عن أنس بن مالك رضي الله عنه:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَمُعَاذٌ رَدِيفُهُ عَلَى الرَّحْلِ قَالَ: «يَا مُعَاذُ بْنَ جَبَلٍ»، قَالَ: لَبَّيْكَ يَا رَسُولَ اللهِ وَسَعْدَيْكَ، قَالَ: «يَا مُعَاذُ»، قَالَ: لَبَّيْكَ يَا رَسُولَ اللهِ وَسَعْدَيْكَ، ثَلَاثًا، قَالَ: «مَا مِنْ أَحَدٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ صِدْقًا مِنْ قَلْبِهِ إِلَّا حَرَّمَهُ اللهُ عَلَى النَّارِ»، قَالَ: يَا رَسُولَ اللهِ، أَفَلَا أُخْبِرُ بِهِ النَّاسَ فَيَسْتَبْشِرُوا؟ قَالَ: «إِذًا يَتَّكِلُوا». وَأَخْبَرَ بِهَا مُعَاذٌ عِنْدَ مَوْتِهِ تَأَثُّمًا.
[صحيح] - [متفق عليه] - [صحيح البخاري: 128]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ പിറകിൽ സഹയാത്രികനായി ഇരുത്തി പോകുന്ന വേളയിൽ നബി -ﷺ- പറഞ്ഞു: "ഹേ മുആദ് ബ്നു ജബൽ!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." നബി -ﷺ- പറഞ്ഞു: "ഹേ മുആദ്!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." മൂന്നു തവണ ഇപ്രകാരം ആവർത്തിച്ചു. ശേഷം നബി -ﷺ- പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരാൾക്ക് മേലും അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല." മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷമാകുന്നതിന് വേണ്ടി അവരെ ഈ വാർത്ത അറിയിക്കട്ടെയോ?" നബി -ﷺ- പറഞ്ഞു: "അതോടെ അവർ അതിൽ ഒതുങ്ങിക്കൂടും." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "മുആദ് തൻ്റെ മരണവേളയിൽ (വിജ്ഞാനം മറച്ചു വെക്കുന്നത്) തെറ്റാകുമോ എന്ന ഭയത്തിലാണ് ഇക്കാര്യം അറിയിച്ചത്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 128]
മുആദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വാഹനപ്പുറത്ത് അവിടുത്തെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന വേളയിൽ നബി -ﷺ- അദ്ദേഹത്തെ മൂന്ന് തവണ വിളിച്ചു. ഇനി പറയാനിരിക്കുന്ന കാര്യത്തിൻ്റെ ഗൗരവം അദ്ദേഹത്തിൻ്റെ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ആവർത്തിച്ചുള്ള ഈ വിളികൾ.
ഓരോ തവണയും നബി -ﷺ- തന്നെ വിളിച്ചപ്പോഴും മുആദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഞാൻ ആവർത്തിച്ചു ഉത്തരം നൽകുന്നു. അങ്ങയുടെ വിളിക്ക് ഉത്തരം നൽകുന്നതിൽ ഞാൻ എല്ലാ സൗഭാഗ്യവും കാണുന്നു."
അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "ഏതൊരാൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന ആശയം പഠിപ്പിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കിന് സാക്ഷ്യം വഹിക്കുകയും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്ന് അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ; അവൻ്റെ ഹൃദയത്തിൽ നിന്ന് സത്യസന്ധമായി കൊണ്ടാണ് അവനത് പറയുന്നതെങ്കിൽ... ആ അവസ്ഥയിൽ അവൻ മരണപ്പെട്ടാൽ അല്ലാഹു അവൻ്റെ മേൽ നരകം നിഷിദ്ധമാക്കുന്നതാണ്."
താൻ കേട്ട കാര്യം ജനങ്ങളെ അറിയിക്കുകയും അവർക്ക് സന്തോഷകരമായ ഈ വാർത്ത എത്തിച്ചു നൽകുകയും ചെയ്യട്ടയോ എന്ന് നബി -ﷺ- യോട് മുആദ് -رَضِيَ اللَّهُ عَنْهُ- അനുവാദം ചോദിച്ചു.
എന്നാൽ ജനങ്ങൾ ഈ വിവരം അറിഞ്ഞാൽ അതിൻ്റെ മേൽ പ്രതീക്ഷ വെക്കുകയും, അവരുടെ പ്രവർത്തനങ്ങൾ കുറയാൻ അത് കാരണമാവുകയും ചെയ്തേക്കുമോ എന്ന് നബി -ﷺ- പേടിച്ചു.
അതിനാൽ മരണത്തിൻ്റെ തൊട്ടുമുൻപുള്ള സന്ദർഭത്തിലാണ് മുആദ് -رَضِيَ اللَّهُ عَنْهُ- ഈ വിവരം മറ്റുള്ളവരോട് പറഞ്ഞത്. അറിവ് മറച്ചു വെച്ചതിനുള്ള തെറ്റ് തന്നെ ബാധിക്കുമോ എന്ന ഭയം കൊണ്ടായിരുന്നു അത്.