عَنْ أَنَسِ بْنِ مَالِكٍ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا عَدْوَى، وَلَا طِيَرَةَ، وَيُعْجِبُنِي الْفَأْلُ» قَالَ قِيلَ: وَمَا الْفَأْلُ؟ قَالَ: «الْكَلِمَةُ الطَّيِّبَةُ».
[صحيح] - [متفق عليه] - [صحيح مسلم: 2224]
المزيــد ...
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ചു: എന്താണ് 'ഫഅ്ല്'? നബി -ﷺ- പറഞ്ഞു: "ശുഭവാക്കുകൾ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2224]
ജാഹിലിയ്യാ കാലഘട്ടത്തിലുള്ളവർ വിശ്വസിച്ചിരുന്ന തരത്തിലുള്ള രോഗപകർച്ചയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൻ്റെ വിധിയോ തീരുമാനമോ ഇല്ലാതെ രോഗം സ്വയം തന്നെ മറ്റുള്ളവരിലേക്ക് പകരുമെന്ന് അവർക്കുണ്ടായിരുന്ന വിശ്വാസം നിരർത്ഥകമാണെന്ന് നബി -ﷺ- അറിയിക്കുന്നു. ശകുനം നോക്കൽ നിരർത്ഥകമായ കാര്യമാണ്. എന്തെങ്കിലും പ്രത്യേക ശബ്ദം കേൾക്കുകയോ കാഴ്ച്ച കാണുകയോ ചെയ്താൽ അത് മോശം സൂചനയാണ് എന്ന വിശ്വാസമാണ് ശകുനം നോക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷികൾ, മൃഗങ്ങൾ, വികലാംഗർ, പ്രത്യേക എണ്ണങ്ങളും ദിവസങ്ങളും മറ്റുമെല്ലാം ആളുകൾ ശകുനമായി കാണാറുണ്ട്. പക്ഷികളെ നോക്കുക എന്ന് സൂചിപ്പിക്കുന്ന 'ത്വയ്‌റഃ' എന്ന പദമാണ് ശകുനം നോക്കുന്നതിനെ വിവരിക്കാൻ നബി -ﷺ- പ്രയോഗിച്ചത്. കാരണം ജാഹിലിയ്യഃ കാലഘട്ടത്തിൽ പ്രസിദ്ധമായിരുന്ന ശകുനം നോക്കുന്ന രീതി അതായിരുന്നു. അവർ ഒരു യാത്രക്കോ കച്ചവടത്തിനോ മറ്റോ ഉദ്ദേശിച്ചാൽ പക്ഷികളെ പറത്തുകയും, അവ വലത്തു ഭാഗത്തേക്ക് പറന്നാൽ അത് ശുഭ സൂചനയായി കണക്കാക്കുകയും ഉദ്ദേശിച്ച കാര്യത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും, ഇടത്തുഭാഗത്തേക്കാണ് പറക്കുന്നത് എങ്കിൽ ദുശ്ശകുനമായി കണക്കാക്കുകയും ആ കാര്യത്തിൽ നിന്ന് പിന്മാറുകയും ചെയ്യുമായിരുന്നു. ശേഷം 'ശുഭവാക്കുകൾ' തനിക്ക് ഇഷ്ടമാണെന്ന് നബി -ﷺ- അറിയിക്കുന്നു. നല്ല വാക്ക് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷവും ആഹ്ളാദവും ഉണ്ടാകുന്നതിനാണ് 'ശുഭവാക്കുകൾ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിനെ കുറിച്ച് നല്ലവിചാരമുണ്ടാക്കാൻ ഇത്തരം വാക്കുകൾ കാരണമാകുന്നതാണ്.