+ -

عَنِ الحُسَينِ بنِ عَلِيٍّ بنِ أَبِي طَالِبٍ رضي الله عنهما قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«الْبَخِيلُ مَنْ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ».

[صحيح] - [رواه الترمذي والنسائي في الكبرى وأحمد] - [السنن الكبرى للنسائي: 8046]
المزيــد ...

ഹുസൈൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"എന്നെ കുറിച്ച് പറയപ്പെട്ടതിന് ശേഷം എനിക്ക് മേൽ സ്വലാത് ചൊല്ലാത്തവനാണ് യഥാർത്ഥ പിശുക്കൻ."

[സ്വഹീഹ്] - - [السنن الكبرى للنسائي - 8046]

വിശദീകരണം

നബി -ﷺ- യുടെ പേരോ കുൻയതോ വിശേഷണമോ കേൾക്കുന്ന വേളയിൽ നബിയുടെ മേൽ സ്വലാത്ത് ചൊല്ലാതിരിക്കുന്നതിൽ നിന്ന് നബി -ﷺ- ശക്തമായി താക്കീത് ചെയ്യുന്നു. 'എൻ്റെ പേര് പരാമർശിക്കപ്പെട്ടതിന് ശേഷം എനിക്ക് മേൽ സ്വലാത്ത് ചെല്ലാതിരിക്കുന്നവനാണ് സമ്പൂർണ്ണാർത്ഥത്തിൽ പിശുക്കനായിരിക്കുന്നത്' എന്ന് നബി -ﷺ- അറിയിക്കുകയും ചെയ്തു. അതിൻ്റെ കാരണം:
ഒന്ന്: ചെറുതോ വലുതോ ആയ ഒരു നഷ്ടവും സംഭവിക്കാത്ത, പണമോ പ്രത്യേകിച്ചെന്തെങ്കിലുമൊരു പരിശ്രമമോ വേണ്ടതില്ലാത്ത ഒരു നന്മയിലാണ് അവൻ പിശുക്ക് കാണിച്ചിരിക്കുന്നത്.
രണ്ട്: അവൻ തനിക്ക് സ്വയം നന്മ ലഭിക്കുന്ന വിഷയത്തിലാണ് പിശുക്ക് പുലർത്തിയിരിക്കുന്നതും, നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിൻ്റെ പ്രതിഫലം തടഞ്ഞു വെച്ചിരിക്കുന്നതും. കാരണം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നതിലൂടെ അവിടുത്തെ കൽപ്പന പാലിച്ചു കൊണ്ട് നിർബന്ധമായും ചെയ്യേണ്ട ഒരു ബാധ്യതയിൽ നിന്ന് അവൻ വിട്ടുനിൽക്കുകയും, അതിലൂടെ ലഭിക്കേണ്ട പ്രതിഫലം അവൻ ഉപേക്ഷിക്കുകയുമാണ് ചെയ്തത്.
മൂന്ന്: നബി -ﷺ- യോട് ഓരോ മുസ്‌ലിമിനുമുള്ള ബാധ്യതയിൽ നിന്ന് ചെറിയൊരു ഭാഗമെങ്കിലും നിറവേറ്റാനുള്ള അവസരമാണ് അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലുക എന്നത്. കാരണം നബി -ﷺ- യാണ് നമുക്ക് ദീൻ പഠിപ്പിച്ചു തന്നതും നമുക്ക് നേർവഴി കാണിച്ചു തന്നതും. അല്ലാഹുവിലേക്ക് നമ്മെ ക്ഷണിച്ചതും, ഈ സന്ദേശവും അല്ലാഹുവിൻ്റെ വിധിവിലക്കുകളും നമ്മിലേക്ക് എത്തിച്ചു തന്നതും അവിടുന്നാണ്. അല്ലാഹു കഴിഞ്ഞാൽ, നബി -ﷺ- യാണ് നമ്മുടെ സന്മാർഗത്തിൻ്റെ കാരണം. അവിടുത്തെ മേൽ ഒരാൾ സ്വലാത്ത് ചൊല്ലാതിരിക്കുക എന്നത് അയാൾ സ്വന്തം കാര്യത്തിൽ കാണിക്കുന്ന കടുത്ത പിശുക്കാണെന്നതിനൊപ്പം, അവൻ തൻ്റെ റസൂൽ -ﷺ- യോട് നിർവ്വഹിക്കേണ്ട ഏറ്റവും ലളിതമായ ബാധ്യതയിലും പിശുക്ക് കാണിച്ചിരിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية Kargaria النيبالية الرومانية Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നതിൽ വരുത്തുന്ന പിശുക്കാണ് യഥാർത്ഥ പിശുക്ക്.
  2. നബി -ﷺ- യുടെ മേൽ എല്ലാ സന്ദർഭത്തിലും സ്വലാത്ത് ചൊല്ലുക എന്നത് ഏറ്റവും ശ്രേഷ്ഠമായ നന്മകളിലും സൽകർമ്മങ്ങളിലും പെട്ട കാര്യമാണ്. അവിടുത്തെ പേര് കേൾക്കുന്ന വേളയിൽ അതിൻ്റെ ഗൗരവം വീണ്ടും വർദ്ധിക്കുന്നു.
  3. നവവി -رَحِمَهُ اللَّهُ- പറയുന്നു: "നബി -ﷺ- യുടെ മേൽ ഒരാൾ സ്വലാത്ത് ചൊല്ലുമ്പോൾ ഒപ്പം സലാം കൂടെ അവൻ പറയട്ടെ. അതായത് സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്നു പറയട്ടെ. അതിൽ ഏതെങ്കിലുമൊന്നിൽ ചുരുക്കരുത്. സ്വല്ലല്ലാഹു അലൈഹി എന്നു മാത്രമോ, അലൈഹിസ്സലാം എന്നു മാത്രമോ പറഞ്ഞു പരിമിതപ്പെടുത്തരുത്.
  4. "തീർച്ചയായും അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു" എന്ന ആയത്തിൻ്റെ വിശദീകരണമായി അബുൽ ആലിയ -رَحِمَهُ اللَّهُ- പറയുന്നു: അല്ലാഹു സ്വലാത്ത് നിർവഹിക്കുന്നു എന്നാൽ നബി -ﷺ- യെ പുകഴ്ത്തുന്നു
  5. എന്നും, മലക്കുകളും മനുഷ്യരും സ്വലാത്ത് ചൊല്ലുന്നു എന്നാൽ നബി -ﷺ- ക്ക് വേണ്ടി അവർ പ്രാർത്ഥിക്കുന്നു എന്നുമാണ് അർത്ഥം."
  6. ഹലീമി -رَحِمَهُ اللَّهُ- പറയുന്നു: "അല്ലാഹുവേ! മുഹമ്മദ് നബി -ﷺ- യുടെ മേൽ നീ സ്വലാത്ത് വർഷിക്കേണമേ" എന്നതിൻ്റെ അർത്ഥം ഇപ്രകാരമാണ്. അല്ലാഹുവേ! അവിടുത്തെ സൽകീർത്തി അധികരിപ്പിച്ചു കൊണ്ടും, അവിടുത്തെ ദീനിന് വിജയം നൽകിയും, അവിടുന്ന് പഠിപ്പിച്ച വിധിവിലക്കുകൾ നിലനിർത്തിയും നബി -ﷺ- ക്ക് ദുനിയാവിൽ ആദരവും മഹത്വവും അധികരിപ്പിക്കേണമേ! തൻ്റെ ഉമ്മത്തിന് വേണ്ടി ശുപാർശ നടത്താൻ അവിടുത്തെ അനുവദിച്ചു കൊണ്ടും, അവിടുത്തേക്കുള്ള പ്രതിഫലവും അനുഗ്രഹങ്ങളും അധികരിപ്പിച്ചു കൊണ്ടും, ആദ്യകാലക്കാർക്കും അവസാനകാലക്കാർക്കും മേൽ അവിടുത്തേക്കുള്ള ശ്രേഷ്ഠത ബോധ്യപ്പെടുത്തുന്ന വിധത്തിൽ സ്തുത്യർഹമായ സ്ഥാനം (മഖാമുൻ മഹ്മൂദ്) നൽകിക്കൊണ്ടും, നിൻ്റെ സമീപസ്ഥരും സാക്ഷികളുമായ സർവ്വരുടെ മേലും അവിടുത്തേക്ക് പദവി നൽകിക്കൊണ്ടും പരലോകത്തും അവിടുത്തെ ആദരിക്കേണമേ!
കൂടുതൽ