عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ:
تَلَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ هَذِهِ الْآيَةَ: {هُوَ الَّذِي أَنْزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ، وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ، وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ} [آل عمران: 7]. قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «فَإِذَا رَأَيْتِ الَّذِينَ يَتَّبِعُونَ مَا تَشَابَهَ مِنْهُ فَأُولَئِكَ الَّذِينَ سَمَّى اللهُ، فَاحْذَرُوهُمْ».
[صحيح] - [متفق عليه] - [صحيح البخاري: 4547]
المزيــد ...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
നബി -ﷺ- ഈ ആയത്ത് പാരായണം ചെയ്തു: "(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ." (ആലു ഇംറാൻ: 7) ശേഷം അവിടൂന്ന് പറഞ്ഞു: "ഖുർആനിലെ ആശയസാദൃശ്യമുള്ളവയെ പിന്തുടരുന്നവരെ നീ കണ്ടാൽ അവരാണ് അല്ലാഹു പേരെടുത്ത് പറഞ്ഞ കൂട്ടർ (എന്ന് അറിഞ്ഞു കൊള്ളുക). അതിനാൽ അവരെ നീ സൂക്ഷിക്കുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4547]
നബി -ﷺ- സൂറത്തു ആലു ഇംറാനിലെ ആയത്ത് പാരായണം ചെയ്തു: "(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ." അല്ലാഹു ഈ വചനത്തിൽ അറിയിച്ചതിൻ്റെ ചുരുക്കം ഇപ്രകാരമാണ്: അവൻ (അല്ലാഹു തൻ്റെ നബി -ﷺ- യുടെ മേൽ വേദഗ്രന്ഥമായ ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു. അതിൽ വ്യക്തമായ ആശയങ്ങൾ അറിയിക്കുന്ന 'മുഹ്കമായ' വചനങ്ങളുണ്ട്; അതിലെ വിധിവിലക്കുകൾ വ്യക്തവും യാതൊരു ആശയക്കുഴപ്പവുമില്ലാത്തതുമാണ്. വിശുദ്ധ ഖുർആനിൻറെ അടിത്തറയും അവലംബവുമാണത്. അഭിപ്രായവ്യത്യാസങ്ങൾ അതിലേക്കാണ് മടക്കേണ്ടത്. അതോടൊപ്പം ഖുർആനിൽ മറ്റു ചില വചനങ്ങളുമുണ്ട്; ഒന്നിലധികം അർത്ഥസാധ്യതകളുള്ള 'മുതശാബിഹായ' വചനങ്ങൾ. ചിലർക്ക് അതിൻ്റെ ഉദ്ദേശ്യം എന്താണെന്നതിൽ അവ്യക്തത സംഭവിച്ചേക്കാം. അതല്ലെങ്കിൽ ഈ വചനങ്ങൾ ഖുർആനിലെ മറ്റു ചില വചനങ്ങളുമായി വൈരുദ്ധ്യം പുലർത്തുന്നുണ്ടല്ലോ എന്ന് തോന്നിയേക്കാം. ഇത്തരം വചനങ്ങളോട് ജനങ്ങൾ സ്വീകരിക്കുന്ന സമീപനമാണ് അല്ലാഹു പിന്നീട് വിവരിക്കുന്നത്; സത്യത്തിനോട് എതിരാകാനുള്ള താൽപ്പര്യം ഹൃദയത്തിലുള്ളവർ വ്യക്തമായ വചനങ്ങൾ ഉപേക്ഷിക്കുകയും, ആശയസാദൃശ്യവും വിഭിന്നാർത്ഥ സാധ്യതകളുമുള്ള വചനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇതിലൂടെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ പ്രചരിപ്പിക്കാനും ജനങ്ങളെ വഴിതെറ്റിക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. തങ്ങളുടെ ദേഹേഛകൾക്ക് അനുയോജ്യമായ രീതിയിൽ ഇത്തരം വചനങ്ങളെ വ്യാഖ്യാനിച്ചൊപ്പിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. എന്നാൽ മതവിജ്ഞാനങ്ങളിൽ സ്ഥിരതയുള്ളവർക്ക് ഈ സാദൃശ്യമുള്ള വചനങ്ങൾ തിരിച്ചറിയാൻ കഴിയും. അവരതിനെ ഖണ്ഡിതമായ വചനങ്ങളുമായി കൂട്ടിച്ചേർത്തു കൊണ്ട് മനസ്സിലാക്കും. അതിൽ അവർ വിശ്വസിക്കുകയും, ഇവ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് ഉറച്ച ബോധ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിനാൽ ഖുർആനിലെ വചനങ്ങളിൽ ആശയക്കുഴപ്പങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടാകില്ല എന്ന് അവർക്ക് ബോധ്യമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനം സ്വീകരിക്കാനും ശരിയായ ബുദ്ധിയുള്ളവർക്കല്ലാതെ സാധ്യമല്ല. ഈ വചനം പാരായണം ചെയ്ത ശേഷം നബി -ﷺ- ആഇശ -رَضِيَ اللَّهُ عَنْهَا- യോട് പറഞ്ഞു: "ആശയസാദൃശ്യമുള്ള വചനങ്ങളെ പിൻപറ്റുന്നവരെ കണ്ടാൽ അല്ലാഹു വിശേഷിപ്പിച്ചു പറഞ്ഞവർ അക്കൂട്ടരാണെന്ന് നീ മനസ്സിലാക്കുക; അതായത് ഹൃദയങ്ങളിൽ രോഗമുള്ളവർ അക്കൂട്ടരാണെന്നർത്ഥം. അതിനാൽ അവരെ സൂക്ഷിക്കുകയും അവർക്ക് ചെവി കൊടുക്കാതിരിക്കുകയും ചെയ്യുക."