عن أبي هريرة رضي الله عنه: أن رسول الله صلى الله عليه وسلم قال:
«يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ، يَقُولُ: «مَنْ يَدْعُونِي فَأَسْتَجِيبَ لَهُ؟ مَنْ يَسْأَلُنِي فَأُعْطِيَهُ؟ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ؟».
[صحيح] - [متفق عليه] - [صحيح البخاري: 1145]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നമ്മുടെ രക്ഷിതാവ് രാത്രിയുടെ മൂന്നിലൊന്ന് ബാക്കിയുള്ളവേളയിൽ, എല്ലാ രാത്രികളിലും (ഭൂമിയോട്) ഏറ്റവുമടുത്ത ആകാശത്തിലേക്ക് ഇറങ്ങിവരുന്നതാണ്. അവൻ പറയും: "എന്നോട് പ്രാർത്ഥിക്കുന്നവൻ ആരുണ്ട്; അവന് ഞാൻ ഉത്തരം നൽകാം? എന്നോട് ചോദിക്കുന്നവൻ ആരുണ്ട്; ഞാൻ അവൻ്റെ ആവശ്യം നൽകാം. എന്നോട് പാപമോചനം തേടുന്നവൻ ആരുണ്ട്; ഞാൻ അവന് പൊറുത്തു നൽകാം."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1145]
അല്ലാഹു എല്ലാ രാത്രികളിലും ഭൂമിയോട് അടുത്തുള്ള ആകാശത്തിലേക്ക് ഇറങ്ങി വരുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. രാത്രിയുടെ അവസാന മൂന്നിലൊരു ഭാഗം ബാക്കിയുള്ള സന്ദർഭത്തിലായിരിക്കും അതുണ്ടാവുക. തൻ്റെ ദാസന്മാരോട് തന്നെ വിളിച്ചു പ്രാർത്ഥിക്കുന്നതിന് അവൻ പ്രേരിപ്പിക്കുന്നു; അവൻ അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. തന്നോട് ആവശ്യമുള്ളത് ചോദിക്കാനും അവൻ അവർക്ക് പ്രോത്സാഹനം നൽകുന്നു; തന്നോട് ചോദിക്കുന്നവർക്ക് അവൻ നൽകുന്നതാണ് എന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അവനോട് പാപമോചനം തേടാനും അല്ലാഹു അവരെ പ്രേരിപ്പിക്കുന്നു; അവൻ വിശ്വാസികളായ തൻ്റെ ദാസന്മാരുടെ പാപങ്ങൾ പൊറുത്തു നൽകുന്നവനാണ്.