عن أبي بكرة رضي الله عنه قال: قال النبي صلى الله عليه وسلم:
«أَلَا أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ؟» ثَلَاثًا، قَالُوا: بَلَى يَا رَسُولَ اللهِ، قَالَ: «الْإِشْرَاكُ بِاللهِ، وَعُقُوقُ الْوَالِدَيْنِ» وَجَلَسَ وَكَانَ مُتَّكِئًا، فَقَالَ: «أَلَا وَقَوْلُ الزُّورِ»، قَالَ: فَمَا زَالَ يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَتَ.
[صحيح] - [متفق عليه] - [صحيح البخاري: 2654]
المزيــد ...
അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" അവിടുന്ന് ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചു. "അല്ലാഹുവിൽ പങ്ക് ചേർക്കലും, മാതാപിതാക്കളെ ഉപദ്രവിക്കലും." - ചാരിയിരിക്കുകയായിരുന്ന അവിടുന്ന് നിവർന്നിരുന്നു കൊണ്ട് പറഞ്ഞു: "അറിയുക, വ്യാജവാർത്തകളും." അവിടുന്ന് സംസാരം നിറുത്തിയെങ്കിൽ എന്ന് ഞങ്ങൾ പറഞ്ഞുപോവുന്നതു വരെ നബി -ﷺ- അതാവർത്തിച്ചു കൊണ്ടേയിരുന്നു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2654]
നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് ഏറ്റവും ഗൗരവപ്പെട്ട വൻപാപങ്ങൾ ഏതെല്ലാമാണെന്ന് അറിയിച്ചു നൽകുന്നു. മൂന്ന് കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത്:
1- അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്). അല്ലാഹുവല്ലാത്തവർക്ക് ഏതെങ്കിലുമൊരു ആരാധന സമർപ്പിക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം. അല്ലാഹുവിൻ്റെ ആരാധനക്കുള്ള അവകാശത്തിലോ സൃഷ്ടികർതൃത്വത്തിലോ നാമഗുണവിശേഷണങ്ങളിലോ സൃഷ്ടികളെ അവനോട് തുല്യരായി ഗണിക്കുന്നതും ശിർക്ക് തന്നെ.
2- മാതാപിതാക്കളെ ഉപദ്രവിക്കൽ. വാക്ക് കൊണ്ടോ പ്രവർത്തനം കൊണ്ടോ മാതാവിനെയോ പിതാവിനെയോ ഏത് നിലക്ക് ഉപദ്രവിച്ചാലും അത് ഈ പറഞ്ഞതിൽ ഉൾപ്പെടും. അവരോട് രണ്ട് പേരോടും നന്മ ചെയ്യാതിരിക്കുന്നതും അതിൽ ഉൾപ്പെടും.
3- വ്യാജവാക്ക്. കള്ളസാക്ഷ്യം അതിൽ പെടുന്നതാണ്. സമ്പത്ത് അന്യായമായി കൈക്കലാക്കുന്നതിനോ, അഭിമാനത്തെ വ്രണപ്പെടുത്താനോ മറ്റോ വേണ്ടി ഒരാളെ ഇകഴ്ത്തി പറയുന്ന എല്ലാ കെട്ടിയുണ്ടാക്കപ്പെട്ട കള്ളവാക്കുമാണ് അത് കൊണ്ട് ഉദ്ദേശ്യം.
കള്ളസാക്ഷ്യത്തിൻറെ മ്ലേഛത ബോധ്യപ്പെടുത്തുന്നതിനും സമൂഹത്തിൽ അതുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നതിനും വേണ്ടിയാണ് നബി -ﷺ- അക്കാര്യം ആവർത്തിച്ചു കൊണ്ടേയിരുന്നത്. നബി -ﷺ- യോടുള്ള അനുകമ്പയും, അവിടുത്തേക്ക് പ്രയാസം സൃഷ്ടിക്കുന്നതിലുള്ള അനിഷ്ടവും കാരണം "അവിടുന്ന് മിണ്ടാതിരുന്നെങ്കിൽ!" എന്ന് സ്വഹാബികൾ പറഞ്ഞുപോകുവോളം നബി -ﷺ- അത് ആവർത്തിച്ചു കൊണ്ടിരുന്നു.