عن عبد الله بن مسعود رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: "إن الرقى والتمائم والتِّوَلَة شرك".
[صحيح] - [رواه أبو داود وابن ماجه وأحمد]
المزيــد ...

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും (ശിർക്കൻ) മന്ത്രങ്ങളും ഉറുക്കുകളും 'തിവല'ത്തും ശിർക്ക് ആകുന്നു."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിന് പുറമെയുള്ളവരിൽ നിന്ന് ഗുണം ലഭിക്കുന്നതിനോ ദോഷം തടുക്കുന്നതിനോ വേണ്ടി ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് അല്ലാഹുവിൽ പങ്കുചേർക്കലാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഉപദ്രവം തടുക്കാനും നന്മ നേടിത്തരാനും കഴിവുള്ളവൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിലക്കുക എന്ന ഉദ്ദേശത്തിലാണ് ഈ ഹദീഥ് വന്നിരിക്കുന്നത്. മന്ത്രങ്ങളും, കുട്ടികളുടെയും മറ്റും ശരീരത്തിൽ ബന്ധിക്കുന്ന ഉറുക്കുകളെ പോലുള്ളവയും, ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്നേഹം അധികരിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന തിവലത്തുമെല്ലാം അല്ലാഹുവിൽ പങ്കുചേർക്കുന്നതിൽ ഉൾപ്പെടും. മൂന്ന് നിബന്ധനകൾ ഉൾക്കൊണ്ട മന്ത്രം അനുവദനീയമാണ്.ഒന്ന്: അല്ലാഹുവിന് പുറമെ, സ്വയം ഉപകാരം ചെയ്യാൻ മന്ത്രത്തിന് സാധിക്കുമെന്ന് വിശ്വസിക്കരുത്. അങ്ങനെ മന്ത്രം സ്വയം ഉപകാരം ചെയ്യും എന്ന് വിശ്വസിച്ചാൽ അത് നിഷിദ്ധമാകും. അല്ല! അത് ശിർക്ക് തന്നെയായി മാറുന്നതാണ്. അതിനാൽ മന്ത്രം അല്ലാഹുവിൻ്റെ അനുമതിയോടെ ഫലം നൽകുന്ന ഒരു കാരണം മാത്രമാണെന്ന് വിശ്വസിക്കണം. രണ്ട്: ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായതൊന്നും മന്ത്രത്തിൽ ഉണ്ടായിരിക്കരുത്. ഉദാഹരണത്തിന് അല്ലാഹുവിന് പുറമെയുള്ളവരോടുള്ള പ്രാർത്ഥനയോ, ജിന്നുകളോടുള്ള സഹായതേട്ടമോ, അതു പോലുള്ളതോ മന്ത്രത്തിൽ കലരാൻ പാടില്ല. അത് നിഷിദ്ധമാണ്; അല്ല! നേരത്തെ പറഞ്ഞതു പോലെ ശിർക്ക് തന്നെയാണ്. മൂന്ന്: മന്ത്രം മനസ്സിലാകുന്നതും അറിയപ്പെടുന്നതുമാകണം. എന്നാൽ ജപങ്ങളോ ത്വൽസമാതുകളോ പോലുള്ളതാണെങ്കിൽ അത്തരം മന്ത്രവും അനുവദനീയമാവുകയില്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * വിശ്വാസത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളിൽ നിന്ന് ഇസ്ലാമിക വിശ്വാസത്തെ കാത്തുസൂക്ഷിക്കാനുള്ള പ്രേരണ. ജനങ്ങളിൽ ധാരാളം പേർ അത്തരം കാര്യങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ശരി.
  2. * ഹദീഥിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ ഉപയോഗിക്കുന്നത് നിഷിദ്ധമാകുന്നു.
  3. * ഹദീഥിൽ പറയപ്പെട്ട ശിർക്ക് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന തരത്തിലുള്ള) വലിയ ശിർക്കാണോ, അതല്ല ചെറിയ ശിർക്കാണോ? ഉത്തരം: ഈ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയുടെ ഉദ്ദേശം പോലെയാണ് അതിൻ്റെ വിധി നിശ്ചയിക്കപ്പെടുക. അല്ലാഹു തന്നെയാണ് സ്നേഹം മനസ്സിൽ ഉണ്ടാക്കുന്നവൻ എന്ന വിശ്വാസത്തോടെയാണ് അവ ഉപയോഗപ്പെടുത്തുന്നതെങ്കിൽ അത് ചെറിയ ശിർക്കാണ്. എന്നാൽ ഇവയെല്ലാം സ്വയം സ്വാധീനമുണ്ടാക്കുന്നവയാണ് എന്ന് വിശ്വസിച്ചാലാകട്ടെ, അത് വലിയ ശിർക്കുമാണ്.
  4. * മതപരമായി അനുവദിക്കപ്പെട്ടതല്ലാത്ത മന്ത്രങ്ങളെല്ലാം നിഷിദ്ധമാകുന്നു.
കൂടുതൽ