عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَا مِنْ قَوْمٍ يَقُومُونَ مِنْ مَجْلِسٍ لَا يَذْكُرُونَ اللَّهَ فِيهِ إِلَّا قَامُوا عَنْ مِثْلِ جِيفَةِ حِمَارٍ، وَكَانَ لَهُمْ حَسْرَةً».

[صحيح] - [رواه أبو داود] - [سنن أبي داود: 4855]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"അല്ലാഹുവിനെ സ്മരിക്കാതെ ഒരു സദസ്സിൽ നിന്ന് എഴുന്നേറ്റു പോകുന്ന ഏതൊരു കൂട്ടരും ഒരു കഴുതയുടെ ജഢത്തിന് സമാനമായതിൽ നിന്നാണ് എഴുന്നേറ്റു പോകുന്നത്. (പ്രസ്തുത സദസ്സ്) അവർക്ക് ഖേദമായിത്തീരുന്നതാണ്."

[സ്വഹീഹ്] - [അബൂദാവൂദ് ഉദ്ധരിച്ചത്] - [سنن أبي داود - 4855]

വിശദീകരണം

ഒരു കൂട്ടമാളുകൾ ഒരു സദസ്സിൽ ഒരുമിച്ചു കൂടുകയും ശേഷം അല്ലാഹുവിനെ സ്മരിക്കാതെ അവിടെ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവരുടെ സ്ഥിതി ചീഞ്ഞളിഞ്ഞ ഒരു കഴുതയുടെ ശവത്തിൻ്റെ അരികിൽ ഒത്തുകൂടിയ ശേഷം പിരിഞ്ഞുപോയ ഒരു കൂട്ടമാളുകളെ പോലെയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിനെ സ്മരിക്കുക എന്നതിൽ നിന്ന് അവർ പൂർണ്ണമായും അശ്രദ്ധരായിരുന്നു എന്നതാണ് അതിന് കാരണം. അന്ത്യനാളിൽ ഈ സദസ്സ് അവർക്ക് നിരാശയും കുറവും വേർപിരിയാത്ത നഷ്ടബോധവുമാണുണ്ടാക്കുക എന്നും നബി -ﷺ- അറിയിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്ന് അശ്രദ്ധരാകുക എന്നത് സദസ്സു കൂടുമ്പോൾ മാത്രം തെറ്റാകുന്ന കാര്യമല്ല. മറിച്ച്, എല്ലാ സന്ദർഭങ്ങളിലേക്കും അത് ബാധകമാണ്. ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞതു പോലെ, ഒരാൾ ഒരു സ്ഥലത്ത് ഇരുന്ന ശേഷം അല്ലാഹുവിനെ സ്മരിക്കാതെ അവിടെ നിന്ന് എഴുന്നേൽക്കുക എന്നത് വെറുക്കപ്പെട്ട കാര്യമാണ്.
  2. അന്ത്യനാളിൽ അവരെ ബാധിക്കുന്ന നിരാശ എന്നത് കൊണ്ട് ഉദ്ദേശ്യം: അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് തങ്ങൾക്ക് ലഭിച്ച സമയം പ്രയോജനപ്പെടുത്തിയില്ല എന്നതിനാൽ അവർക്ക് നഷ്ടമായ പ്രതിഫലവും പുണ്യവും കൊണ്ടായിരിക്കാം. അതല്ലെങ്കിൽ, അല്ലാഹുവിനെ ധിക്കരിക്കാൻ ആ സമയം ഉപയോഗിച്ചതിനുള്ള ശിക്ഷയും പാപവും കാരണത്താലുമായിരിക്കാം.
  3. ഹദീഥിൽ നബി -ﷺ- താക്കീത് നൽകിയിരിക്കുന്നത് അനുവദനീയമായ കാര്യങ്ങളിൽ പെട്ടു പോവുകയും, ശേഷം അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധനാവുകയും ചെയ്യുന്നതിനെ കുറിച്ചാണ്. എങ്കിൽ പരദൂഷണവും ഏഷണിയും മറ്റുമെല്ലാം നിറഞ്ഞ ഹറാമായ സദസ്സുകളുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ!
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (46)
കൂടുതൽ