عن عبد الله بن عمرو بن العاص رضي الله عنهما عن النبي صلى الله عليه وسلم قال:
«الْكَبَائِرُ: الْإِشْرَاكُ بِاللهِ، وَعُقُوقُ الْوَالِدَيْنِ، وَقَتْلُ النَّفْسِ، وَالْيَمِينُ الْغَمُوسُ».
[صحيح] - [رواه البخاري] - [صحيح البخاري: 6675]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"വൻപാപങ്ങളെന്നാൽ; അല്ലാഹുവിൽ പങ്കുചേർക്കലും, മാതാപിതാക്കളെ ദ്രോഹിക്കലും, കൊലപാതകവും, കള്ളസത്യം ചെയ്യലുമാകുന്നു."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6675]
വൻപാപങ്ങൾ ഏതെല്ലാമാണെന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ഇഹലോകത്തോ പരലോകത്തോ കടുത്ത താക്കീത് നൽകപ്പെട്ട തിന്മകൾക്കാണ് ഇസ്‌ലാമിൽ വൻപാപങ്ങൾ എന്ന് പറയുക.
അതിൽ ഒന്നാമത്തേത് "അല്ലാഹുവിൽ പങ്കുചേർക്കലാണ്". ആരാധനകളിൽ ഏതെങ്കിലുമൊന്ന് അല്ലാഹുവല്ലാത്തവർക്ക് നൽകലാണ് അതിൻ്റെ ഉദ്ദേശ്യം. ആരാധനകൾക്ക് മാത്രം അർഹതയുള്ളവനാണ് അല്ലാഹു എന്ന അവൻ്റെ 'ഉലൂഹിയ്യത്തിലോ', സർവ്വതിനെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനാണ് അല്ലാഹു എന്ന അവൻ്റെ 'റുബൂബിയ്യത്തിലോ', അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങളിലോ അവന് മാത്രം പ്രത്യേകമായ ഏതെങ്കിലുമൊരു കാര്യത്തിൽ അല്ലാഹുവിനെ മറ്റുള്ളവരുമായി സമപ്പെടുത്തലാണ് ശിർക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
രണ്ടാമത്തേത്; മാതാപിതാക്കളെ ഉപദ്രവിക്കലാണ്. മാതാവിനോ പിതാവിനോ ഉപദ്രവമുണ്ടാക്കുന്ന ഏതൊരു വാക്കും പ്രവർത്തിയും, അവരോട് നന്മ ചെയ്യാതിരിക്കുന്നതും അതിൽ ഉൾപ്പെടും.
മൂന്നാമത്തേത് 'കൊലപാതകം'. അതിക്രമമായോ ശത്രുത മൂലമോ അന്യായമായി ഒരാളെ കൊലപ്പെടുത്തുന്നതാണ് ഈ പറഞ്ഞതിൽ ഉൾപ്പെടുക.
നാലാമത്തേത് 'കള്ളസത്യം ചെയ്യലാണ്'. കളവാണ് പറയുന്നത് എന്ന ബോധ്യത്തോടെ ശപഥം ചെയ്തു പറയുന്നതാണ് ഉദ്ദേശ്യം. 'മുക്കിക്കളയുന്നത്' എന്നർത്ഥമുള്ള 'ഗമൂസ്' എന്ന പദം അതിനോട് ചേർത്തിപ്പറഞ്ഞത് ഈ തിന്മ അത് ചെയ്യുന്നവരെ തിന്മകളിൽ -അല്ലെങ്കിൽ നരകത്തിൽ- മുക്കിക്കളയുന്നത് കൊണ്ടാണ്.