عن أبي هريرة رضي الله عنه مرفوعاً: «الفِطرة خَمْسٌ: الخِتَان، والاسْتِحدَاد، وقَصُّ الشَّارِب، وتَقلِيمُ الأَظفَارِ، ونَتْفُ الإِبِط».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധപ്രകൃതി അഞ്ച് കാര്യങ്ങളാണ്. ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ വടിക്കൽ, മീശ ചെറുതാക്കുക, നഖം വെട്ടുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക (എന്നിവയാണവ)."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

അഞ്ചു കാര്യങ്ങൾ ഇസ്ലാം മതത്തിൽ - അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതിയിൽ - പെട്ടതാണെന്ന് നബി -ﷺ- പറഞ്ഞതായി അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- ഈ ഹദീഥിൽ അറിയിക്കുന്നു. ആരെങ്കിലും അവ പ്രാവർത്തികമാക്കിയാൽ ഇസ്ലാം ദീനിലെ മഹത്തരമായ ചില ഗുണങ്ങളാണ് അവൻ നിറവേറ്റിയിരിക്കുന്നത്. ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട, ഇസ്ലാം പഠിപ്പിക്കുന്ന ഈ അഞ്ചു കാര്യങ്ങൾ പൊതുവെ വൃത്തിയുമായി ബന്ധപ്പെട്ടതാണ്. ഒന്ന്: ലിംഗാഗ്രചർമ്മം മുറിക്കൽ. അത് നീക്കം ചെയ്യാതെ നിലനിർത്തുന്നത് അവിടെ മാലിന്യങ്ങളും വൃത്തികേടുകളും കെട്ടിനിൽക്കാനും, അതിലൂടെ രോഗങ്ങളും വൃണങ്ങളും ഉണ്ടാവാൻ കാരണമാവുകയും ചെയ്യും. രണ്ട്: ഗുഹ്യഭാഗത്തിന് ചുറ്റുമുള്ള രോമങ്ങൾ നീക്കം ചെയ്യൽ. ലിംഗത്തിൻ്റെയോ ഗുദഭാഗത്തുള്ളതോ ആയ രോമങ്ങൾ ഈ പറഞ്ഞതിൽ പെടും. കാരണം അത് അവിടെ നിലനിർത്തുന്നത് നജസ് (മാലിന്യം) നിലനിൽക്കാൻ കാരണമാവുകയും, ചിലപ്പോൾ ഇസ്ലാമിലെ (വുദ്വു, നിർബന്ധമായ കുളി പോലുള്ള) ശുദ്ധീകരണത്തിന് ഭംഗം വരുത്തുകയും ചെയ്യും. മൂന്ന്: മീശ വെട്ടൽ. അത് നീട്ടിവളർത്തുന്നത് മുഖത്തിൻ്റെ രൂപം മോശമാക്കുകയും, അത്തരക്കാർ വെള്ളം കുടിച്ചാൽ ശേഷം (അതിൻ്റെ ബാക്കി) കുടിക്കുന്നത് മറ്റുള്ളവരിൽ വെറുപ്പുണ്ടാക്കുകയും ചെയ്യും. (അഗ്നിയാരാധകരായ) മജൂസികളോട് സാദൃശ്യമുണ്ടാക്കുന്ന പ്രവർത്തിയുമാണ് ഇത്. നാല്: നഖം മുറിക്കൽ. അത് വെട്ടാതിരിക്കുന്നത് നഖങ്ങൾക്കിടയിൽ മാലിന്യം കെട്ടിനിൽക്കാനും, അത് ഭക്ഷണത്തിൽ കലരാനും, അതിലൂടെ രോഗങ്ങൾ ഉണ്ടാവാനും കാരണമാകും. അതോടൊപ്പം ചിലപ്പോൾ വുദ്വുവിൻ്റെ സന്ദർഭത്തിൽ നിർബന്ധമായും നനയേണ്ട ഭാഗം നനയാതെ തടസ്സം സൃഷ്ടിക്കാനും അത് കാരണമാകും. അഞ്ച്: കക്ഷത്തിലെ രോമം പറിക്കൽ. അത് നിലനിർത്തുന്നത് (ശരീരത്തിൽ നിന്ന്) ദുർഗന്ധം വമിക്കാൻ കാരണമാകും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * അല്ലാഹു പഠിപ്പിച്ചു നൽകിയ ശുദ്ധ പ്രകൃതി എല്ലാ നന്മയിലേക്കും ക്ഷണിക്കുകയും, എല്ലാ തിന്മയിൽ നിന്നും അകറ്റുകയും ചെയ്യുന്നു.
  2. * അഞ്ച് കാര്യങ്ങൾ ശുദ്ധപ്രകൃതിയിൽ പെട്ടതാണ്. അവ അഞ്ചെണ്ണത്തിൽ പരിമിതമല്ല. ഇവിടെ എണ്ണം പരാമർശിച്ചതിൽ നിന്ന് അതിൽ കൂടുതൽ ഇല്ലെന്ന് പറയാൻ കഴിയുന്നതല്ല. സ്വഹീഹ് മുസ്ലിമിലെ ഹദീഥിൽ പത്ത് കാര്യങ്ങൾ ശുദ്ധപ്രകൃതിയിൽ പെട്ടതാണ് എന്ന് വന്നിട്ടുണ്ട്.
  3. * ഈ ഹദീഥിൽ പറയപ്പെട്ട കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അത് അശ്രദ്ധമാക്കി വിട്ടുകൂടാ.
  4. * മാന്യമായ ഈ അഞ്ച് ഗുണങ്ങൾ അല്ലാഹു പഠിപ്പിച്ച ശുദ്ധപ്രകൃതിയിൽ പെട്ടതാണ്. മാന്യമായ മാനസിക പ്രകൃതിയുള്ളവർ ഇവ ഇഷ്ടപ്പെടുകയും, (മറ്റുള്ളവരോട് അവ ചെയ്യുവാൻ) കൽപ്പിക്കുകയും, അതിന് എതിരായത് ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
  5. * ഇസ്ലാം മതം ശുദ്ധിയും ഭംഗിയും പൂർണ്ണതയും പഠിപ്പിക്കുന്നു.
  6. * ഈ ഹദീഥിൽ പറയപ്പെട്ട ഗുണങ്ങൾക്ക് മതപരവും ഭൗതികവുമായ ധാരാളം ഉപകാരങ്ങളുണ്ട്. രൂപം നന്നാക്കുക, ശരീരം വൃത്തിയിൽ സൂക്ഷിക്കുക, ശുദ്ധി കാത്തുസംരക്ഷിക്കുക എന്നിവ അതിൽ പെട്ടതാണ്. അതോടൊപ്പം അമുസ്ലിംകളുടെ അടയാളങ്ങളോട് എതിരാകാനും, അല്ലാഹുവിൻ്റെ കൽപ്പന പ്രാവർത്തികമാക്കാനും ഇവ അനുസരിക്കുന്നതിലൂടെ സാധിക്കുന്നു.
  7. * ഇപ്പോൾ ചില യുവതീയുവാക്കൾ ചെയ്യുന്നത് പോലെ നഖങ്ങൾ നീട്ടി വളർത്തുന്നതും, ചില പുരുഷന്മാർ ചെയ്യുന്നത് പോലെ മീശ നീട്ടിവളർത്തുന്നതുമെല്ലാം ഇസ്ലാമികമായി വിലക്കപ്പെട്ട കാര്യമാണ്. ബുദ്ധിപരമായും പ്രകൃതിപരമായും അവ മോശവുമാണ്. ഇസ്ലാമാകട്ടെ, മനോഹരമായതല്ലാതെ കൽപ്പിക്കുകയില്ല. മ്ലേഛമായത് മാത്രമേ ഈ മതം വിലക്കുകയുള്ളൂ. എന്നാൽ പാശ്ചാത്യരെ അന്ധമായി അനുകരിക്കുക എന്നത് യാഥാർഥ്യങ്ങളെ മാറ്റിമറിക്കുകയും, മോശത്തരങ്ങൾ നല്ലതായി തോന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ പ്രവണത മനുഷ്യൻ്റെ പ്രകൃതിയും ബുദ്ധിയും, അതോടൊപ്പം ഇസ്ലാമും നല്ലതെന്ന് വിശേഷിപ്പിച്ചവയിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.