عَنْ أَبِي سَعِيدٍ الخُدْرِيَّ رَضِيَ اللَّهُ عَنْهُ -وَكَانَ غَزَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ ثِنْتَيْ عَشْرَةَ غَزْوَةً- قَالَ: سَمِعْتُ أَرْبَعًا مِنَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَعْجَبْنَنِي، قَالَ:
«لاَ تُسَافِرِ المَرْأَةُ مَسِيرَةَ يَوْمَيْنِ إِلَّا وَمَعَهَا زَوْجُهَا أَوْ ذُو مَحْرَمٍ، وَلاَ صَوْمَ فِي يَوْمَيْنِ: الفِطْرِ وَالأَضْحَى، وَلاَ صَلاَةَ بَعْدَ الصُّبْحِ حَتَّى تَطْلُعَ الشَّمْسُ، وَلاَ بَعْدَ العَصْرِ حَتَّى تَغْرُبَ، وَلاَ تُشَدُّ الرِّحَالُ إِلَّا إِلَى ثَلاَثَةِ مَسَاجِدَ: مَسْجِدِ الحَرَامِ، وَمَسْجِدِ الأَقْصَى، وَمَسْجِدِي هَذَا».
[صحيح] - [متفق عليه] - [صحيح البخاري: 1995]
المزيــد ...
അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- -നബി -ﷺ- യോടൊപ്പം പന്ത്രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്ത വ്യക്തിയാണ് അദ്ദേഹം- നിവേദനം ചെയ്യുന്നു: നാല് കാര്യങ്ങൾ നബി -ﷺ- യിൽ നിന്ന് ഞാൻ കേൾക്കുകയും, അവ എനിക്ക് പ്രിയങ്കരമാവുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
"ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്. രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കരുത്; ചെറിയ പെരുന്നാൾ ദിവസവും, ബലിപെരുന്നാൾ ദിവസവും. സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും, അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും നിസ്കാരമില്ല. മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്തുകൂടാ; മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ്വാ, എൻ്റെ ഈ മസ്ജിദ് (അൽ മസ്ജിദുന്നബവി)."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1995]
നാല് കാര്യങ്ങളിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു.
ഒന്ന്: മുസ്‌ലിമായ ഒരു സ്ത്രീ അവളുടെ ഭർത്താവിൻ്റെയോ അവൾക്ക് വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകളിൽ പെട്ട ആരുടെയെങ്കിലുമോ കൂടെയെല്ലാതെ രണ്ട് ദിവസം ദൈർഘ്യമുള്ള യാത്രകൾ നടത്തുന്നത് അവിടുന്ന് വിലക്കി. സഹോദരൻ, പിതാവ്, സഹോദരപുത്രൻ, സഹോദരീപുത്രൻ, പിതൃസഹോദരൻ, മാതൃസഹോദരൻ തുടങ്ങി വിവാഹബന്ധം സ്ഥിരമായി നിഷിദ്ധമായവരാണ് ഇവിടെ പരിഗണിക്കപ്പെടുന്ന മഹ്റമുകൾ.
രണ്ട്: ചെറിയ പെരുന്നാൾ ദിവസവും വലിയ പെരുന്നാൾ ദിവസവും നോമ്പ് നോൽക്കുന്നതിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു. അത് നേർച്ചയുടെ ഭാഗമോ, സുന്നത്തായ നോമ്പ് എന്ന നിലക്കോ, പ്രായശ്ചിത്തത്തിൻ്റെ ഭാഗമായോ ആയാലും ശരി.
മൂന്ന്: അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും, സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും നിസ്കരിക്കുന്നത് നബി -ﷺ- വിലക്കുന്നു.
നാല്: നബി -ﷺ- എടുത്തു പറഞ്ഞ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ, ഏതെങ്കിലും ഒരു സ്ഥലത്തേക്ക് പുണ്യവും ശ്രേഷ്ഠതയും നന്മകൾക്ക് കൂടുതൽ പ്രതിഫലവും നൽകപ്പെടുമെന്ന പ്രതീക്ഷയോടെ യാത്ര ചെയ്യാൻ പാടില്ലെന്ന് അവിടുന്ന് അറിയിക്കുന്നു. ഏതെങ്കിലുമൊരു മസ്ജിദിൽ നിസ്കരിക്കാൻ എന്ന പ്രത്യേക ഉദ്ദേശ്യത്തോടെ ദീർഘ യാത്ര പോകാൻ പാടില്ല. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വാ എന്നീ മൂന്ന് മസ്ജിദുകളിൽ മാത്രമേ പുണ്യം അധികമായി നൽകപ്പെടുകയുള്ളൂ.