عن أبي رقية تميم بن أوس الداري رضي الله عنه أن النبي صلى الله عليه وسلم قال: «الدين النصيحة» قلنا: لمن؟ قال: «لله، ولكتابه، ولرسوله، ولأئمة المسلمين وعامتهم».
[صحيح] - [رواه مسلم]
المزيــد ...

അബൂ റുഖയ്യ തമീമു ബ്നു ഔസിദ്ദാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ദീൻ എന്നാൽ ഗുണകാംക്ഷയാണ്." ഞങ്ങൾ ചോദിച്ചു: "ആരോടെല്ലാം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോടും, അവൻ്റെ ഗ്രന്ഥത്തോടും, അവൻ്റെ റസൂലിനോടും, മുസ്ലിം ഭരണാധികാരികളോടും അവരിലെ പൊതുജനങ്ങളോടും."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

പരിശുദ്ധമായ ഈ ദീൻ - ഇസ്ലാം - പൂർണ്ണമായും ഗുണകാംക്ഷയും അതിൻ്റെ പ്രാവർത്തികരൂപവുമാണ് പഠിപ്പിക്കുന്നത്. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ഏകത്വം അംഗീകരിക്കുകയും, എല്ലാ ന്യൂനതകളിൽ നിന്നും അവനെ പരിശുദ്ധപ്പെടുത്തുകയും, പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് അവനെ വിശേഷിപ്പിക്കുകയും ചെയ്തു കൊണ്ട് (അല്ലാഹുവിനോട് ഗുണകാംക്ഷ പുലർത്തണം). ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയല്ലാത്തതും അവതരിപ്പിക്കപ്പെട്ടതുമായ കലാമാണെന്ന് (സംസാരമാണെന്ന്) വിശ്വസിച്ചു കൊണ്ടും, അതിലെ സുവ്യക്തമായ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അതിൽ നിന്ന് (നമുക്ക്) അവ്യക്തമായവയിൽ വിശ്വസിച്ചു കൊണ്ടും (അല്ലാഹുവിൻ്റെ ഗ്രന്ഥത്തോട് ഗുണകാംക്ഷ പുലർത്തണം). അല്ലാഹുവിൻ്റെ റസൂലിനെയും അവിടുന്ന് കൊണ്ടുവന്നതിനെയും സത്യപ്പെടുത്തിയും, അവിടുത്തെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവിടുത്തെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും (നബി -ﷺ- യോട് ഗുണകാംക്ഷ പുലർത്തണം). മുസ്ലിംകളിലെ ഭരണാധികാരികളെ (നേതാക്കളെ) സത്യത്തിൻ്റെ മാർഗത്തിൽ സഹായിച്ചു കൊണ്ടും, അവർക്ക് അറിവില്ലാത്ത കാര്യങ്ങൾ മനസ്സിലാക്കി നൽകിക്കൊണ്ടും, അവർ മറക്കുകയോ അശ്രദ്ധ പുലർത്തുകയോ ചെയ്യുമ്പോൾ അവരെ ഉണർത്തിക്കൊണ്ടും (ഭരണാധികാരികളോട് ഗുണകാംക്ഷ പുലർത്തണം). മുസ്ലിം പൊതുജനങ്ങളെ സത്യത്തിലേക്ക് വഴിനയിച്ചു കൊണ്ടും, നമ്മുടെ പക്കൽ നിന്നും മറ്റുള്ളവരിൽ നിന്നുമുള്ള ഉപദ്രവങ്ങളിൽ നിന്ന് സാധ്യമായ രൂപത്തിലെല്ലാം അവരെ സംരക്ഷിച്ചു കൊണ്ടും, അവരോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു കൊണ്ടും (മുസ്ലിം പൊതുജനങ്ങളോട് ഗുണകാംക്ഷ പുലർത്തണം). നമ്മൾ സ്വന്തങ്ങൾക്ക് ഇഷ്ടപ്പെടുന്നത് അവർക്കും ഇഷ്ടപ്പെടുക എന്ന് ഒറ്റവാക്കിൽ പറയാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * ഗുണകാംക്ഷ പുലർത്താനുള്ള കൽപ്പന.
  2. * അല്ലാഹുവിൻ്റെ ദീനിൽ ഗുണകാംക്ഷക്കുള്ള പ്രാധാന്യവും സ്ഥാനവും. ദീനിന് മുഴുവൻ നബി -ﷺ- നസ്വീഹത് (ഗുണകാംക്ഷ) എന്ന് പേരു നൽകിയിരിക്കുന്നു.
  3. * ഇസ്ലാം ദീനിൽ വാക്കുകളും പ്രവൃത്തികളും ഉൾക്കൊള്ളുന്നു.
  4. * താൻ പറഞ്ഞു നൽകുന്നതിൽ ചിലത് മനസ്സിലാക്കാൻ കേൾവിക്കാർക്ക് വിട്ടുകൊടുക്കുന്നത് അനുവദനീയമാണ്. കേൾവിക്കാരൻ ചോദിച്ചറിയുന്നത് വരെ അക്കാര്യത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കാതിരിക്കുന്നത് അയാളുടെ മനസ്സിൽ അതിനെ കുറിച്ച് അറിയാനുള്ള താൽപര്യം വർദ്ധിപ്പിക്കും. അങ്ങനെ ചോദിക്കുമ്പോൾ പറഞ്ഞു നൽകുന്നത്, ആദ്യം തന്നെ പറഞ്ഞു കൊടുക്കുന്നതിനേക്കാൾ ഹൃദയത്തിൽ സാന്നിധ്യം ചെലുത്തുന്നതാണ്.
  5. * നബി -ﷺ- യുടെ മനോഹരമായ അദ്ധ്യാപനശൈലി. അവിടുന്ന് ഒരു കാര്യം ആദ്യം ഒറ്റവാക്കിൽ പറഞ്ഞു നൽകുകയും, പിന്നീട് അത് വിശദീകരിച്ചു നൽകുകയും ചെയ്യുന്നു.
  6. * അല്ലാഹുവിൻ്റെ ദീനിലെ വിജ്ഞാനം പഠിക്കുന്നതിൽ സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധയും പരിശ്രമവും. വിശദീകരണം ആവശ്യമുള്ള ഒരു കാര്യത്തെ കുറിച്ചും ചോദിച്ചു മനസ്സിലാക്കാതെ അവർ വിടാറുണ്ടായിരുന്നില്ല.
  7. * ഏറ്റവും പ്രധാനപ്പെട്ടതിൽ തുടങ്ങി, ശേഷം അതിൽ താഴെയുള്ളതിലേക്ക് നീങ്ങുകയാണ് വേണ്ടത്. നബി -ﷺ- ആദ്യം അല്ലാഹുവിനോടുള്ള ഗുണകാംക്ഷയെ കുറിച്ചു പറയുന്നു. പിന്നീട് ഖുർആനിനോട്. ശേഷം നബി -ﷺ- യോട്. അതിനും ശേഷം മുസ്ലിം ഭരണാധികാരികളോടും, അവസാനം പൊതുമുസ്ലിംകളോടും.
  8. * കാര്യത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തി നൽകുന്നതിനും, കൂടുതൽ ഗ്യാഹ്യമാകുന്നതിനും വേണ്ടി ഒരേ വിഷയം ആവർത്തിച്ചു പറയാം. ഈ ഹദീഥ് ഇമാം അഹ്മദിൻ്റെ നിവേദനത്തിൽ വന്നത് ഇപ്രകാരമാണ്. "ദീൻ എന്നാൽ ഗുണകാംക്ഷയാകുന്നു." മൂന്ന് തവണ (നബി -ﷺ- അക്കാര്യം ആവർത്തിച്ചു).
  9. * ഗുണകാംക്ഷയെന്നത് എല്ലാവരോടും വേണ്ട കാര്യമാണ്.
കൂടുതൽ