عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّ اللهَ لَا يَظْلِمُ مُؤْمِنًا حَسَنَةً، يُعْطَى بِهَا فِي الدُّنْيَا وَيُجْزَى بِهَا فِي الْآخِرَةِ، وَأَمَّا الْكَافِرُ فَيُطْعَمُ بِحَسَنَاتِ مَا عَمِلَ بِهَا لِلَّهِ فِي الدُّنْيَا، حَتَّى إِذَا أَفْضَى إِلَى الْآخِرَةِ، لَمْ تَكُنْ لَهُ حَسَنَةٌ يُجْزَى بِهَا».
[صحيح] - [رواه مسلم] - [صحيح مسلم: 2808]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹു (അവനിൽ വിശ്വസിച്ച) മുഅ്മിനായ ഒരു ദാസനോടും അവൻ്റെ നന്മയുടെ കാര്യത്തിൽ അനീതി കാണിക്കുകയില്ല. അവന് ഇഹലോകത്ത് (നന്മ കാരണത്താൽ അനുഗ്രഹം) നൽകപ്പെടുകയും പരലോകത്ത് അതിൻ്റെ പ്രതിഫലം നൽകപ്പെടുകയും ചെയ്യും. എന്നാൽ (അല്ലാഹുവിനെ നിഷേധിച്ച) കാഫിറായ ഒരാൾക്ക് അവൻ ഇഹലോകത്ത് ചെയ്ത നന്മകളുടെ പ്രതിഫലമായി ഉപജീവനം നൽകുന്നതാണ്. അങ്ങനെ പരലോകത്തേക്ക് അവൻ എത്തിയാൽ പ്രതിഫലം നൽകാനായി ഒരു നന്മയും അവൻ്റെ പക്കലുണ്ടാവുകയില്ല."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2808]
അല്ലാഹു അവൻ്റെ ദാസന്മാരായ മുഅ്മിനുകൾക്ക് നൽകുന്ന മഹത്തരമായ ഔദാര്യവും, അവനെ നിഷേധിച്ചവരോട് പുലർത്തുന്ന നീതിയും ഈ ഹദീഥിലൂടെ നബി -ﷺ- വിശദീകരിക്കുന്നു. ഒരു വിശ്വാസിക്ക് അവൻ ചെയ്‌ത നന്മയുടെ പ്രതിഫലത്തിൽ യാതൊരു കുറവുമുണ്ടാവുകയില്ല. അല്ലാഹുവിനോടുള്ള അവൻ്റെ അനുസരണയുടെ ഫലമായി ഇഹലോകത്ത് അവന് അനുഗ്രഹങ്ങൾ നൽകപ്പെടുകയും അതോടൊപ്പം തന്നെ പരലോകത്ത് അതിനുള്ള പ്രതിഫലം അവന് വേണ്ടി ഒരുക്കപ്പെടുകയും ചെയ്യാം. ചിലപ്പോൾ നന്മയുടെ പ്രതിഫലം പരലോകത്തേക്ക് മാത്രമായി സംരക്ഷിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ അല്ലാഹുവിനെ നിഷേധിച്ച ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവൻ ഇഹലോകത്ത് ചെയ്ത നന്മകൾക്ക് ഇവിടെ വെച്ച് തന്നെ അല്ലാഹു ഭൗതികമായ നേട്ടങ്ങൾ നൽകുന്നതാണ്. അങ്ങനെ അവസാനം അവൻ പരലോകത്തേക്ക് എത്തിക്കഴിഞ്ഞാൽ അവന് പ്രതിഫലം നൽകപ്പെടാവുന്ന യാതൊരു നന്മയും ബാക്കിയുണ്ടാവുകയില്ല. കാരണം നന്മകൾക്ക് ഇഹലോകത്തും പരലോകത്തും പ്രതിഫലം നൽകപ്പെടണമെങ്കിൽ അവ ചെയ്തവൻ (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിച്ചവനായിരിക്കണം എന്ന അടിസ്ഥാന നിബന്ധനയുണ്ട്.