമനസ്കതയോടെ അത് കൈപ്പറ്റിയാൽ അവന് അതിൽ ബറകത്ത് (അനുഗ്രഹം) നൽകപ്പെടുന്നതാണ്. ആരെങ്കിലും അത്യാഗ്രഹത്തോടെയാണ് അത് എടുക്കുന്നത് എങ്കിൽ അവന് അതിൽ ബറകത്ത് നൽകപ്പെടുന്നതുമല്ല. ഭക്ഷിച്ചു കൊണ്ടിരിക്കുന്നെങ്കിലും വയറ് നിറയാത്ത ഒരുവനെ പോലെയായിരിക്കും അയാൾ. മുകളിലുള്ള കൈയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം." ഞാൻ (ഹകീം) ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ സത്യമാർഗവുമായി നിയോഗിച്ചവൻ തന്നെ സത്യം! ഈ ലോകത്തോട് വിടപറയുന്നതു വരെ -താങ്കൾക്ക് ശേഷം- ഒരാളിൽ നിന്നും ഞാൻ യാതൊന്നും കൈപ്പറ്റുകയില്ല." പിന്നീട് അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഹകീമിന് (അർഹതപ്പെട്ട പണം) നൽകാൻ വേണ്ടി വിളിപ്പിക്കുകയും, അദ്ദേഹം എന്തെങ്കിലുമൊന്ന് അബൂബക്റിൽ നിന്ന് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഉമർ -رَضِيَ اللَّهُ عَنْهُ- ഹകീമിന് നൽകാൻ വേണ്ടി അദ്ദേഹത്തെ വിളിപ്പിച്ചപ്പോഴും അദ്ദേഹം എന്തെങ്കിലുമൊന്ന് സ്വീകരിക്കാൻ തയ്യാറായില്ല. അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഹേ മുസ്‌ലിംകളേ! ഈ യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് അല്ലാഹു അദ്ദേഹത്തിന് വീതം വെച്ചു നൽകിയ, അദ്ദേഹത്തിന് അർഹതപ്പെട്ട സ്വത്ത് ഞാൻ അദ്ദേഹത്തിൻ്റെ മുൻപിൽ വെച്ചിരിക്കുന്നു. എന്നാൽ അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായിട്ടില്ല." നബി -ﷺ- ക്ക് ശേഷം ഹകീം അദ്ദേഹം മരണപ്പെടുന്നത് വരെ ജനങ്ങളിൽ ഒരാളിൽ നിന്നും എന്തെങ്കിലുമൊന്ന് കൈപ്പറ്റുകയുണ്ടായിട്ടില്ല.

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2750]

വിശദീകരണം

ഹകീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- ചില ഭൗതിക സഹായങ്ങൾ നബി -ﷺ- യോട് ചോദിച്ചപ്പോൾ അവിടുന്ന് അദ്ദേഹത്തിന് അത് നൽകി; വീണ്ടും അദ്ദേഹം ചോദിച്ചപ്പോൾ നബി -ﷺ- വീണ്ടും അദ്ദേഹത്തിന് ശേഷം. ശേഷം അവിടുന്ന് പറഞ്ഞു: ഹേ ഹകീം! ഈ സമ്പത്ത് എന്നത് മനുഷ്യർക്ക് താൽപ്പര്യവും ആഗ്രഹവുമുള്ള കാര്യമാണ്. ആരെങ്കിലും ആവർത്തിച്ചുള്ള ചോദ്യവും അത്യാർത്തിയുമില്ലാതെ തനിക്ക് വന്നെത്തുന്ന സമ്പത്ത് കൈപ്പറ്റുകയാണെങ്കിൽ അവന് അതിൽ ബറകത്തും അനുഗ്രഹവും നൽകപ്പെടുന്നതാണ്. എന്നാൽ ആഗ്രഹത്തോടെയും ആർത്തിയോടെയും ആരെങ്കിലും ആ സമ്പത്ത് എടുത്താൽ അവന് അതിൽ ബറകത്ത് നൽകപ്പെടുന്നതല്ല. ഭക്ഷിച്ചു കൊണ്ടേയിരിക്കുന്നെങ്കിലും വയറു നിറയാത്ത ഒരു മനുഷ്യനെ പോലെയായിരിക്കും അവൻ. ദാനം നൽകുന്ന മുകളിലുള്ള കയ്യാണ് ചോദിച്ചു വാങ്ങുന്ന താഴെയുള്ള കയ്യിനേക്കാൾ അല്ലാഹുവിങ്കൽ ഉത്തമമായിട്ടുള്ളത്. ഇത് കേട്ടപ്പോൾ ഹകീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ നിയോഗിച്ചവനായ അല്ലാഹു തന്നെ സത്യം! ഈ ദുനിയാവ് വേർപിരിഞ്ഞു പോകുന്നത് വരെ, അങ്ങേക്ക് ശേഷം ഒരാളുടെയും സമ്പത്ത് അവനിൽ നിന്ന് ചോദിച്ചു വാങ്ങിക്കൊണ്ട് അയാളുടെ സമ്പത്തിൽ ഞാൻ കുറവ് വരുത്തുകയില്ല." നബി -ﷺ- യുടെ ശേഷം ഖലീഫയായ അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- പിന്നീട് ഹകീം ബ്നു ഹിസാമിനെ അദ്ദേഹത്തിന് നൽകാനുള്ള സമ്പത്ത് നൽകുന്നതിന് വേണ്ടി വിളിച്ചു വരുത്താറുണ്ടായിരുന്നു. എന്നാൽ അതിൽ നിന്ന് എന്തെങ്കിലുമൊന്ന് സ്വീകരിക്കാൻ ഹകീം സമ്മതിച്ചില്ല. പിന്നീട് അമീറുൽ മുഅ്മിനീൻ ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വും അദ്ദേഹത്തെ അത് നൽകാൻ വേണ്ടി വിളിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: മുസ്‌ലിം സഹോദരങ്ങളേ, -യുദ്ധമോ പടയോട്ടമോ വേണ്ടിവരാതെ കാഫിറുകളിൽ നിന്ന് ലഭിച്ച ഫയ്ഇൽ പെട്ട യുദ്ധാർജ്ജിത സ്വത്ത് അല്ലാഹു വീതം വെച്ചു നൽകിയത് പ്രകാരം- ഹകീമിന് അവകാശപ്പെട്ട പണം ഞാൻ അദ്ദേഹത്തിൻ്റെ മുന്നിൽ വെച്ചുനീട്ടിയുണ്ട്; എന്നാൽ അദ്ദേഹം അത് എടുക്കാൻ തയ്യാറായിട്ടില്ല. നബിയുടെ -ﷺ- ശേഷം, ഹകീം -رَضِيَ اللَّهُ عَنْهُ- മരണപ്പെടുന്നത് വരെയും ഒരാളുടെ സമ്പത്തിൽ നിന്നും അദ്ദേഹം ചോദിച്ചു വാങ്ങിയിട്ടില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇസ്‌ലാമിൽ അനുവദിക്കപ്പെട്ട വഴികളിലൂടെ സമ്പാദിക്കുന്നത് ഐഹിക ജീവിതത്തിനോട് പാലിക്കേണ്ട വിരക്തിക്ക് വിരുദ്ധമല്ല. കാരണം മനസ്സിൻ്റെ ഉദാരതയും സമ്പത്തിനോട് ഹൃദയം ബന്ധിക്കപ്പെടാതെ നിലകൊള്ളലുമാണ് ഇസ്‌ലാമിലെ ഭൗതിക വിരക്തിയുടെ ഉദ്ദേശ്യം.
  2. നബി -ﷺ- യുടെ മഹത്തരമായ ഉദാരത. ഒരിക്കലും ദാരിദ്ര്യം ഭയപ്പെടാത്ത ഒരാളെ പോലെയായിരുന്നു അവിടുത്തെ ദാനധർമ്മങ്ങൾ.
  3. മറ്റുള്ളവർക്ക് സഹായങ്ങൾ നൽകുന്നതിനോടൊപ്പം അവർക്ക് ഗുണകരമായ കാര്യം പകർന്നു നൽകലും, അവർക്ക് പ്രയോജനകരമായ കാര്യം അറിയിക്കലും നല്ലതാണ്. കാരണം ഇത്തരം സന്ദർഭങ്ങളിൽ നല്ല ഉപദേശങ്ങളും വാക്കുകളും സ്വീകരിക്കാൻ തയ്യാറായ നിലയിലായിരിക്കും മനുഷ്യരുടെ മനസ്സ്.
  4. ജനങ്ങളോട് ചോദിച്ചു കൊണ്ട് ജീവിക്കാതെ ജീവിത വിശുദ്ധി പുലർത്തുകയാണ് വേണ്ടത്; പ്രത്യേകിച്ചും ആവശ്യമില്ലാതെ ജനങ്ങളോട് യാചിക്കുക എന്നത് ആക്ഷേപിക്കപ്പെടേണ്ട കാര്യമാണ്.
  5. സമ്പത്തിനോടുള്ള ആർത്തിയും ആളുകളോട് ആവശ്യങ്ങൾ ചോദിച്ചു വാങ്ങുന്നത് അധികരിപ്പിക്കുന്നതും ഈ ഹദീഥിൽ ആക്ഷേപിക്കപ്പെട്ടിരിക്കുന്നു.
  6. ഒരാൾ ചോദ്യവും യാചനയും അധികരിപ്പിച്ചാൽ അയാളെ തിരിച്ചയക്കുന്നതും നൽകാതെ പറഞ്ഞയക്കുന്നതും നല്ല രീതിയിൽ ഉപദേശിക്കുന്നതും അനുവദനീയമാണ്. ജനങ്ങളോട് ചോദിക്കാതെ ജീവിത വിശുദ്ധി പാലിക്കാനും, ആർത്തിയോടെ സമ്പത്ത് എടുക്കുന്ന സ്വഭാവം ഉപേക്ഷിക്കാനും അയാളോട് പറഞ്ഞു കൊടുക്കുകയുമാവാം.
  7. മുസ്‌ലിംകളുടെ പൊതുസ്വത്തായ 'ബയ്തുൽ മാലിൽ' നിന്ന് ഭരണാധികാരി അനുവദിച്ചു നൽകുന്നത് വരെ യാതൊന്നും എടുക്കാൻ പാടില്ല; യുദ്ധാർജ്ജിത സ്വത്ത് വീതം വെക്കപ്പെടുന്നതിന് മുൻപ് ഒരാൾക്കും അതിൽ നിന്ന് യാതൊന്നും എടുക്കാൻ അർഹതയില്ല.
  8. ആവശ്യമുള്ള സന്ദർഭങ്ങളിൽ മറ്റുള്ളവരോട് ചോദിക്കുന്നത് അനുവദിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്.
  9. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറഞ്ഞു: "ചോദിച്ചു വരുന്ന വ്യക്തിയുടെ ആവശ്യം നിറവേറ്റി നൽകിയതിന് ശേഷം മാത്രം അയാളെ ഉപദേശിക്കുന്നതാണ് നല്ലത്; കാരണം ഇത്തരം സന്ദർഭങ്ങളിൽ ഉപദേശം അയാളുടെ ഹൃദയത്തിൽ സ്വാധീനമുണ്ടാക്കുന്നതാണ്. (ആവശ്യം നിറവേറ്റി കൊടുക്കാതെ ഒരാളെ ഉപദേശിച്ചാൽ) തൻ്റെ ആവശ്യം നിറവേറ്റി തരാതിരിക്കാനുള്ള ഒരു അടവ് മാത്രമാണ് ഈ ഉപദേശം എന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുമുണ്ട്."
  10. ഹകീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- എന്ന സ്വഹാബിയുടെ ശ്രേഷ്ഠത. അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും -ﷺ- ചെയ്ത കരാർ അദ്ദേഹം മരണം വരെ മുറുകെ പിടിച്ചു.
  11. ഇസ്ഹാഖ് ബ്നു റാഹ്‌വൈഹി -رَحِمَهُ اللَّهُ- പറയുന്നു: ഹകീം ബ്നു ഹിസാം മരണപ്പെടുമ്പോൾ ഖുറൈശികളിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായിരുന്നു അദ്ദേഹം.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തമിൾ തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ