عَنْ أَبِي مُسْلِمٍ الْخَوْلَانِيِّ، قَالَ: حَدَّثَنِي الْحَبِيبُ الْأَمِينُ، أَمَّا هُوَ فَحَبِيبٌ إِلَيَّ، وَأَمَّا هُوَ عِنْدِي فَأَمِينٌ، عَوْفُ بْنُ مَالِكٍ الْأَشْجَعِيُّ رضي الله عنه قَالَ:
كُنَّا عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، تِسْعَةً أَوْ ثَمَانِيَةً أَوْ سَبْعَةً، فَقَالَ: «أَلَا تُبَايِعُونَ رَسُولَ اللهِ؟» وَكُنَّا حَدِيثَ عَهْدٍ بِبَيْعَةٍ، فَقُلْنَا: قَدْ بَايَعْنَاكَ يَا رَسُولَ اللهِ، ثُمَّ قَالَ: «أَلَا تُبَايِعُونَ رَسُولَ اللهِ؟» فَقُلْنَا: قَدْ بَايَعْنَاكَ يَا رَسُولَ اللهِ، ثُمَّ قَالَ: «أَلَا تُبَايِعُونَ رَسُولَ اللهِ؟» قَالَ: فَبَسَطْنَا أَيْدِيَنَا وَقُلْنَا: قَدْ بَايَعْنَاكَ يَا رَسُولَ اللهِ، فَعَلَامَ نُبَايِعُكَ؟ قَالَ: «عَلَى أَنْ تَعْبُدُوا اللهَ وَلَا تُشْرِكُوا بِهِ شَيْئًا، وَالصَّلَوَاتِ الْخَمْسِ، وَتُطِيعُوا -وَأَسَرَّ كَلِمَةً خَفِيَّةً- وَلَا تَسْأَلُوا النَّاسَ شَيْئًا» فَلَقَدْ رَأَيْتُ بَعْضَ أُولَئِكَ النَّفَرِ يَسْقُطُ سَوْطُ أَحَدِهِمْ، فَمَا يَسْأَلُ أَحَدًا يُنَاوِلُهُ إِيَّاهُ.
[صحيح] - [رواه مسلم] - [صحيح مسلم: 1043]
المزيــد ...
അബൂ മുസ്ലിം അൽ-ഖൗലാനീ -رَحِمَهُ اللَّهُ- നിവേദനം: എനിക്ക് പ്രിയങ്കരനായ, എൻ്റെ പക്കൽ വിശ്വസ്തനായ, ഔഫ് ബ്നു മാലിക് അൽഅശ്ജഇ -رَضِيَ اللَّهُ عَنْهُ- എന്നോട് പറഞ്ഞു:
ഞങ്ങൾ നബി -ﷺ- യുടെ അടുക്കൽ ആയിരുന്ന ഒരു സന്ദർഭം; ഒൻപതോ എട്ടോ ഏഴോ പേരുണ്ടായിരുന്നു (ഞങ്ങൾ). അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ ദൂതരോട് കരാർ (ബയ്അത്ത്) ചെയ്യുന്നില്ലേ?!" ഞങ്ങൾ അടുത്ത സമയം നബി -ﷺ- ക്ക് ബയ്അത്ത് ചെയ്തവരായിരുന്നു എന്നതിനാൽ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങേക്ക് ബയ്അത്ത് ചെയ്തവരാണ്." നബി -ﷺ- വീണ്ടും പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ ദൂതരോട് കരാർ (ബയ്അത്ത്) ചെയ്യുന്നില്ലേ?!" അപ്പോഴും ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങേക്ക് ബയ്അത്ത് ചെയ്തവരാണ്." വീണ്ടും നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ ദൂതരോട് കരാർ (ബയ്അത്ത്) ചെയ്യുന്നില്ലേ?!" അപ്പോൾ ഞങ്ങൾ അവിടുത്തേക്ക് കൈകൾ നീട്ടിക്കൊണ്ട് പറഞ്ഞു: "ഞങ്ങൾ അങ്ങേക്ക് ബയ്അത്ത് ചെയ്തിരിക്കുന്നു. ഞങ്ങൾ എന്താണ് അങ്ങയോട് കരാർ ചെയ്യേണ്ടത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്നും, അവനിൽ നിങ്ങൾ യാതൊന്നിനെയും പങ്കുചേർക്കില്ലെന്നും, അഞ്ചു നേരത്തെ നിസ്കാരം നിർവ്വഹിക്കുമെന്നും, നിങ്ങൾ (ഭരണാധികാരികളെ) അനുസരിക്കുമെന്നും, -ശേഷം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു-: നിങ്ങൾ ജനങ്ങളോട് യാതൊന്നും ചോദിക്കില്ലെന്നും." അബൂ മുസ്ലിം പറയുന്നു: "അന്ന് നബി -ﷺ- ക്ക് ബയ്അത്ത് നൽകിയ അക്കൂട്ടരിൽ ചിലരെ ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ചിലരുടെ ചാട്ടവാർ താഴെ വീണാൽ അതൊന്ന് എടുത്തു നൽകാൻ പോലും അവർ മറ്റൊരാളോട് ആവശ്യപ്പെടില്ലായിരുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1043]
നബി -ﷺ- തൻ്റെ സ്വഹാബികളിൽ പെട്ട ചിലരോടൊപ്പമായിരുന്നു. അവിടുന്ന് അവരോട് ചില കാര്യങ്ങൾ തങ്ങൾ മുറുകെ പിടിച്ചു കൊള്ളാമെന്ന് തനിക്ക് കരാർ നൽകാനും ബയ്അത്ത് ചെയ്യാനും മൂന്ന് തവണ ആവശ്യപ്പെട്ടു.
ഒന്നാമത്തെ കാര്യം: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് ചെയ്യേണ്ടത്.
രണ്ട്: രാവിലെയും രാത്രിയുമുള്ള നിസ്കാരങ്ങൾ നിലനിർത്തുകയും നേരാവണ്ണം നിർവ്വഹിക്കുകയും ചെയ്യുക.
മൂന്ന്: മുസ്‌ലിം സമൂഹത്തിൻ്റെ കൈകാര്യകർതൃത്വം നൽകപ്പെട്ട ഭരണാധികാരികളെ നന്മകളിൽ കേൾക്കുകയും അനുസരിക്കുകയും ചെയ്യണം.
നാല്: തങ്ങളുടെ എല്ലാ ആവശ്യങ്ങളും അല്ലാഹുവിൻ്റെ മുന്നിൽ മാത്രം ഇറക്കി വെക്കാനും, ജനങ്ങളോട് യാതൊരു കാര്യവും ചോദിക്കാതിരിക്കാനും. ഇക്കാര്യം നബി -ﷺ- തൻ്റെ ശബ്ദം താഴ്ത്തി കൊണ്ടാണ് അവരോട് പറഞ്ഞത്.
നബി -ﷺ- യോട് ഇക്കാര്യം കരാർ ചെയ്ത സ്വഹാബികൾ ഈ കൽപ്പനകൾ ജീവിതത്തിൽ മുറുകെ പിടിച്ചു. ഈ ഹദീഥ് നിവേദനം ചെയ്തവരിൽ ഒരാൾ ഇത്രവരെ പറഞ്ഞു: ആ സ്വഹാബിമാരിൽ ചിലരുടെ ചാട്ടവാർ കയ്യിൽ നിന്ന് താഴെ വീണാൽ അതൊന്ന് തനിക്ക് എടുത്തു തരാൻ പോലും അവർ മറ്റുള്ളവരോട് ആവശ്യപ്പെടാറുണ്ടായിരുന്നില്ല. മറിച്ച്, അദ്ദേഹം തന്നെ വാഹനപ്പുറത്ത് നിന്നിറങ്ങി സ്വയം അതെടുക്കുകയായിരുന്നു ചെയ്തിരുന്നത്.