عن النعمان بن بشير رضي الله عنه قال: سمعت النبي صلى الله عليه وسلم يقول: «إن الحلال بيِّن وإن الحرام بين، وبينهما أمور مُشْتَبِهَاتٌ لا يعلمهن كثير من الناس، فمن اتقى الشُّبُهات فقد اسْتَبْرَأ لدينه وعرضه، ومن وقع في الشبهات وقع في الحرام، كالراعي يرعى حول الحِمى يوشك أن يَرْتَع فيه، ألا وإن لكل مَلِك حِمى، ألا وإن حِمى الله محارمه، ألا وإن في الجسد مُضغة إذا صلحت صلح الجسد كله وإذا فسدت فسد الجسد كله ألا وهي القلب».
[صحيح] - [متفق عليه]
المزيــد ...

നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "തീർച്ചയായും ഹലാൽ (അനുവദനീയമായത്) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമായത്) വ്യക്തമാണ്. അവക്ക് രണ്ടിനുമിടയിൽ അവ്യക്തമായ ചില കാര്യങ്ങളുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ മതത്തെയും അഭിമാനത്തെയും രക്ഷപ്പെടുത്തിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോയിരിക്കുന്നു. ഒരു സംരക്ഷിതവേലിക്ക് ചുറ്റും (തൻ്റെ ആടുകളെ) മേയ്ക്കുന്ന ആട്ടിടയനെ പോലെ. അവൻ അതിനുള്ളിൽ മേയ്ച്ചു പോകാനായിട്ടുണ്ട്. അറിയുക! എല്ലാ രാജാക്കന്മാർക്കും സംരക്ഷിതവേലിയുണ്ട്. അറിയുക! തീർച്ചയായും അല്ലാഹുവിൻ്റെ സുരക്ഷിതവേലി അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാകുന്നു. അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക! ഹൃദയമാകുന്നു അത്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവും അവൻ്റെ റസൂലും അനുവദനീയമക്കിയവയും, അല്ലാഹുവും റസൂലും നിഷിദ്ധമാക്കിയവയും വ്യക്തമാണ് എന്നതാണ് പൊതുവായ അടിസ്ഥാന നിയമം. എന്നാൽ അവ്യക്തമായ കാര്യങ്ങളുടെ വിഷയത്തിലാണ് ഒരു മുസ്ലിം ഭയപ്പാടുള്ളവനാകേണ്ടത്. ആരെങ്കിലും അവന് അവ്യക്തമായ അത്തരം കാര്യങ്ങൾ ഉപേക്ഷിച്ചാൽ നിഷിദ്ധകാര്യങ്ങളിൽ പതിക്കാതെ തൻ്റെ ദീനിനെ അയാൾക്ക് സുരക്ഷിതമാക്കാൻ കഴിയും. അതു പോലെ, ഇത്തരം അവ്യക്തമായ കാര്യങ്ങൾ ചെയ്തതിൻ്റെ പേരിൽ ജനങ്ങൾ അവനെ ആക്ഷേപിക്കുകയും, അവൻ്റെ അഭിമാനത്തിന് പോറലേൽക്കുകയും ചെയ്യുന്നതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. എന്നാൽ ആരെങ്കിലും ഇത്തരം അവ്യക്തമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാതിരിക്കുകയാണെങ്കിൽ അവൻ നിഷിദ്ധത്തിലേക്ക് വീഴാൻ സ്വന്തത്തിനുള്ള വഴിയൊരുക്കിയിരിക്കുന്നു. അതല്ലെങ്കിൽ ജനങ്ങൾക്ക് അവനെ ആക്ഷേപിക്കാനും കുറ്റം പറയാനുമുള്ള മാർഗം സൃഷ്ടിച്ചിരിക്കുന്നു. അവ്യക്തമായ കാര്യങ്ങൾ പ്രവർത്തിക്കുന്ന വ്യക്തിക്ക് നബി -ﷺ- ഒരു ഉദാഹരണം പറഞ്ഞിരിക്കുന്നു. തൻ്റെ ആട്ടിൻപറ്റത്തെയോ ഒട്ടകക്കൂട്ടത്തെയോ മേയ്ക്കുന്ന ഒരു ഇടയനെ പോലെയാണവൻ. ഒരാൾ അതിരുകെട്ടി സംരക്ഷിച്ചിട്ടുള്ള പ്രദേശത്തിന് തൊട്ടടുത്തായാണ് അവൻ മേയ്ക്കുന്നത്. വളരെ അടുത്താണ് എന്നതിനാൽ അവൻ്റെ മൃഗങ്ങൾ ഈ സംരക്ഷിതമേഖലയിൽ പ്രവേശിച്ച് അവിടെ മേഞ്ഞു നടക്കാനുള്ള സാധ്യത വളരെയധികമുണ്ട്. ഇതു പോലെ തന്നെയാണ്, അവ്യക്തമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവനും. അവൻ ഇതിലൂടെ വ്യക്തമായ ഹറാമിൻ്റെ അടുത്തേക്ക് എത്തിയിരിക്കുന്നു. ചിലപ്പോൾ അവൻ ഹറാമിൽ തന്നെ വീണുപോയേക്കാം. ശേഷം നബി -ﷺ- ബാഹ്യമായ പ്രവർത്തനങ്ങൾ - അത് നല്ലതോ ചീത്തതോ ആകട്ടെ - ഹൃദയത്തിലെ ഗോപ്യമായ പ്രവർത്തനങ്ങളുടെ അടയാളമാണെന്ന സൂചന നൽകുന്നു. ശരീരത്തിൽ ഹൃദയമെന്ന ഒരു മാംസക്കഷ്ണമുണ്ടെന്നും, അത് നന്നാകുമ്പോൾ ശരീരം നന്നാകുമെന്നും, അത് തകർന്നാൽ മറ്റെല്ലാം തകരുമെന്നും നബി -ﷺ- അറിയിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അനുവദനീയമായത് പ്രവർത്തിക്കാനും, നിഷിദ്ധമായത് ഉപേക്ഷിക്കാനുമുള്ള പ്രോത്സാഹനം.
  2. * അവ്യക്തമായ വിഷയങ്ങൾക്ക് മതപരമായ വിധികളും, അതിലേക്ക് എത്തിക്കുന്ന മതപരമായ തെളിവുകളും ഉണ്ടായിരിക്കും. ധാരാളം പേർക്ക് ചിലപ്പോൾ അവ്യക്തമായേക്കാമെങ്കിലും ജനങ്ങളിൽ ചിലർക്ക് അത് മനസ്സിലായേക്കാവുന്നതാണ്.
  3. * തൻ്റെ സമ്പാദ്യത്തിലും ജീവിതത്തിലും മറ്റെല്ലാ ഇടപാടുകളിലും അവ്യക്തമായ വിഷയങ്ങളെ ഒരാൾ ഉപേക്ഷിച്ചില്ലെങ്കിൽ തന്നെ ആക്ഷേപിക്കാനുള്ള വഴിയാണ് അവൻ ഒരുക്കി വെച്ചിരിക്കുന്നത്.
  4. * ഹൃദയത്തിനുള്ള സ്ഥാനവും, അത് നന്നാക്കാനുള്ള പ്രോത്സാഹനവും. ശരീരത്തിൻ്റെ നേതാവ് ഹൃദയമാണ്. അത് നന്നായാൽ ശരീരവും നന്നാകും. അത് കേടായാൽ അത് പോലെ തന്നെ ശരീരവും കേടുവരും.
  5. * എല്ലാ കാര്യങ്ങളെയും മൂന്നായി തിരിക്കാം. വ്യക്തമായ ഹലാൽ, വ്യക്തമായ ഹറാം, വിധി അവ്യക്തമായത്.
  6. * ദീനിൻ്റെ കാര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കണം. അതോടൊപ്പം പൊതുമര്യാദകൾ (നാട്ടിൽ പൊതുവെ മാന്യതയായി കാണപ്പെടുന്ന കാര്യം) പരിഗണിക്കേണ്ടതുണ്ട്.
  7. * തിന്മയിലേക്ക് നയിക്കുന്ന വഴികൾ അടച്ചിടണം. അതിന് ഇസ്ലാമിൽ ധാരാളം തെളിവുകളുണ്ട്.
  8. * മതപരമായ ആശയങ്ങൾക്ക് - അത് മനസ്സിലാവാൻ - പ്രാവർത്തികമായ ഉദാഹരണങ്ങൾ പറയൽ.
കൂടുതൽ