+ -

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ:
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَسِيرُ فِي طَرِيقِ مَكَّةَ، فَمَرَّ عَلَى جَبَلٍ يُقَالُ لَهُ جُمْدَانُ، فَقَالَ: «سِيرُوا هَذَا جُمْدَانُ، سَبَقَ الْمُفَرِّدُونَ» قَالُوا: وَمَا الْمُفَرِّدُونَ يَا رَسُولَ اللهِ؟ قَالَ: «الذَّاكِرُونَ اللهَ كَثِيرًا وَالذَّاكِرَاتُ».

[صحيح] - [رواه مسلم] - [صحيح مسلم: 2676]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- മക്കയിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കവെ 'ജുംദാൻ' എന്നു പേരുള്ള ഒരു മലയുടെ അരികിലൂടെ യാത്ര ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഈ ജുംദാൻ പർവ്വതം കടക്കുക! 'മുഫർരിദുകൾ'മുൻകടന്നിരിക്കുന്നു!" സ്വഹാബികൾ ചോദിച്ചു: "ആരാണ് മുഫർരിദുകൾ?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2676]

വിശദീകരണം

അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുടെ പദവിയും ശ്രേഷ്ഠതയുമാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചത്. അവർ മറ്റുള്ളവരിൽ നിന്ന് വ്യതിരിക്തരാവുകയും, സുഖാനുഗ്രഹങ്ങളുടെ സ്വർഗങ്ങളിൽ ഉന്നതപദവികൾ നേടിയെടുത്തു കൊണ്ട് മറ്റുള്ളവരെ മറികടക്കുകയും ചെയ്തിരിക്കുന്നു. മറ്റു പർവ്വതങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ജുംദാൻ പർവ്വതത്തോട് നബി -ﷺ- അവരെ ഉപമിക്കുകയും ചെയ്തു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الدرية الصومالية الرومانية Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതും അതിൽ സമയം ചെലവഴിക്കുന്നതും പുണ്യകരമായ കർമമാണ്. പരലോകത്ത് ഒരാൾക്ക് മുന്നിലെത്താൻ കഴിയുന്നത് അവൻ്റെ കർമങ്ങൾ കൊണ്ടും, അവയിലുള്ള ഇഖ്ലാസ് കൊണ്ടും മാത്രമാണ്.
  2. നാവ് കൊണ്ട് മാത്രമായി അല്ലാഹുവിനെ സ്മരിക്കാം. ഹൃദയം കൊണ്ട് മാത്രമായുള്ള സ്മരണയും ദിക്റുമുണ്ട്. നാവും ഹൃദയവും ഒരുമിക്കുന്ന ദിക്റുമുണ്ട്; അതാണ് ഇവയിൽ ഏറ്റവും ഉയർന്ന പദവിയിലുള്ളത്.
  3. നിശ്ചിതസമയങ്ങളിലും സന്ദർഭങ്ങളിലും പഠിപ്പിക്കപ്പെട്ടിട്ടുള്ള സ്ഥിരമായുള്ള ദിക്റുകളും അല്ലാഹുവിനുള്ള സ്മരണയിൽ പെട്ടതാണ്. രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകളും, നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷമുള്ള ദിക്റുകളും മറ്റുമെല്ലാം അതിനുള്ള ഉദാഹരണങ്ങളാണ്.
  4. നവവി (റഹി) പറയുന്നു: തസ്ബീഹ് (സുബ്ഹാനല്ലാഹ്), തഹ്‌ലീൽ (ലാ ഇലാഹ ഇല്ലല്ലാഹ്), തഹ്മീദ് (അൽഹംദുലില്ലാഹ്), തക്ബീർ (അല്ലാഹു അക്ബർ) തുടങ്ങിയ ദിക്റുകൾക്ക് മാത്രമല്ല ദിക്ർ ചൊല്ലുന്നതിൻ്റെ ശ്രേഷ്ഠതകൾ ബാധകമാവുക. മറിച്ച് അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് നന്മ പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയും ഒരർത്ഥത്തിൽ അല്ലാഹുവിനെ ദിക്ർ ചെയ്തു കൊണ്ടിരിക്കുകയാണ്.
  5. അല്ലാഹുവിനെ സ്മരിക്കുക എന്നത് നേരായ മാർഗത്തിൽ അല്ലാഹു ഒരാളെ ഉറപ്പിച്ചു നിർത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.
  6. അല്ലാഹു പറയുന്നത് നോക്കൂ: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരേ! നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." (അൻഫാൽ: 45)
  7. അല്ലാഹുവിനെ സ്മരിക്കുന്നവരെ ജുംദാൻ പർവ്വതത്തോട് സാദൃശ്യപ്പെടുത്തിയത് അതിൻ്റെ വ്യതിരിക്തതയും വേറിട്ട അസ്തിത്വവും കാരണത്താലാണ്. മറ്റു പർവ്വതങ്ങളിൽ നിന്ന് വേറിട്ടു കൊണ്ടാണ് ജുംദാൻ പർവ്വതമുള്ളത്; അല്ലാഹുവിനെ സ്മരിക്കുന്നവരും ഇതു പോലെ തന്നെ. അവർ
  8. ജനങ്ങൾക്കിടയിലാണ് നിൽക്കുന്നത് എങ്കിലും, തൻ്റെ ഹൃദയം കൊണ്ടും നാവു കൊണ്ടും അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ അവർ ഒറ്റക്ക് നിൽക്കുന്നു. ഏകാന്തതയുടെ നേരങ്ങൾ അവർക്ക് ആശ്വാസം പകരുകയും, ജനങ്ങൾക്കിടയിൽ കൂടിക്കലരുന്നത് അധികരിക്കുമ്പോൾ അവർ ഏകാന്തത അനുഭവിക്കുകയും ചെയ്യുന്നു.
  9. മറ്റൊരു സാദൃശ്യം കൂടി ഇവിടെ കാണാൻ കഴിയും. പർവ്വതങ്ങൾ ഭൂമിയെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള കാരണമാണെന്നതു പോലെ, അല്ലാഹുവിനുള്ള ദിക്ർ ദീനിൽ അവനെ ഉറപ്പിച്ചു നിർത്താനുള്ള കാരണമായി വർത്തിക്കുന്നതാണ്.
  10. ഇനിയുമൊരു ചേർച്ച കൂടി ഇവ രണ്ടിനും ഇടയിലുണ്ട്. മദീനയിൽ നിന്ന് മക്കയിലേക്ക് യാത്ര ചെയ്യുന്ന ഒരാൾ ജുംദാൻ പർവ്വതം എത്തിക്കഴിഞ്ഞാൽ അവൻ മക്കയിലേക്ക് എത്തിയിരിക്കുന്നു എന്നതിനുള്ള അടയാളമായി. അവിടേക്ക് ആദ്യം എത്തിയവൻ മക്കയിലേക്ക് ആദ്യം എത്തിപ്പെട്ടതു പോലെയാണ് എന്ന് ചുരുക്കം. ഇതു പോലെ, ഇഹലോകത്തെയും പരലോകത്തെയും നന്മകളിലേക്ക് ദിക്ർ ചൊല്ലുന്ന വ്യക്തി നേരത്തെ വന്നെത്തിയിരിക്കുന്നു എന്നത് പോലെയാണ് കാര്യം. തൻ്റെ അധികമായ ദിക്റുകളിലൂടെ ഈ നന്മകളിലേക്ക് മറ്റെല്ലാവരേക്കാളും മുൻപ് അവൻ വന്നെത്തിയിരിക്കുന്നു. അല്ലാഹുവിനാണ് ഏറ്റവുമധികം അറിയുക.
കൂടുതൽ