عن مَرْثَد الغَنَويّ رضي الله عنه عن النبي صلى الله عليه وسلم أنه قال:«لا تصلُّوا إلى القُبُور، ولا تجلِسُوا عليها».
[صحيح] - [رواه مسلم]
المزيــد ...

മർഥദ് അൽ ഗനവി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഖബറുകളിലേക്ക് തിരിഞ്ഞ് നമസ്കരിക്കരുത്. അവയുടെ മേൽ ഇരിക്കുകയുമരുത്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഖബറുകളിലേക്ക് തിരിഞ്ഞ് നമസ്കരിക്കുന്നത് നബി -ﷺ- ഈ ഹദീഥിൽ വിലക്കുന്നു. അതായത് നമസ്കരിക്കുന്ന വ്യക്തിയുടെ നേരെ ഖബർ ഉണ്ടാകുക എന്നത് പാടില്ല. അതു പോലെ ഖബറിൻ്റെ മുകളിൽ ഇരിക്കുന്നതും നബി -ﷺ- വിലക്കുന്നു. ഖബറിൻ്റെ മുകളിൽ കാൽ വെച്ച് കൊണ്ട് അതിനെ അപമാനിക്കുന്നതും അതിൽ പെട്ടതാണ്. അതല്ലെങ്കിൽ ഖബറിന് മുകളിൽ മലമൂത്ര വിസർജ്ജനം നടത്തുകയോ മറ്റോ ചെയ്യുന്നതും ഇതിൽ ഉൾപ്പെടും. ഈ പറഞ്ഞതെല്ലം ഹറാമാണ് (നിഷിദ്ധം).

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * ഖബറുകളിലേക്ക് തിരിഞ്ഞ് നമസ്കരിക്കുന്നത് ഈ ഹദീഥിൽ വിലക്കപ്പെട്ടിരിക്കുന്നു. അതായത് നമസ്കരിക്കുന്ന വ്യക്തിയുടെ മുൻഭാഗത്തായി ഖബർ ഉണ്ടാകാൻ പാടുള്ളതല്ല. അങ്ങനെ നമസ്കരിച്ചാൽ ആ നമസ്കാരം സ്വീകരിക്കപ്പെടുന്നതല്ല എന്നാണ് ഹദീഥിലെ പ്രയോഗത്തിൽ നിന്ന് മനസ്സിലാകുന്നത്.
  2. * ശിർക്കിലേക്ക് എത്തിക്കുന്ന എല്ലാ വഴികളും അടക്കുക എന്നത് ഇസ്ലാമിൻ്റെ മാർഗങ്ങളിൽ പെട്ടതാണ്.
  3. * ഖബറുകൾക്ക് മുകളിൽ ഇരിക്കുന്നത് ഈ ഹദീഥിൽ വിലക്കപ്പെട്ടിരിക്കുന്നു. കാരണം അത് ഖബറിലുള്ള വ്യക്തിയോട് അനാദരവ് കാണിക്കലാണ്.
  4. * ഖബറുകളുടെ വിഷയത്തിൽ അതിരുകവിയുന്നതും അതിനോട് അനാദരവ് കാണിക്കുന്നതും ഒരുമിച്ച് ഈ ഹദീസിൽ വിലക്കിയിരിക്കുന്നു. കാരണം ഖബറുകളിലേക്ക് തിരിഞ്ഞ് നമസ്കരിക്കുന്നത് ഖബറിനെ ആദരിക്കാനും, അതിൽ അതിരുകവിയാനും കാരണമായിത്തീർന്നേക്കാം. ഖബറിൻ്റെ മേൽ ഇരിക്കുന്നത് അതിനോട് അനാദരവ് കാണിക്കലുമായിത്തീരും. അതിനാൽ ഇസ്ലാം അതിരുകവിയുന്നതും അനാദരവ് കാണിക്കുന്നതും വിലക്കിയിരിക്കുന്നു. അതായത് അതിരുകവിയുകയോ അവഗണിക്കുകയോ ചെയ്യാതിരിക്കുകയാണ് വേണ്ടത്.
  5. * മുസ്ലിമായ ഒരു വ്യക്തിക്കുള്ള ആദരവ് മരണശേഷവും തുടരുന്നതാണ്. 'മയ്യിത്തിൻ്റെ അസ്ഥി ഒടിക്കുന്നത് ജീവനുള്ള അവസ്ഥയിൽ അസ്ഥി ഒടിക്കുന്നത് പോലെയാണ്' എന്ന നബി -ﷺ- യുടെ ഹദീഥ് ഈ പറഞ്ഞതിനെ ബലപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ ശരീരാവയവങ്ങൾ മുറിച്ചു കൊണ്ട് മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നവർക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു എന്ന് അതിൽ നിന്ന് മനസ്സിലാക്കാം. കാരണം ഒരു നിലക്ക് മയ്യിത്തിനോട് അനാദരവ് കാണിക്കലാണത്. മയ്യിത്തിനെ ഉപദ്രവിക്കുക എന്നതാണ് അതിലൂടെ സംഭവിക്കുന്നത്. ഒരു മനുഷ്യൻ മരണശേഷം തൻ്റെ ശരീരാവയവങ്ങൾ മുറിക്കാൻ അനുവാദം നൽകിയാൽ പോലും അപ്രകാരം ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് ഇസ്ലാമിക കർമ്മശാസ്ത്ര പണ്ഡിതന്മാർ വിശദീകരിച്ചതായി കാണാം. കാരണം തൻ്റെ ശരീരത്തിൽ തോന്നിയത് പോലെ മാറ്റം വരുത്താൻ ഇസ്ലാമിൽ അനുവാദമില്ല.
  6. * ഖബറിന് മേൽ കൈകുത്തുന്നത് അനുവദനീയമാണ്. അത് ഇരുത്തത്തിൽ പെടുകയില്ല. എന്നാൽ പൊതുവെ അതൊരു അനാദരവായി ഏതെങ്കിലും നാട്ടിൽ പരിഗണിക്കപ്പെടുന്നത് എങ്കിൽ അപ്രകാരം ചെയ്യാതിരിക്കുകയാണ് വേണ്ടത്. കാരണം ഒരു നിശ്ചിത രൂപം എന്നതിനേക്കാൾ അത് നിശ്ചയിക്കപ്പെട്ട കാരണമാണ് പരിഗണനക്ക് എടുക്കേണ്ടത്. ജനങ്ങൾക്കിടയിൽ മോശമായി പരിഗണിക്കപ്പെടുന്ന രൂപം അതിനാൽ - അടിസ്ഥാനപരമായി അനുവദനീയമാണെങ്കിൽ പോലും - ഒഴിവാക്കപ്പെടുകയാണ് വേണ്ടത്.
കൂടുതൽ