«بَلِّغُوا عَنِّي وَلَوْ آيَةً، وَحَدِّثُوا عَنْ بَنِي إِسْرَائِيلَ وَلَا حَرَجَ، وَمَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ».
[صحيح] - [رواه البخاري] - [صحيح البخاري: 3461]
المزيــد ...
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും നിങ്ങൾ എത്തിച്ചു നൽകുക. നിങ്ങൾ ഇസ്രാഈൽ സന്തതികളിൽ നിന്ന് ഉദ്ധരിച്ചു കൊള്ളുക; അതിൽ കുഴപ്പമില്ല. ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കളവ് പറഞ്ഞാൽ അവൻ നരകത്തിൽ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ."
നബി -ﷺ- യിൽ നിന്ന് വന്നെത്തിയ ഖുർആനും സുന്നത്തുമാകുന്ന വിജ്ഞാനം ജനങ്ങൾക്ക് എത്തിച്ചു നൽകാൻ നബി -ﷺ- കൽപ്പിക്കുന്നു. അത് എത്ര ചെറുതാണെങ്കിലും -ഒരു ആയത്തോ ഒരു ഹദീഥോ മാത്രമാണെങ്കിൽ പോലും-... എന്നാൽ താൻ എത്തിച്ചു കൊടുക്കുകയും ക്ഷണിക്കുകയും ചെയ്യുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവനായിരിക്കണം അവൻ എന്ന നിബന്ധന ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ബനൂ ഇസ്രാഈലുകാരായ യഹൂദ നസ്വാറാക്കളിൽ നിന്ന് ലഭിക്കുന്ന ചരിത്രവിവരണങ്ങൾ നമ്മുടെ ദീനിന് വിരുദ്ധമാകുന്നില്ലെങ്കിൽ അവ ഉദ്ധരിക്കുകയും പറയുകയും ചെയ്യുന്നതിൽ തെറ്റില്ല എന്നും ശേഷം നബി -ﷺ- അറിയിക്കുന്നു. അതിന് ശേഷം തൻ്റെ മേൽ കളവ് പറയുന്നതിൽ നിന്ന് അവിടുന്ന് താക്കീത് നൽകുന്നു. ആരെങ്കിലും നബി -ﷺ- യുടെ പേരിൽ കളവ് പറഞ്ഞാൽ അവൻ നരകത്തിൽ തനിക്കുള്ള സങ്കേതം സ്വീകരിക്കട്ടെ!