عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ العَاصِ رضي الله عنهما قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«إِنَّ اللهَ سَيُخَلِّصُ رَجُلًا مِنْ أُمَّتِي عَلَى رُءُوسِ الْخَلَائِقِ يَوْمَ الْقِيَامَةِ، فَيَنْشُرُ عَلَيْهِ تِسْعَةً وَتِسْعِينَ سِجِلًّا، كُلُّ سِجِلٍّ مِثْلُ مَدِّ الْبَصَرِ، ثُمَّ يَقُولُ: أَتُنْكِرُ مِنْ هَذَا شَيْئًا؟ أَظَلَمَكَ كَتَبَتِي الْحَافِظُونَ؟ فَيَقُولُ: لَا يَا رَبِّ، فَيَقُولُ: أَفَلَكَ عُذْرٌ؟ فَيَقُولُ: لَا يَا رَبِّ، فَيَقُولُ: بَلَى إِنَّ لَكَ عِنْدَنَا حَسَنَةً، فَإِنَّهُ لَا ظُلْمَ عَلَيْكَ الْيَوْمَ، فَتُخْرَجُ بِطَاقَةٌ فِيهَا: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، فَيَقُولُ: احْضُرْ وَزْنَكَ، فَيَقُولُ: يَا رَبِّ مَا هَذِهِ الْبِطَاقَةُ مَعَ هَذِهِ السِّجِلَّاتِ؟ فَقَالَ: إِنَّكَ لَا تُظْلَمُ، قَالَ: فَتُوضَعُ السِّجِلَّاتُ فِي كِفَّةٍ، وَالْبِطَاقَةُ فِي كِفَّةٍ، فَطَاشَتِ السِّجِلَّاتُ، وَثَقُلَتِ الْبِطَاقَةُ، فَلَا يَثْقُلُ مَعَ اسْمِ اللهِ شَيْءٌ».

[صحيح] - [رواه الترمذي وابن ماجه]
المزيــد ...

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അന്ത്യനാളിൽ അല്ലാഹു സർവ്വ സൃഷ്ടികൾക്കും ഇടയിൽ നിന്ന് എൻ്റെ ഉമ്മത്തിൽ പെട്ട ഒരാളെ തിരഞ്ഞെടുക്കുന്നതാണ്; (അയാളുടെ തിന്മകൾ രേഖപ്പെടുത്തിയ) തൊണ്ണൂറ്റി ഒൻപത് ഏടുകൾ അയാൾക്ക് മുൻപിൽ നിരത്തപ്പെടും. അതിലെ ഓരോ ഏടും കണ്ണെത്തുംദൂരം വരെയുണ്ട്. ശേഷം അയാളോട് ചോദിക്കും: "ഇതിൽ എന്തെങ്കിലുമൊന്ന് നീ നിഷേധിക്കുന്നുണ്ടോ? (പ്രവർത്തനങ്ങൾ) രേഖപ്പെടുത്തി സൂക്ഷിക്കുന്ന എൻ്റെ മലക്കുകൾ നിന്നോട് അനീതി കാണിച്ചിട്ടുണ്ടോ?" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അല്ലാഹു ചോദിക്കും: "നിനക്ക് എന്തെങ്കിലും ന്യായമുണ്ടോ?" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അപ്പോൾ അല്ലാഹു പറയും: "എങ്കിൽ നിനക്കായി എൻ്റെ പക്കൽ ഒരു നന്മയുണ്ട്. ഇന്നേ ദിവസം നിന്നോട് അതിക്രമം കാണിക്കപ്പെടുന്നതല്ല." അങ്ങനെ ഒരു 'കാർഡ്' (ചീട്ട്) പുറത്തെടുക്കപ്പെടും. 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്നാണ് അതിലുള്ളത്." ശേഷം (അല്ലാഹു) പറയും: നിൻ്റെ (കർമ്മങ്ങളുടെ) ഭാരം തൂക്കി നോക്കൂ. അപ്പോൾ അയാൾ പറയും: "എൻ്റെ രക്ഷിതാവേ! ഈ ഏടുകൾക്ക് മുൻപിൽ ഈ 'കാർഡ്' എന്താകാനാണ്?" അല്ലാഹു പറയും: "നിന്നോട് അതിക്രമം ചെയ്യപ്പെടുന്നതല്ല." നബി -ﷺ- പറയുന്നു: "അങ്ങനെ ഈ ഏടുകൾ ഒരു തട്ടിലും, 'കാർഡ്' മറ്റൊരു തട്ടിലും വെക്കപ്പെടും. അതോടെ ഏടുകൾ കനം കുറഞ്ഞു പോവുകയും, 'കാർഡ്' കനം തൂങ്ങുകയും ചെയ്യും. (കാരണം) അല്ലാഹുവിൻ്റെ നാമത്തോടൊപ്പം യാതൊന്നും കനം തൂങ്ങുകയില്ല."

സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യുടെ ഉമ്മത്തിൽ നിന്ന് അല്ലാഹു ഒരാളെ തിരഞ്ഞെടുക്കുന്നതാണ്. എല്ലാ സൃഷ്ടികൾക്കും മുൻപിൽ വെച്ച് അയാൾ വിചാരണക്കായി വിളിക്കപ്പെടും. ഇഹലോകത്ത് അയാൾ പ്രവർത്തിച്ചു കൂട്ടിയ അയാളുടെ തിന്മകൾ രേഖപ്പെടുത്തപ്പെട്ട തൊണ്ണൂറ്റിഒൻപത് ഏടുകൾ അയാൾക്ക് മുൻപിൽ വെക്കപ്പെടും. അതിലെ ഓരോ ഏടുകളും കണ്ണെത്തുന്ന ദൂരത്തോളം ഉണ്ടായിരിക്കും. ശേഷം ഈ വ്യക്തിയോട് അല്ലാഹു പറയും: "ഈ രേഖകളിൽ എഴുതപ്പെട്ട ഏതെങ്കിലും തിന്മ നീ നിഷേധിക്കുന്നുണ്ടോ? പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന എൻ്റെ മലക്കുകൾ നിന്നോട് അതിക്രമം പ്രവർത്തിച്ചിട്ടുണ്ടോ?!" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അപ്പോൾ അല്ലാഹു പറയും: നീ ഇഹലോകത്ത് പ്രവർത്തിച്ച ഈ തിന്മകളുടെ കാര്യത്തിൽ എന്തെങ്കിലും ന്യായം നിനക്ക് ബോധിപ്പിക്കാനുണ്ടോ? മറന്നു കൊണ്ട് ചെയ്തതാണെന്നോ അബദ്ധം സംഭവിച്ചതാണെന്നോ അറിയാതെ പ്രവർത്തിച്ചതാണേന്നോ മറ്റോ..? അയാൾ പറയും: ഇല്ല, എൻ്റെ രക്ഷിതാവേ! എനിക്ക് യാതൊരു ന്യായവും പറയാനില്ല. അപ്പോൾ അല്ലാഹു പറയും: എന്നാൽ നിനക്ക് എൻ്റെ പക്കൽ ഒരു നന്മയുണ്ട്. ഇന്നേ ദിവസം നിന്നോട് അതിക്രമം ചെയ്യപ്പെടുന്നതല്ല. ശേഷം 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് രേഖപ്പെടുത്തിയ ഒരു കാർഡ് പുറത്തെടുക്കപ്പെടും. അയാളുടെ തുലാസ് കൊണ്ടുവരാൻ അല്ലാഹു കൽപ്പിക്കും. അപ്പോൾ ഈ മനുഷ്യൻ അത്ഭുതത്തോടെ പറയും: എൻ്റെ രക്ഷിതാവേ! ഈ ഏടുകൾക്ക് മുൻപിൽ ഈ ഒരൊറ്റ ചീട്ടിൻ്റെ ഭാരം എന്തായിരിക്കും? അല്ലാഹു പറയും: നിന്നോട് ഒരു അനീതിയും ചെയ്യപ്പെടുന്നതല്ല. അങ്ങനെ ഏടുകൾ തുലാസിൻ്റെ ഒരു തട്ടിലും, കാർഡ് മറ്റൊരു തട്ടിലും വെക്കപ്പെടും. അതോടെ ഏടുകൾ വെച്ച തട്ടിൻ്റെ ഭാരം കുറയുകയും, കാർഡ് വെച്ച തട്ടിൻ്റെ ഭാരം കനമുള്ളതാവുകയും ചെയ്യും. അതോടെ അല്ലാഹു അവൻ്റെ തിന്മകൾ അവന് പൊറുത്തു കൊടുക്കുകയും ചെയ്യും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. തൗഹീദിൻ്റെ വാചകമായ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന സാക്ഷ്യവചനത്തിൻ്റെ പ്രാധാന്യവും, തുലാസിൽ അതിനുണ്ടായിരിക്കുന്ന ഭാരവും.
  2. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നാവ് കൊണ്ട് പറഞ്ഞാൽ മാത്രമായില്ല; മറിച്ച്, അതിൻ്റെ അർത്ഥം അറിയുകയും, അതനുസരിച്ചുള്ള പ്രവർത്തനം ഉണ്ടാവുകയും വേണം.
  3. അല്ലാഹുവിന് മാത്രം പ്രവർത്തനങ്ങൾ നിഷ്കളങ്കമാക്കി ഇഖ്ലാസ് കാത്തുസൂക്ഷിക്കുന്നതും, തൗഹീദിൽ കണിശത പുലർത്തുന്നതും തിന്മകൾ പൊറുക്കപ്പെടാനുള്ള കാരണമാണ്.
  4. ഹൃദയത്തിലുള്ള ഇഖ്‌ലാസിൻ്റെ ഏറ്റവ്യത്യാസമനുസരിച്ച് ഈമാനിനും ഏറ്റവ്യത്യാസമുണ്ടാവും. ചിലർ (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന ഈ വാക്ക് പറയും; എന്നാലും അവരുടെ പാപത്തിനനുസരിച്ച് (പരലോകത്ത്) ശിക്ഷിക്കപ്പെടും.
കൂടുതൽ