عَنْ أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ:
«إِيَّاكُمْ وَالظَّنَّ؛ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ، وَلَا تَحَسَّسُوا، وَلَا تَجَسَّسُوا، وَلَا تَحَاسَدُوا، وَلَا تَدَابَرُوا، وَلَا تَبَاغَضُوا، وَكُونُوا عِبَادَ اللهِ إِخْوَانًا».
[صحيح] - [متفق عليه] - [صحيح البخاري: 6064]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക! തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും വലിയ കളവാകുന്നു ഊഹം. നിങ്ങൾ ജനങ്ങളുടെ ന്യൂനതകൾ ചികയുകയോ, ചാരപ്പണി നടത്തുകയോ, പരസ്പരം അസൂയ വെക്കുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, പരസ്പരം വെറുപ്പ് വെച്ചു പുലർത്തുകയോ ചെയ്യരുത്. പരസ്പര സഹോദരങ്ങളായി, അല്ലാഹുവിൻ്റെ ദാസന്മാരാവുക നിങ്ങൾ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6064]
മുസ്‌ലിംകൾക്കിടയിൽ പരസ്പര ശത്രുതയും ഭിന്നിപ്പും ഉടലെടുക്കാൻ കാരണമാകുന്ന ചില കാര്യങ്ങളിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിലക്കുന്നു. അതിൽ പെട്ടതാണ്:
ഊഹം: ഒരു തെളിവുമില്ലാതെ മറ്റൊരാളെ കുറിച്ച് മനസ്സിൽ മോശമായ ചിന്ത ഉണ്ടാകുന്നതിനാണ് ഊഹം എന്ന് പറയുന്നത്. സംസാരങ്ങളിൽ ഏറ്റവും കളവ് ഊഹങ്ങളാണ് എന്ന് നബി -ﷺ- വിവരിക്കുന്നു.
കുറവുകൾ ചികയൽ: ജനങ്ങളുടെ ന്യൂനതകളും കുറവുകളും കണ്ടെത്താൻ കണ്ണും ചെവിയും തുറന്നു വെക്കുന്ന സ്വഭാവമാണത്.
ചാരപ്പണി: രഹസ്യമായ കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് ചാരപ്പണി എന്ന് പറയുന്നത്. തിന്മകൾ അന്വേഷിക്കുന്നതിനാണ് ഈ വാക്ക് കൂടുതലും പ്രയോഗിക്കപ്പെടാറുള്ളത്.
അസൂയ: മറ്റുള്ളവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നതിലുള്ള അനിഷ്ടമാണ് അത് കൊണ്ട് ഉദ്ദേശ്യം.
പരസ്പരം തിരിഞ്ഞു കളയൽ: അതായത് തമ്മിൽ കണ്ടാൽ മുഖം തിരിച്ചു കളയൽ. തൻ്റെ സഹോദരനായ മുസ്‌ലിമിനോട് സലാം പറയുകയോ, അവനെ സന്ദർശിക്കുകയോ ചെയ്യാതിരിക്കൽ.
പരസ്പരം വെറുക്കൽ: പരസ്പരം മനസ്സ് കൊണ്ട് വെറുക്കുകയും അകലുകയും, മറ്റുള്ളവരെ ഉപദ്രവിക്കുകയും, മുഖം ചുളിക്കുകയും നേർക്കുനേരെ മുഖം കൊടുക്കാതിരിക്കുകയും ചെയ്യുന്നതെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും.
ഈ തിന്മകളിൽ നിന്നെല്ലാം വിലക്കിയതിന് ശേഷം നബി -ﷺ- ഇതിനെയെല്ലാം ഒരുമിപ്പിക്കുന്ന, മുസ്‌ലിംകൾ തമ്മിലുള്ള അവസ്ഥ നന്നാക്കുന്ന മനോഹരമായ ഒരു വാക്ക് പറഞ്ഞു: "നിങ്ങൾ പരസ്പര സഹോദരങ്ങളായി, അല്ലാഹുവിൻ്റെ അടിമകളാവുക" എന്നതായിരുന്നു അത്. പരസ്പരസാഹോദര്യം എന്നത് ജനങ്ങൾക്കിടയിലെ ബന്ധങ്ങളെ ചേർത്തു നിർത്തുന്ന ഘടകമാണ്. അവർക്കിടയിലെ സ്നേഹവും ഐക്യവും അതിലൂടെ വർദ്ധിക്കും.