عن عمران بن حصين رضي الله عنه قال: قال رسول الله صلى الله عليه وسلم:
«لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ، أَوْ تَكَهَّنَ أَوْ تُكُهِّنَ لَهُ، أَوْ سَحَرَ أَوْ سُحِرَ لَهُ، وَمَنْ عَقَدَ عُقْدَةً، وَمَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ».
[حسن] - [رواه البزار] - [مسند البزار: 3578]
المزيــد ...
ഇംറാനു ബ്‌നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ശകുനം നോക്കുന്നവനോ നോക്കിപ്പിക്കുന്നവനോ, ജോത്സ്യം ചെയ്യുന്നവനോ ചെയ്യിപ്പിക്കുന്നവനോ, മാരണം ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ നമ്മിൽ പെട്ടവനല്ല. ആരെങ്കിലും ഒരു ഉറുക്ക് കെട്ടുകയോ, ഒരു ജോത്സ്യനെ സമീപിക്കുകയും അവൻ പറയുന്നതിൽ അവനെ സത്യപ്പെടുത്തുകയും ചെയ്യുകയോ ആണെങ്കിൽ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു."
[ഹസൻ] - [ബസ്സാർ ഉദ്ധരിച്ചത്] - [مسند البزار - 3578]
ഈ ഹദീഥിൽ ചില പ്രവർത്തനങ്ങൾ ചെയ്യുന്നവർ 'നമ്മിൽ പെട്ടവനല്ല' എന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു. പ്രസ്തുത തിന്മകളിൽ നിന്നുള്ള താക്കീതാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹദീഥിൽ പറയപ്പെട്ട കാര്യങ്ങൾ ഇവയാണ്:
ഒന്ന്: ആരെങ്കിലും ശകുനം നോക്കുകയോ നോക്കിക്കുകയോ ചെയ്തു. അതായത് ഏതെങ്കിലും പ്രവർത്തനത്തിലേക്കോ യാത്രയിലേക്കോ കച്ചവടത്തിലേക്കോ മറ്റോ പ്രവേശിക്കാൻ ആരംഭിക്കുന്നതിന് മുൻപ് ഒരു പക്ഷിയെ പറപ്പിക്കുകയും അത് വലതു ഭാഗത്തേക്ക് പറന്നാൽ നല്ല സൂചനയാണെന്നും ഉദ്ദേശിക്കുന്ന പ്രവർത്തിയിലേക്ക് കടക്കാമെന്നും, ഇടതു ഭാഗത്തേക്ക് പറന്നാൽ മോശം സൂചനയാണെന്നും പ്രവർത്തിയിലേക്ക് പ്രവേശിക്കേണ്ടെന്നും അറബികൾ വിശ്വസിച്ചിരുന്നു. ഇത് ഒരാൾ സ്വയം ചെയ്യുന്നതോ മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുന്നതോ പാടില്ല. എന്തെങ്കിലും ശബ്ദം കേട്ടാലോ കാഴ്ച്ച കണ്ടാലോ, ഏതെങ്കിലും പക്ഷിയേയോ മൃഗത്തെയോ ശാരീരികശേഷിക്കുറവുള്ളവരെയോ നിശ്ചിത എണ്ണങ്ങളോ ദിവസങ്ങളോ ശകുനമാണെന്ന വിശ്വാസവും ഈ പറഞ്ഞതിൽ ഉൾപ്പെടും.
രണ്ട്: ''ആരെങ്കിലും ജോത്സ്യം നോക്കുകയോ നോക്കിപ്പിക്കുകയോ ചെയ്തു''. അതായത്, ആരെങ്കിലും നക്ഷത്രങ്ങളുടെ സ്ഥാനമോ മറ്റോ നോക്കികൊണ്ട് ഭാവിയിൽ നടക്കുന്നത് തനിക്ക് അറിയാൻ കഴിയുമെന്ന് വാദിക്കുകയോ, അതല്ലെങ്കിൽ ഇപ്രകാരം വാദിക്കുന്ന ജോത്സ്യന്മാരുടെയോ മറ്റോ അരികിൽ വരികയും അവൻ അദൃശ്യം അറിയാം എന്നതിൻ്റെ ഭാഗമായി പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ അവൻ നബി -ﷺ- ക്ക് അവതരിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു.
മൂന്ന്: ''ആരെങ്കിലും മാരണം ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തു''. ഒരാൾ സ്വയം മാരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ ചെയ്യുകയോ, തനിക്ക് വേണ്ടി -ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ- മാരണം ചെയ്യാൻ മറ്റൊരാളെ ഏൽപ്പിക്കുകയോ ചെയ്താൽ... അതല്ലെങ്കിൽ ഉറുക്ക് ബന്ധിക്കുകയും, അതിന്മേൽ നിഷിദ്ധമായ മന്ത്രങ്ങളും ജപങ്ങളും ചൊല്ലിക്കൊണ്ട് ഊതി മാരണം നടത്തുകയും ചെയ്താൽ (അവൻ നബി -ﷺ- യെ പിൻപറ്റിയ മുസ്‌ലിംകളിൽ പെടുകയില്ല).