عن عبادة بن الصامت رضي الله عنه قال: بَايَعْنَا رسول الله صلى الله عليه وسلم على السَّمع والطَّاعَة في العُسْر واليُسْر، والمَنْشَطِ والمَكْرَه، وعلَى أَثَرَةٍ عَلَينا، وعلى أَن لاَ نُنَازِعَ الأَمْر أَهْلَه إِلاَّ أَن تَرَوْا كُفْراً بَوَاحاً عِندَكُم مِن الله تَعَالى فِيه بُرهَان، وعلى أن نقول بالحقِّ أينَما كُنَّا، لا نخافُ فِي الله لَوْمَةَ لاَئِمٍ.
[صحيح] - [متفق عليه]
المزيــد ...

ഉബാദതു ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "പ്രയാസത്തിലും എളുപ്പത്തിലും, സന്തോഷത്തിലും ദുഃഖത്തിലും (ഭരണാധികാരിയുടെ കൽപ്പനകൾ) കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്നും, ഞങ്ങളേക്കാൾ അവർക്ക് പ്രാധാന്യം നൽകാമെന്നും ഞങ്ങൾ റസൂൽ -ﷺ- യോട് ബയ്അത് (കരാർ) ചെയ്തു. ഭരണാധികാരികളോട് - (അവരിൽ നിന്ന്) അല്ലാഹുവിൻ്റെ അടുക്കൽ നിങ്ങൾക്ക് തെളിവുള്ള നിലയിൽ വ്യക്തമായ കുഫ്ർ (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യം) കാണുന്നത് വരെ - അധികാരത്തിൻ്റെ കാര്യത്തിൽ അവരോട് ഞങ്ങൾ എതിർത്തു നിൽക്കില്ലെന്നും, ഞങ്ങൾ എവിടെയാണെങ്കിലും സത്യം പറയാമെന്നും, അല്ലാഹുവിൻ്റെ കാര്യത്തിൽ ഒരാളുടെയും ആക്ഷേപം ഭയക്കരുതെന്നും (ഞങ്ങൾ കരാർ ചെയ്തു)."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

"ഞങ്ങൾ കരാർ ചെയ്തു": അതായത് സ്വഹാബികൾ നബി -ﷺ- യോട് (ഭരണാധികാരിയുടെ കൽപ്പനകൾ) കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്ന് കരാർ ചെയ്തു. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: "(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുകയും, അല്ലാഹുവിൻ്റെ റസൂലിനെ അനുസരിക്കുകയും ചെയ്യുക. നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും." (നിസാഅ്: 59) നബി -ﷺ- ക്ക് ശേഷം കൈകാര്യകർത്താക്കൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട് കൂട്ടരാണ്: പണ്ഡിതന്മാരും ഭരണാധികാരികളും. എന്നാൽ പണ്ഡിതന്മാർ ദീനീ വിജ്ഞാനത്തിൻ്റെയും പ്രബോധനത്തിൻ്റെയും കൈകാര്യ കർത്താക്കളും, ഭരണാധികാരികൾ അധികാരത്തിൻ്റെയും ഭരണനിർവ്വഹണത്തിൻ്റെയും കൈകാര്യ കർത്താക്കളുമാണ്. "പ്രയാസത്തിലും എളുപ്പത്തിലും" എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശം ഭരണീയർ സാമ്പത്തിക കാര്യങ്ങളിൽ ഇടുക്കത്തിലോ എളുപ്പത്തിലോ ആകട്ടെ, അവർ സമ്പന്നരോ ദരിദ്രരോ ആകട്ടെ, ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും വേണം എന്നത് ബോധ്യപ്പെടുത്തുന്നതിനാണ്. "സന്തോഷത്തിലും ദുഃഖത്തിലും" എന്ന വാക്കിൽ നിന്ന് ഭരണാധികാരികൾ തങ്ങൾക്ക് ഇഷ്ടമില്ലാത്തതോ ആഗ്രഹിക്കാത്തതോ ആയ തീരുമാനങ്ങൾ കൽപ്പിച്ചാലും, അവർക്ക് യോജിപ്പും താൽപ്പര്യവുമുള്ളത് അറിയിച്ചാലും അനുസരിക്കണം എന്ന് മനസ്സിലാക്കാം. "ഞങ്ങളേക്കാൾ അവർക്ക് പ്രാധാന്യം നൽകാം" എന്നത് കൊണ്ട് ഉദ്ദേശം ഭരണാധികാരികൾ പൊതുസമ്പത്തും മറ്റും ഉപയോഗപ്പെടുത്തുന്നതിൽ ആഡംബരം കൈക്കൊള്ളുകയും, ഭരണീയർക്ക് അവ തടഞ്ഞു വെക്കുകയും ചെയ്താലും ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നാണ്. ശേഷം അദ്ദേഹം പറഞ്ഞു: "ഭരണാധികാരികളോട് അധികാരത്തിൻ്റെ കാര്യത്തിൽ ഞങ്ങൾ എതിർത്തു നിൽക്കില്ലെന്നും (ഞങ്ങൾ കരാർ ചെയ്തു)." അതായത് ഭരണാധികാരികൾക്ക് ഞങ്ങളുടെ കാര്യത്തിൽ അല്ലാഹു ഏൽപ്പിച്ചു നൽകിയതിൽ അവരോട് ഞങ്ങൾ എതിരിടുകയോ, ഭരണം അവരിൽ നിന്ന് തട്ടിയെടുക്കുകയോ ചെയ്യില്ല. കാരണം അങ്ങനെ ഭരണാധികാരിയോട് അധികാരവടംവലി നടത്തുന്നത് ധാരാളം പ്രശ്നങ്ങളും ഗുരുതരമായ കുഴപ്പങ്ങളും, മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പും സൃഷ്ടിക്കുന്നതാണ്. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ കാലഘട്ടം മുതൽ ഇക്കാലം വരെ മുസ്ലിം സമൂഹത്തെ തകർത്തത് ഭരണാധികാരികളോട് അധികാരവിഷയത്തിൽ എതിരിട്ടു നിൽക്കുക എന്നത് സംഭവിച്ചപ്പോൾ മാത്രമാണ്. ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹുവിങ്കൽ നിങ്ങൾക്ക് വ്യക്തമായ തെളിവുള്ള നിലയിൽ, അവരിൽ നിന്ന് വ്യക്തമായ കുഫ്ർ നിങ്ങൾ കാണുന്നത് വരെ." നാല് നിബന്ധനകൾ ഇവിടെ പറഞ്ഞിരിക്കുന്നു. അവ പൂർത്തിയായാൽ ഭരണാധികാരികളോട് അധികാരവിഷയത്തിൽ എതിരാവുകയും, അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്യാം. ആ നിബന്ധനകൾ ഇവയാണ്. ഒന്ന്: ഭരണാധികാരിയിൽ നിന്ന് വ്യക്തമായ കുഫ്ർ നിങ്ങൾ കാണണം. അതായത് വ്യക്തമായ അറിവ് ഉണ്ടായിരിക്കുക എന്നത് നിർബന്ധമാണ്. എന്നാൽ കേവല ഊഹമാണ് ഉള്ളത് എങ്കിൽ ഭരണാധികാരികൾക്ക് എതിരിൽ പുറപ്പെടൽ അനുവദനീയമല്ല. രണ്ട്: (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന തരത്തിലുള്ള) കുഫ്ർ സംഭവിച്ചു എന്ന് വ്യക്തമായി അറിയണം. എന്നാൽ (അതിൽ താഴെയുള്ള) തിന്മകളും തെറ്റുകളുമാണെങ്കിൽ അവർക്കെതിരിൽ പുറപ്പെടാൻ അനുവാദമില്ല. അവർ മദ്യപിക്കുകയോ, വ്യഭിചരിക്കുകയോ, ജനങ്ങളോട് അതിക്രമം പ്രവർത്തിക്കുകയോ ചെയ്തുവെങ്കിലും അവർക്കെതിരെ പുറപ്പെടാൻ അനുവാദമില്ല. എന്നാൽ വ്യക്തമായ കുഫ്ർ അവരിൽ നാം കണ്ടാൽ അത് ഈ ഹദീഥിൽ പറഞ്ഞതിൽ ഉൾപ്പെടും. മൂന്ന്: വ്യക്തമായ കുഫ്റായിരിക്കണം. അതായത് പ്രകടവും സുവ്യക്തവുമാകുന്ന തരത്തിലുള്ള നിഷേധമാകണം. എന്നാൽ വ്യാഖ്യാന സാധ്യതകളുള്ള കാര്യമാണെങ്കിൽ അവർക്കെതിരെ പുറപ്പെടൽ അനുവദനീയമാകില്ല. അതായത് നാം കുഫ്റാണ് എന്ന് മനസ്സിലാക്കുന്ന ഒരു കാര്യം അവർ പ്രവർത്തിച്ചുവെന്ന് വെക്കുക; എന്നാൽ അത് കുഫ്റാകാതിരിക്കാനും സാധ്യതയുള്ള ഒരു പ്രവർത്തനമാണ്. എങ്കിൽ അവരോട് എതിരിടുക എന്നതോ, അവർക്കെതിരെ പുറപ്പെടുകയെന്നതോ അനുവദനീയമാകില്ല. അവർ ഏറ്റെടുത്ത കാര്യത്തിൽ (ഭരണാധികാരത്തിൽ) അവരെ നാം വിട്ടേക്കുന്നതാണ്. എന്നാൽ വ്യക്തമായ കുഫ്റാണെങ്കിൽ -ഉദാഹരണത്തിന് വ്യഭിചരിക്കുന്നതും മദ്യപിക്കുന്നതും അനുവദനീയമാണെന്ന് വിശ്വസിച്ചു എന്ന് വ്യക്തമായി ബോധ്യപ്പെട്ടാൽ- (അപ്പോൾ ഈ ഹദീഥിൽ പറഞ്ഞതിൽ അത് ഉൾപ്പെടും.) നാല്: "അക്കാര്യത്തിൽ അല്ലാഹുവിൻ്റെ അടുക്കൽ നിങ്ങൾക്ക് വ്യക്തമായ തെളിവുണ്ട്." അതായത് ഭരണാധികാരി പ്രവർത്തിച്ചത് കുഫ്റാണ് എന്ന് വ്യക്തമാക്കുന്ന ഖണ്ഡിതമായ തെളിവ് നമ്മുടെ പക്കലുണ്ട്. എന്നാൽ ആ വിഷയത്തിലുള്ള തെളിവ് ദുർബലമോ, അതിലെ അർത്ഥസൂചനകൾ ദുർബലമോ ആണെങ്കിൽ അവർക്കെതിരെ പുറപ്പെടരുത്. കാരണം അത്തരം സാഹചര്യത്തിൽ അവർക്കെതിരെ പുറപ്പെടുന്നതിൽ ധാരാളം ഉപദ്രവങ്ങളും ഗൗരവമേറിയ കുഴപ്പങ്ങളുമുണ്ട്. ഇനി ഈ പറഞ്ഞതെല്ലാം നാം കണ്ടാൽ തന്നെയും ഭരണാധികാരിയെ അയാളുടെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശേഷിയും ശക്തിയും നമുക്കുണ്ടാകുന്നത് വരെ ഇറങ്ങിപ്പുറപ്പെടരുത്. കാരണം ഭരണീയരുടെ അടുക്കൽ ശക്തിയില്ലാത്ത അവസ്ഥയിൽ ഭരണാധികാരിക്കെതിരെ അവർ ഇറങ്ങിപ്പുറപ്പെട്ടാൽ ബാക്കിയുള്ള സച്ചരിതരായ ഒരു ചെറുകൂട്ടത്തെ അയാൾ നശിപ്പിക്കുകയും, അയാളുടെ ആധിപത്യം പൂർണ്ണമാവുകയും ചെയ്യും. ചുരുക്കത്തിൽ ഭരണാധികാരിയെ താഴെയിറക്കാനുള്ള ശക്തിയുണ്ടാവുക എന്നതിനോടൊപ്പം ഈ പറയപ്പെട്ട നിബന്ധനകൾ പൂർത്തിയാവുകയാണെങ്കിൽ അത് (ഭരണാധികാരിയെ താഴെയിറക്കുക എന്നത്) അനുവദനീയമോ ചിലപ്പോൾ നിർബന്ധമോ ആയിത്തീരും. എന്നാൽ ശക്തിയില്ലെങ്കിൽ പുറപ്പെടുന്നത് അനുവദനീയമല്ല; കാരണം അത് ആത്മഹത്യാപരമായ പ്രവൃത്തിയാണ്. അത് കൊണ്ട് പ്രത്യേകിച്ചൊരു ഉപകാരമുണ്ടാകുന്നതല്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * തിന്മയല്ലാത്ത കാര്യങ്ങളിൽ മുസ്ലിം ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുന്നു.
  2. * ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട മുഴുവൻ കാര്യങ്ങളിലും അവരെ അനുസരിക്കുന്നത് കൊണ്ടുള്ള നേട്ടം മുസ്ലിംകളുടെ വാക്കുകൾ ഒരുമിക്കുകയും, അണികൾക്കിടയിൽ ഭിന്നിപ്പും അഭിപ്രായവ്യത്യാസവും ഇല്ലാതാവുകയും ചെയ്യുന്നു എന്നതാണ്.
  3. * ഭരണാധികാരികളിൽ നിന്ന് വ്യക്തമായി ഉറപ്പുള്ള രൂപത്തിൽ കുഫ്ർ കാണുന്നത് വരെ അവർക്കെതിരെ പോരടിക്കരുത്. എന്നാൽ അവരിൽ നിന്ന് വ്യക്തമായ കുഫ്ർ പ്രകടമായാൽ അത് എതിർക്കുകയും, സത്യത്തെ സഹായിക്കുകയും വേണം; അതിൻ്റെ പേരിൽ എന്തെല്ലാം ബലി നൽകേണ്ടി വന്നാലും.
  4. * ഭരണാധികാരികൾക്കെതിരിൽ - അവർ അധർമ്മകാരിയകളാണെങ്കിൽ പോലും - പുറപ്പെടുന്നതും അവർക്കെതിരെ യുദ്ധം ചെയ്യുന്നതും നിഷിദ്ധമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. കാരണം അവർ ചെയ്യുന്ന തിന്മകളേക്കാൾ ഉപദ്രവം അവർക്കെതിരെ പുറപ്പെടുന്നതിലൂടെ സംഭവിച്ചേക്കാം. അതിനാൽ (രണ്ട് തിന്മകളിൽ ഏതെങ്കിലുമൊന്ന് അനിവാര്യമായി വന്നാൽ) അതിൽ ഏറ്റവും ചെറുത് സ്വീകരിക്കുകയാണ് വേണ്ടത്.
  5. * അല്ലാഹുവിനെ അനുസരിക്കുന്ന കാര്യങ്ങളിൽ മാത്രമായിക്കണം ഭരണാധികാരിയുമായി അനുസരണ പ്രതിജ്ഞ (ബയ്അത്) ചെയ്യുന്നത്.
  6. * സന്തോഷത്തിലും ദുഃഖത്തിലും എളുപ്പത്തിലും പ്രയാസത്തിലും നല്ല കാര്യങ്ങളിൽ ഭരണാധികാരിയെ അനുസരിക്കുക എന്നത് നിർബന്ധമാണ്. അത് സ്വന്തം ആഗ്രഹങ്ങൾക്ക് വിരുദ്ധമാണെങ്കിൽ പോലും.
  7. * ഭരണാധികാരിക്കുള്ള അവകാശത്തിന് ആദരവ് നൽകേണ്ടതുണ്ട്. അതിനാൽ സന്തോഷത്തിലും ദുഃഖത്തിലും എളുപ്പത്തിലും പ്രയാസത്തിലും ജനങ്ങൾ അവരെ അനുസരിക്കേണ്ടതുണ്ട്. അവരുടെ സ്വന്തം ഇഷ്ടങ്ങളേക്കാൾ ഭരണാധികാരിക്ക് പ്രാധാന്യം നൽകേണ്ടതുമുണ്ട്.