+ -

عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ قَالَ حِينَ يَسْمَعُ النِّدَاءَ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ، حَلَّتْ لَهُ شَفَاعَتِي يَوْمَ القِيَامَةِ».

[صحيح] - [رواه البخاري] - [صحيح البخاري: 614]
المزيــد ...

ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ബാങ്ക് വിളി കേട്ടാൽ (اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ) "അല്ലാഹുവേ! ഈ സമ്പൂർണ്ണമായ ക്ഷണത്തിൻ്റെയും, മുന്നിലെത്തിയിരിക്കുന്ന നിസ്കാരത്തിൻ്റെയും രക്ഷിതാവേ! മുഹമ്മദ് നബി -ﷺ- ക്ക് 'വസീലഃ'യും 'ഫദ്വീലയും' നീ നൽകേണമേ! അവിടുത്തെ നീ വാഗ്ദാനം നൽകിയ സ്തുത്യർഹമായ പദവിയിൽ നീ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യേണമേ!" എന്ന് പറഞ്ഞാൽ അന്ത്യനാളിൽ എൻ്റെ ശഫാഅത്ത് (ശുപാർശ) അവന് ലഭ്യമായിരിക്കുന്നു."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 614]

വിശദീകരണം

ബാങ്ക് വിളിക്കുന്നത് കേട്ടു കഴിഞ്ഞ ശേഷം ഹദീഥിൽ പഠിപ്പിക്കപ്പെട്ടതു പ്രകാരം പറയുന്നവർക്കുള്ള പ്രതിഫലമാണ് നബി -ﷺ- ഈ ഹദീഥിൽ വ്യക്തമാക്കുന്നത്.
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ: "അല്ലാഹുവേ! ഈ പരിപൂർണ്ണമായ ക്ഷണത്തിൻ്റെ രക്ഷിതാവായവനേ!" നിസ്കാരത്തിലേക്കും അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും ക്ഷണിക്കുന്ന ബാങ്ക്‌വിളിയാണ് ക്ഷണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിൻ്റെ ഏകത്വത്തിലേക്കും നബി -ﷺ- യുടെ പ്രവാചകത്വത്തിലേക്കും ക്ഷണിക്കുന്ന വാക്കുകളാണ് അതിലുള്ളത് എന്നതിനാൽ പരിപൂർണ്ണമായ ക്ഷണമാണത്. وَالصَّلاَةِ القَائِمَةِ : നിർവ്വഹിക്കപ്പെടാൻ പോകുന്ന ഈ നിസ്കാരത്തിൻ്റെയും രക്ഷിതാവേ! آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ : മുഹമ്മദ് നബി -ﷺ- ക്ക് നീ വസീലത്തും ഫദ്വീലത്തും നൽകേണമേ! വസീലത്ത് എന്നാൽ സ്വർഗത്തിലുള്ള ഉന്നതമായ ഒരു പദവിയാണ്. അതിന് നബി -ﷺ- മാത്രമാണ് യോഗ്യനായിട്ടുള്ളത്. ഫദ്വീലത്ത് എന്നാൽ എല്ലാ സൃഷ്ടികളുടെയും പദവികൾക്ക് മുകളിൽ അധികമായി നൽകപ്പെടുന്ന ശ്രേഷ്ഠസ്ഥാനമാണ്. وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ : എല്ലാവരാലും സ്തുതിക്കപ്പെടുന്ന ഒരു സ്ഥാനം നബി -ﷺ- ക്ക് നീ നൽകേണമേ! സൃഷ്ടികൾക്കെല്ലാം വേണ്ടി അവിടുന്ന് നടത്തുന്ന ഏറ്റവും വലിയ ശുപാർശയാണ് ഇത് കൊണ്ട് ഉദ്ദേശ്യം. ഈ സ്ഥാനം നബി -ﷺ- ക്ക് നൽകാമെന്ന് അല്ലാഹു ഖുർആനിൽ വാഗ്ദാനം ചെയ്തിരിക്കുന്നു. "താങ്കളുടെ റബ്ബ് മഖാമുൻ മഹ്മൂദിൽ താങ്കളെ നിശ്ചയിക്കുന്നതാണ്."
ഈ പ്രാർത്ഥന ഒരാൾ ചൊല്ലിയാൽ അന്ത്യനാളിൽ നബി -ﷺ- യുടെ ശുപാർശ അയാൾക്ക് ലഭിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഹദീഥിൽ പഠിപ്പിക്കപ്പെട്ട ദുആ ബാങ്ക് വിളി കേൾക്കുമ്പോൾ അതിന് മറുപടി നൽകിയ ശേഷമാണ് പറയേണ്ടത്. ബാങ്ക് കേൾക്കാത്തവർ ഈ ദുആ ചൊല്ലേണ്ടതില്ല.
  2. നബി -ﷺ- യുടെ ശ്രേഷ്ഠതയും മഹത്വവും സ്ഥാനവും. 'വസീലഃ', 'ഫദ്വീലഃ', 'മഖാമുൻ മഹ്മൂദ്', 'ശഫാഅഃതുൽ ഉദ്മാ' (ഏറ്റവും വലിയ ശുപാർശ) എന്നീ സ്ഥാനങ്ങൾ നബി -ﷺ- ക്ക് നൽകപ്പെട്ടിരിക്കുന്നു. പരലോക ഭൂമിയിൽ പ്രയാസപ്പെട്ട് കാത്തുനിൽക്കുന്ന ജനങ്ങളെ മുഴുവൻ വിചാരണക്കെടുക്കാൻ വേണ്ടി അല്ലാഹുവിനോട് നബി നടത്തുന്ന ശുപാർശയാണ് ശഫാഅഃതുൽ ഉദ്മാ.
  3. നബി -ﷺ- യുടെ ശുപാർശ അന്ത്യനാളിൽ ഉണ്ടായിരിക്കുന്നതാണെന്നതിനുള്ള തെളിവ്. 'എൻ്റെ ശുപാർശ അവന് ലഭിക്കുന്നതാണ്" എന്ന നബി -ﷺ- യുടെ വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം.
  4. തൻ്റെ ഉമ്മത്തിൽ നിന്ന് വൻപാപങ്ങൾ പ്രവർത്തിച്ചവർ നരകത്തിൽ പ്രവേശിക്കാതിരിക്കുന്നതിനും, അവരുടെ കൂട്ടത്തിൽ നിന്ന് പ്രവേശിച്ചവരെ പുറത്തു കൊണ്ടുവരുന്നതിനും, വിചാരണയില്ലാതെ സ്വർഗത്തിൽ പ്രവേശിക്കുന്നതിനും, സ്വർഗത്തിൽ പ്രവേശിച്ചവരുടെ പദവികൾ ഉയർത്തുന്നതിനും വേണ്ടി നബി -ﷺ- ശുപാർശ പറയുന്നതാണ്.
  5. ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "ബാങ്കിൻ്റെ തുടക്കം മുതൽ മുഹമ്മദ് നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ സാക്ഷ്യം പറയുന്നത് വരെയുള്ള ബാങ്കിൻ്റെ ഭാഗം പരിപൂർണ്ണമായ ക്ഷണം (الدعوة التامة) എന്നതിൽ ഉൾപ്പെടുന്നതാണ്. നിസ്കാരത്തിലേക്കുള്ള ക്ഷണമാകുന്ന രണ്ട് 'ഹൈയ്യഅല'കൾ 'സ്വലാതിൽ ഖാഇമഃ' എന്നതിലും ഉൾപ്പെടുന്നതാണ്. സ്വലാത്ത് എന്നത് കൊണ്ട് പ്രാർത്ഥനയും, ഖാഇമഃ എന്നത് കൊണ്ട് എന്നെന്നും നിലനിൽക്കുന്നത് എന്നും അർത്ഥമാക്കപ്പെടാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ 'സ്വലാതുൻ ഖാഇമഃ' എന്നത് 'ദഅ്വതുൻ താമ്മഃ' എന്നതിൻ്റെ വിശദീകരണമായി മനസ്സിലാക്കേണ്ടി വരും. ഓരോ ബാങ്കിൻ്റെയും വേളയിലുള്ള പരിചിതമായ നിസ്കാരമാണ് 'സ്വലാത്തുൻ ഖാഇമഃ' എന്ന വിശദീകരണത്തിനും ഇവിടെ സാധ്യതയുണ്ട്. ഒരർത്ഥത്തിൽ അതാണ് കൂടുതൽ പ്രബലവും പ്രകടവുമായുള്ളത്."
  6. മുഹല്ലബ് -رَحِمَهُ اللَّهُ- പറയുന്നു: "നിസ്കാരത്തിൻ്റെ സമയങ്ങളിൽ ദുആ നിർവ്വഹിക്കാനുള്ള പ്രേരണ ഈ ഹദീഥിലുണ്ട്. കാരണം പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടാൻ ഏറെ സാധ്യതയുള്ള സന്ദർഭമാണത്."
കൂടുതൽ