عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ:
أَنَّ رَجُلًا سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ السَّاعَةِ، فَقَالَ: مَتَى السَّاعَةُ؟ قَالَ: «وَمَاذَا أَعْدَدْتَ لَهَا». قَالَ: لاَ شَيْءَ، إِلَّا أَنِّي أُحِبُّ اللَّهَ وَرَسُولَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: «أَنْتَ مَعَ مَنْ أَحْبَبْتَ». قَالَ أَنَسٌ: فَمَا فَرِحْنَا بِشَيْءٍ، فَرِحْنَا بِقَوْلِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَنْتَ مَعَ مَنْ أَحْبَبْتَ» قَالَ أَنَسٌ: فَأَنَا أُحِبُّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَبَا بَكْرٍ، وَعُمَرَ، وَأَرْجُو أَنْ أَكُونَ مَعَهُمْ بِحُبِّي إِيَّاهُمْ، وَإِنْ لَمْ أَعْمَلْ بِمِثْلِ أَعْمَالِهِمْ.
[صحيح] - [متفق عليه] - [صحيح البخاري: 3688]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഒരാൾ നബി -ﷺ- യോട് അന്ത്യനാളിനെ കുറിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹം ചോദിച്ചു: "എപ്പോഴാണ് അന്ത്യനാൾ?" നബി -ﷺ- പറഞ്ഞു: "നീ അതിനായി എന്താണ് ഒരുക്കി വെച്ചിട്ടുള്ളത്?" അദ്ദേഹം പറഞ്ഞു: "യാതൊന്നുമില്ല; അല്ലാഹുവിനെയും അവൻ്റെ ദൂതനെയും -ﷺ- ഞാൻ സ്നേഹിക്കുന്നുണ്ട് എന്നതല്ലാതെ." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും നീ ഉണ്ടായിരിക്കുക."
അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "നീ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും നീ ഉണ്ടായിരിക്കുക എന്ന നബി -ﷺ- യുടെ വാക്കിനാൽ ഞങ്ങൾ സന്തോഷിച്ചത്ര മറ്റൊരു കാര്യത്തിനും ഞങ്ങൾ സന്തോഷിച്ചിട്ടില്ല."
അനസ് -رَضِيَ اللَّهُ عَنْهُ- തുടരുന്നു: "ഞാൻ നബി -ﷺ- യെയും അബൂബക്റിനെയും ഉമറിനെയും സ്നേഹിക്കുന്നുണ്ട്. അവരോടുള്ള എൻ്റെ സ്നേഹം കാരണത്താൽ ഞാനും അവരോടൊപ്പമുണ്ടായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു; അവരുടേത് പോലുള്ള പ്രവർത്തനം ഞാൻ ചെയ്തിട്ടില്ലെങ്കിലും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3688]
ഗ്രാമീണ അറബികളിൽ പെട്ട, അഅ്റാബിയായ ഒരാൾ നബി -ﷺ- യോട് അന്ത്യനാൾ സംഭവിക്കുന്നത് എപ്പോഴായിരിക്കുമെന്ന് ചോദിച്ചു.
നബി -ﷺ- അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: "അന്ത്യനാളിനായി എന്തെല്ലാം സൽകർമ്മങ്ങളാണ് നീ ഒരുക്കി വെച്ചിട്ടുള്ളത്?"
ചോദ്യകർത്താവ് പറഞ്ഞു: "ഞാൻ അന്നേക്കായി വലിയ പ്രവർത്തനങ്ങളൊന്നും കരുതി വെച്ചിട്ടില്ല; അല്ലാഹുവിനെയും അവൻ്റെ ദൂതനെയും ഞാൻ സ്നേഹിക്കുന്നുണ്ട് എന്നതല്ലാതെ." ശരീരം കൊണ്ട് ചെയ്യുന്നതോ, ഹൃദയം കൊണ്ട് ചെയ്യുന്നതോ സമ്പത്ത് കൊണ്ടുള്ളതോ ആയ മറ്റൊരു പ്രവർത്തനവും അദ്ദേഹം പറയാതിരുന്നത് അവയെല്ലാം സ്നേഹത്തിൻ്റെ ബാക്കിപത്രങ്ങളായത് കൊണ്ടാണ്. കാരണം അല്ലാഹുവിനോടും റസൂലിനോടുമുള്ള യഥാർത്ഥ സ്നേഹം സൽകർമ്മങ്ങളിൽ കൂടുതൽ പരിശ്രമിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: സ്വർഗത്തിൽ നീ സ്നേഹിക്കുന്നവരോടൊപ്പമാണ് നീ ഉണ്ടായിരിക്കുക.
നബി -ﷺ- യുടെ സ്വഹാബിമാർ ഈ സന്തോഷവാർത്ത കേട്ട് അതിയായി ആഹ്ളാദിക്കുകയുണ്ടായി.
താൻ നബി -ﷺ- യെയും അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിനെയും ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിനെയും സ്നേഹിക്കുണ്ടെന്നും, അവരെ പോലെ താൻ പ്രവർത്തിച്ചിട്ടില്ലെങ്കിലും അവരോടൊപ്പം താൻ ഉണ്ടായിരിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും പിന്നീട് അനസ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു.