عن عُمر بن أبي سلمة رضي الله عنه قال:
كُنْتُ غُلَامًا فِي حَجْرِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ، فَقَالَ لِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «يَا غُلَامُ، سَمِّ اللهَ، وَكُلْ بِيَمِينِكَ، وَكُلْ مِمَّا يَلِيكَ» فَمَا زَالَتْ تِلْكَ طِعْمَتِي بَعْدُ.
[صحيح] - [متفق عليه] - [صحيح البخاري: 5376]
المزيــد ...
ഉമർ ബ്നു അബീ സലമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ സംരക്ഷണയിൽ വളർന്ന കുട്ടിയായിരുന്നു ഞാൻ. (ഭക്ഷണം കഴിക്കുമ്പോൾ) എൻ്റെ കൈകൾ ഭക്ഷണത്തളികയിൽ പരന്നു നടക്കാറുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- എന്നോട് പറയുകയുണ്ടായി: "മോനേ! 'ബിസ്മി' ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക." പിന്നീടങ്ങോട്ട് അതായിരുന്നു എൻ്റെ ഭക്ഷണരീതി.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5376]
നബി -ﷺ- യുടെ പത്നിയായ ഉമ്മുസലമഃയുടെ മകനായിരുന്നു ഉമർ ബ്നു അബീ സലമഃ. നബി -ﷺ- യുടെ പരിചരണത്തിലും മേൽനോട്ടത്തിലുമായിരുന്നു അദ്ദേഹം ചെറുപ്പത്തിൽ വളർന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ തൻ്റെ കൈ തളികയുടെ വശങ്ങളിലെല്ലാം ചെന്നെത്തുമായിരുന്നു. അപ്പോൾ നബി -ﷺ- അദ്ദേഹത്തിന് ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട മൂന്ന് മര്യാദകൾ പഠിപ്പിച്ചു കൊടുത്തു.
ഒന്ന്: ഭക്ഷണം കഴിക്കുന്നതിൻ്റെ ആരംഭത്തിൽ 'ബിസ്മില്ലാഹ്' എന്നു പറയണം.
രണ്ട്: വലതു കൈ കൊണ്ട് ഭക്ഷിക്കണം.
മൂന്ന്: തന്നോട് അടുത്തുള്ള ഭാഗത്ത് നിന്ന് ഭക്ഷണം കഴിക്കണം.