+ -

عَنِ ابْنِ عَبَّاسٍ رضيَ اللهُ عنهما:
أنَّهُ قَالَ لعَطَاءِ بْنِ أَبِي رَبَاحٍ: أَلَا أُرِيكَ امْرَأَةً مِنْ أَهْلِ الْجَنَّةِ؟ قُلْتُ: بَلَى، قَالَ: هَذِهِ الْمَرْأَةُ السَّوْدَاءُ، أَتَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَتْ: إِنِّي أُصْرَعُ وَإِنِّي أَتَكَشَّفُ، فَادْعُ اللهَ لِي، قَالَ: «إِنْ شِئْتِ صَبَرْتِ وَلَكِ الْجَنَّةُ، وَإِنْ شِئْتِ دَعَوْتُ اللهَ أَنْ يُعَافِيَكِ» قَالَتْ: أَصْبِرُ، قَالَتْ: فَإِنِّي أَتَكَشَّفُ فَادْعُ اللهَ أَنْ لَا أَتَكَشَّفَ، فَدَعَا لَهَا.

[صحيح] - [متفق عليه] - [صحيح مسلم: 2576]
المزيــد ...

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
അത്വാഅ് ബ്നു അബീ റബാഹിനോട് അദ്ദേഹം പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ താങ്കൾക്ക് കാണിച്ചു തരട്ടെയോ?!" അദ്ദേഹം പറഞ്ഞു: "അതെ." ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് അവൾ വന്നു കൊണ്ട് പറഞ്ഞു: "എനിക്ക് അപസ്മാരം ബാധിക്കുകയും എൻ്റെ വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യുന്നു. അതിനാൽ എനിക്ക് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമ കൈക്കൊള്ളുക; നിനക്ക് സ്വർഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുന്നത് (അസുഖം മാറാനാണെങ്കിൽ) നിന്നെ സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അവൾ പറഞ്ഞു: "ഞാൻ ക്ഷമിച്ചു കൊള്ളാം. എന്നാൽ എൻ്റെ വസ്ത്രം നീങ്ങിപ്പോകുന്നുണ്ട്; എൻ്റെ നഗ്നത വെളിപ്പെടാതിരിക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു.

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2576]

വിശദീകരണം

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ഒരിക്കൽ അത്വാഅ് ബ്നു അബീ റബാഹിനോട് പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചു തരട്ടെയോ?!" അത്വാഅ് പറഞ്ഞു: "അതെ." ഇബ്നു അബ്ബാസ് പറഞ്ഞു: "അബ്സീനിയക്കാരിയായ ഈ കറുത്ത സ്ത്രീയാണത്. അവൾ ഒരിക്കൽ നബി -ﷺ- യുടെ അടുത്തു വന്നു കൊണ്ട് പറഞ്ഞു: എന്നെ ബാധിച്ച ഒരു രോഗം കാരണത്താൽ എനിക്ക് അപസ്മാരം പിടിപെടാറുണ്ട്. അങ്ങനെ എൻ്റെ വസ്ത്രം നീങ്ങുകയും ഞാനറിയാതെ എൻ്റെ ശരീരത്തിൽ നിന്ന് വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യാറുണ്ട്. അതിനാൽ എൻ്റെ അസുഖം ഭേദമാക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ഈ പ്രയാസത്തിൽ ക്ഷമ കൈക്കൊള്ളുക; എങ്കിൽ നിനക്ക് സ്വർഗമുണ്ടായിരിക്കും. ഇനി ഞാൻ പ്രാർത്ഥിക്കണമെന്നാണ് നീ ഉദ്ദേശിക്കുന്നത് എങ്കിൽ നിൻ്റെ അസുഖം സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അപ്പോൾ ആ സ്ത്രീ പറഞ്ഞു: "എങ്കിൽ ഞാൻ ക്ഷമിച്ചു കൊള്ളാം." ശേഷം അവൾ പറഞ്ഞു: "എങ്കിൽ അപസ്മാരം ബാധിക്കുമ്പോൾ എൻ്റെ വസ്ത്രം നീങ്ങിപ്പോകാതിരിക്കാൻ അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി അക്കാര്യം അല്ലാഹുവിനോട് പ്രാർത്ഥിച്ചു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇഹലോകത്ത് ബാധിക്കുന്ന പ്രയാസങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നത് സ്വർഗം ലഭിക്കാൻ കാരണമാകുന്ന പ്രവർത്തിയാണ്.
  2. നവവി -رَحِمَهُ اللَّهُ- പറയുന്നു: അപസ്മാരം ബാധിച്ചവർക്ക് ഏറ്റവും സമ്പൂർണ്ണമായ പ്രതിഫലം ലഭിക്കുന്നതാണെന്നതിന് ഈ ഹദീഥ് തെളിവാണ്.
  3. സ്വഹാബീ വനിതകൾക്കുണ്ടായിരുന്ന വിശുദ്ധിയും ലജ്ജയും, തങ്ങളുടെ ശരീരം മറക്കുന്നതിൽ അവർക്കുണ്ടായിരുന്ന ശ്രദ്ധയും. അല്ലാഹു അവരെ തൃപ്തിപ്പെടുമാറാകട്ടെ! തൻ്റെ ശരീരത്തിൽ നിന്ന് എന്തെങ്കിലും പുറത്തേക്ക് കാണപ്പെടുമോ എന്നതായിരുന്നു ആ സ്ത്രീക്കുണ്ടായിരുന്ന ഏറ്റവും വലിയ ഭയം.
  4. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറഞ്ഞു: "ഒരാൾക്ക് പ്രയാസകരമായ കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളാൻ സാധിക്കുമെന്നും, അത്തരം ഘട്ടങ്ങളിൽ ദീൻ കണിശമായി പാലിക്കുമെന്നും ഉറപ്പുണ്ടെങ്കിൽ പ്രയാസകരമായ വഴി സ്വീകരിക്കുന്നതാണ് ഇളവുകൾ സ്വീകരിക്കുന്നതിനേക്കാൾ ഉത്തമം."
  5. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "പ്രാർത്ഥനയും ദുആയും അല്ലാഹുവിനോട് തേടുന്നതും എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സയാണെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ഏറ്റവും ഫലപ്രദമായ മരുന്നു കൂട്ടുകളേക്കാൾ ഫലപ്രദവും പ്രയോജനകരവുമാണ് ആത്മാർത്ഥമായ ദുആകൾ. ഭൗതികമായ മരുന്നുകളേക്കാൾ ശരീരം പ്രാർത്ഥനകളോട് പ്രതികരിക്കുന്നതാണ്. എന്നാൽ പ്രാർത്ഥനകൾ വിജയിക്കാൻ രണ്ട് കാര്യങ്ങൾ അനിവാര്യമാണ്. ഒന്ന്: രോഗിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതാണ്; സത്യസന്ധമായ ഉദ്ദേശ്യമാണ് അവൻ്റെ ഹൃദയത്തിൽ ഉണ്ടായിരിക്കേണ്ടത് എന്നതാണത്. രണ്ടാമത്തേത് ചികിത്സകൻ്റെ ഭാഗത്ത് നിന്നുള്ളതാണ്; അല്ലാഹുവിനോടുള്ള സൂക്ഷ്മതയിലും ഭരമേൽപ്പിക്കലിലും അവൻ്റെ ഹൃദയത്തിനുള്ള ശക്തിയും ബോധ്യവുമാണത്."
  6. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ചികിത്സ ഉപേക്ഷിക്കുന്നത് അനുവദനീയമാണ് എന്നതിന് ഈ ഹദീഥ് തെളിവാണ്."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ