عن عقبة بن عامر رضي الله عنه مرفوعاً: «إن أحَقَّ الشُّروط أن تُوفُوا به: ما استحللتم به الفروج».
[صحيح] - [متفق عليه]
المزيــد ...

ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പൂർണ്ണമായി പൂർത്തീകരിച്ചു നൽകാൻ ഏറ്റവും ബാധ്യതപ്പെട്ട ഉടമ്പടി ഗുഹ്യസ്ഥാനങ്ങൾ അനുവദനീയമാക്കുന്നതിന് വെച്ച ഉടമ്പടികളാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

വിവാഹക്കരാറിൽ ഏർപ്പെടുന്ന സന്ദർഭത്തിൽ ഭാര്യക്കും ഭർത്താവിനും അവരുടേതായ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളുമുണ്ടായിരിക്കും. തന്റെ ഇണ പാലിക്കേണ്ടതായി പല നിബന്ധനകളും വ്യവസ്ഥകളും ഈ സന്ദർഭത്തിൽ രണ്ടു കൂട്ടരും വെക്കുന്നുണ്ടായിരിക്കാം. വിവാഹക്കരാറിലെ നിബന്ധനകൾ (ശുറൂത്വ് ഫിന്നികാഹ്) എന്ന് അതിനെ പറയാറുണ്ട്. വിവാഹത്തിൽ നിർബന്ധമായും പാലിച്ചിരിക്കേണ്ട പൊതുനിബന്ധനകൾക്ക് പുറമെയുള്ള കാര്യമാണിത്. അവ പാലിക്കാൻ പ്രത്യേകം ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നു. കാരണം വിവാഹത്തിന്റെ ഭാഗമായുള്ള കരാറുകൾ ഏറെ ഗുരുതരവും നിർബന്ധമായും പാലിക്കേണ്ടതുമാണ്. കാരണം പരസ്പരം ലൈംഗികബന്ധം അനുവദനീയമാക്കുന്ന കരാറിലാണ് വിവാഹത്തിലൂടെ അവർ ഏർപ്പെട്ടിരിക്കുന്നത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ നിശ്ചയിക്കുന്ന നിബന്ധനകൾ പാലിക്കുക എന്നത് നിർബന്ധമാണ്. ഉദാഹരണത്തിന് മഹർ വർദ്ധിപ്പിച്ചു നൽകണമെന്നോ, ഇന്ന സ്ഥലത്ത് താമസിക്കണമെന്നോ ഭാര്യയുടെ ഭാഗത്ത് നിന്ന് ഉടമ്പടി വെച്ചാൽ ഭർത്താവ് അത് പാലിക്കണം. കന്യകയായിരിക്കണമെന്നോ, ഇന്ന കുടുംബപരമ്പരയിൽ പെട്ടവർ ആയിരിക്കണമെന്നോ ഭർത്താവ് നിബന്ധന വെച്ചാലും അത് പോലെ തന്നെ.
  2. * ഈ ഹദീഥിൽ പറയപ്പെട്ട ഉടമ്പടികളിലെ നിബന്ധനകൾ പാലിക്കുക എന്ന പൊതു നിയമം 'തന്റെ സഹോദരിയെ ത്വലാഖ് (വിവാഹമോചനം) നടത്തൂ എന്ന് ആവശ്യപ്പെടുന്നത് ഒരു സ്ത്രീക്ക് അനുവദനീയമല്ല' പോലുള്ള ഹദീഥുകൾ കൊണ്ട് പരിമിതപ്പെടുത്തണം.
  3. * വിവാഹവുമായി ബന്ധപ്പെട്ട ഉടമ്പടികൾ പാലിക്കുക എന്നത് മറ്റുള്ള ഉടമ്പടികളേക്കാൾ പ്രധാനപ്പെട്ടതാണ്. കാരണം ഈ ഉടമ്പടികൾ മുന്നിൽ വെച്ചുകൊണ്ടാണ് അവർ പരസ്പരം ലൈംഗികബന്ധത്തിന് അനുവദിച്ചത്.
  4. * ഭാര്യാഭർത്താക്കന്മാരിൽ രണ്ടു പേർക്കും പരസ്പരമുള്ള ബാധ്യതകൾ നിർണ്ണയിക്കാൻ നിശ്ചിതമായ ഒരു കണക്കില്ല. ഉദാഹരണത്തിന് ഭാര്യയുടെ ചെലവുകൾ, അവളുടെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റുക, അവളോടൊപ്പം രാപ്പാർക്കുക പോലുള്ള കാര്യങ്ങളും, ഭർത്താവുമായി ലൈംഗികബന്ധത്തിലേർപ്പെടുക പോലുള്ളതും ഓരോ നാട്ടിലെയും പൊതുമര്യാദ അനുസരിച്ചാണ് കണക്കാക്കേണ്ടത്.
  5. * വിവാഹത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഉടമ്പടികൾ രണ്ട് രൂപത്തിലാണ്. ഒന്ന്: സ്വീകാര്യമായ ഉടമ്പടികൾ. വിവാഹബന്ധത്തിന്റെ ഉദ്ദേശത്തെ ബാധിക്കാത്ത കരാറുകളാണവ. ഉടമ്പടി വെക്കുന്ന വ്യക്തിക്ക് അതിലൂടെ ശരിയായ ഉദ്ദേശമാണുണ്ടായിരിക്കുക. രണ്ട്: നിരർത്ഥകമായ ഉടമ്പടികൾ. വിവാഹക്കരാറിന്റെ ഉദ്ദേശത്തിന് എതിരാകുന്ന ഉടമ്പടികളാണവ. ഇത്തരം ഉടമ്പടികൾ ശരിയാണോ അല്ലേ എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡം നബി -ﷺ- യുടെ വാക്കാണ്. അവിടുന്ന് പറഞ്ഞു: "മുസ്ലിംകൾ അവരുടെ ഉടമ്പടികൾ പാലിക്കുന്നവരാണ്; (ദീനിൽ) നിഷിദ്ധമായവ അനുവദിക്കുന്നതോ, അനുവദിക്കപ്പെട്ടവ നിഷിദ്ധമാക്കുന്നതോ ആയ ഉടമ്പടിയൊഴികെ." ഇത്തരം ഉടമ്പടികൾ (വിവാഹ)കരാറിൽ ഏർപ്പെടുന്ന സമയത്താണെങ്കിലും അതിന് മുമ്പാണെങ്കിലും അതിൽ വ്യത്യാസമൊന്നുമില്ല.