عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : «من يُرِدِ الله به خيرا يُصِبْ مِنه».
[صحيح] - [رواه البخاري]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ അല്ലാഹു പരീക്ഷണങ്ങൾ ബാധിപ്പിക്കും."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹു അവൻ്റെ ദാസന്മാർക്ക് നന്മ ഉദ്ദേശിച്ചാൽ അവരുടെ സ്വന്തങ്ങളിലും, സമ്പാദ്യങ്ങളിലും, സന്താനങ്ങളിലും അല്ലാഹു പരീക്ഷിക്കുന്നതാണ്. അവരുടെ തിന്മകൾ പൊറുക്കപ്പെടാനും, അവരുടെ പദവികൾ ഉയർത്തപ്പെടാനും ഈ പരീക്ഷണങ്ങൾ കാരണമാവുകയും ചെയ്യും. പ്രയാസങ്ങളുടെ അനന്തരഫലത്തെ കുറിച്ച് ചിന്തിച്ചാൽ ബുദ്ധിയുള്ള ഏതൊരാൾക്കും അത് ഇഹലോകത്തും പരലോകത്തും നന്മയാണ് എന്ന കാര്യം ബോധ്യപ്പെടും. പ്രാർത്ഥനയും കീഴൊതുക്കവും സഹായതേട്ടവുമായി അല്ലാഹുവിലേക്ക് മടങ്ങുവാൻ പരീക്ഷണങ്ങൾ കാരണമാകുമെന്നതാണ് ഇഹലോകത്തുള്ള നേട്ടം. തിന്മകൾ പൊറുക്കപ്പെടാനും പദവികൾ ഉയർത്തപ്പെടാനും കാരണമാകുമെന്നതാണ് പരലോകത്തുള്ള നേട്ടം. അല്ലാഹു പറയുന്നു: "കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക." (ബഖറ: 155) എന്നാൽ ഈ ഹദീഥിൽ നിരുപാധികം പറഞ്ഞത് ചില വിശദീകരണങ്ങളോടെ മറ്റു ഹദീഥുകളിൽ വന്നിട്ടുണ്ട്. അതായത് ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവൻ (പരീക്ഷണം ബാധിച്ചാൽ) ക്ഷമിക്കുകയും പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നതാണ് എന്നാണ് പ്രസ്തുത ഹദീഥിലുള്ളത്. അങ്ങനെ അവനെ ശുദ്ധീകരിക്കുന്നത് വരെ അല്ലാഹു പരീക്ഷിച്ചു കൊണ്ടിരിക്കും. എന്നാൽ ഒരാൾ പരീക്ഷണങ്ങളിൽ ക്ഷമിക്കുന്നില്ലെങ്കിലും അയാൾക്ക് ധാരാളം പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിൽ യാതൊരു നന്മയുമില്ല. അല്ലാഹു അവന് നന്മ ഉദ്ദേശിച്ചിരിക്കുന്നു എന്ന് പറയുകയും സാധ്യമല്ല. ഉദാഹരണത്തിന് അല്ലാഹുവിനെ നിഷേധിച്ചവർക്ക് ധാരാളം ദുരിതങ്ങൾ ബാധിക്കാറുണ്ട്. എന്നാൽ അതെല്ലാമുണ്ടായിട്ടും അവർ തങ്ങളുടെ നിഷേധത്തിൽ തന്നെ തുടരുകയും, അതിൽ തന്നെ മരിച്ചു പോവുകയും ചെയ്യുന്നു. ഇക്കൂട്ടർക്ക് അല്ലാഹു പരീക്ഷണങ്ങളിലൂടെ നന്മ ഉദ്ദേശിച്ചിട്ടില്ല എന്നതിൽ യാതൊരു സംശയവുമില്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിൽ വിശ്വസിച്ചവർക്ക് പല തരം പരീക്ഷണങ്ങൾ നേരിടേണ്ടി വന്നേക്കാം. അത് ചിലപ്പോൾ ദീനിൻ്റെ കാര്യത്തിലും, ചിലപ്പോൾ സമ്പത്തിൻ്റെ കാര്യത്തിലുമായിരിക്കാം.
  2. * ഈ ഹദീഥ് മുസ്ലിമിന് മഹത്തരമായ സന്തോഷവാർത്ത നൽകുന്നു. കാരണം എന്തെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങൾ ബാധിക്കാത്തവരായി ഒരു മുസ്ലിമും ഇല്ല.
  3. * പരീക്ഷണങ്ങൾ ചിലപ്പോൾ അല്ലാഹുവിൻ്റെ സ്നേഹത്തിൻ്റെ അടയാളമായിരിക്കാം. അവൻ്റെ പദവി ഉയരുന്നതിനും, അവൻ്റെ സ്ഥാനം ഉന്നതമാകുന്നതിനും, അവൻ്റെ തെറ്റുകൾ പൊറുത്തു നൽകപ്പെടുന്നതിനും അത് കാരണമായി തീരുന്നതാണ്.
കൂടുതൽ