+ -

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ:
قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لِمُعَاذِ بْنِ جَبَلٍ، حِينَ بَعَثَهُ إِلَى الْيَمَنِ: «إِنَّكَ سَتَأْتِي قَوْمًا أَهْلَ كِتَابٍ، فَإِذَا جِئْتَهُمْ فَادْعُهُمْ إِلَى أَنْ يَشْهَدُوا أَنْ لَا إِلَهَ إِلَّا اللهُ، وَأَنَّ مُحَمَّدًا رَسُولُ اللهِ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ، فَأَخْبِرْهُمْ أَنَّ اللهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ، فَأَخْبِرْهُمْ أَنَّ اللهَ قَدْ فَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ، فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ، وَاتَّقِ دَعْوَةَ الْمَظْلُومِ، فَإِنَّهُ لَيْسَ بَيْنَهُ وَبَيْنَ اللهِ حِجَابٌ».

[صحيح] - [متفق عليه] - [صحيح البخاري: 1496]
المزيــد ...

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
മുആദ് ബ്‌നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് പറഞ്ഞയക്കുമ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "വേദക്കാരായ ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അതിനാൽ അവരിലേക്ക് ചെന്നെത്തിയാൽ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും) എന്നത് സാക്ഷ്യം വഹിക്കുന്നതിലേക്ക് നീ അവരെ ക്ഷണിക്കുക. അക്കാര്യത്തിൽ നിന്നെ അവർ അനുസരിച്ചാൽ എല്ലാ പകലിലും രാത്രിയിലുമായി അഞ്ചു നേരത്തെ നമസ്കാരം അല്ലാഹു അവർക്ക് മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന കാര്യം നീ അവരെ അറിയിക്കുക. അതിൽ അവർ നിന്നെ അനുസരിച്ചാൽ അവരുടെ ധനികരിൽ നിന്ന് എടുക്കപ്പെടുകയും അവരിലെ ദരിദ്രരിലേക്ക് മടക്കപ്പെടുകയും ചെയ്യുന്ന ഒരു ദാനം അവരുടെ മേൽ അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക. അതിൽ അവർ നിന്നെ അനുസരിച്ചാൽ അവരുടെ ഏറ്റവും മൂല്യവത്തായ സമ്പത്തുകൾ എടുക്കുന്നത് നീ സൂക്ഷിക്കുക. അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനയെ നീ സൂക്ഷിച്ചു കൊള്ളുക; തീർച്ചയായും അതിനും അല്ലാഹുവിനുമിടയിൽ യാതൊരു മറയുമില്ല."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1496]

വിശദീകരണം

മുആദ് ബ്‌നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ നബി -ﷺ- യമനിലേക്ക് പ്രബോധകനായും അദ്ധ്യാപകനായും അയച്ചപ്പോൾ ക്രിസ്ത്യാനികളിൽ പെട്ട ഒരു ജനതയാണ് യമനിൽ അദ്ദേഹത്തിന് അഭിമുഖീകരിക്കാനുണ്ടാവുക എന്ന് വിവരിച്ചുകൊടുത്തു; അവർക്കായി തയ്യാറെടുക്കുന്നതിനും ശേഷം അവരോടുള്ള പ്രബോധനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കൊണ്ട് ആരംഭിക്കാനും ആ മുൻഗണനാ ക്രമം പാലിക്കാനും വേണ്ടിയാണ് അവിടുന്ന് അദ്ദേഹത്തിന് ഈ ഉപദേശം നൽകിയത്. ആദ്യം അവരെ ക്ഷണിക്കേണ്ടത് വിശ്വാസം ശരിയാക്കുന്നതിന് വേണ്ടിയായിരിക്കണം; ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും) സാക്ഷ്യം വഹിക്കുന്നതിലൂടെ അത് സംഭവിക്കുന്നു. കാരണം അതിലൂടെ അവർ ഇസ്‌ലാമിൽ പ്രവേശിക്കുന്നു. ആദ്യത്തെ ഈ കൽപ്പന അംഗീകരിച്ചു കഴിഞ്ഞാൽ പിന്നീട് അവരോട് നമസ്കാരം നിലനിർത്താനാണ് കൽപ്പിക്കേണ്ടത്. കാരണം തൗഹീദ് (ഏകദൈവാരാധന) കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധബാധ്യത അതാണ്. നമസ്കാരം അവർ നിലനിർത്തിയാൽ അവരിലെ ധനികരോട് തങ്ങളുടെ സമ്പത്തിൽ നിന്ന് ദരിദ്രർക്ക് സകാത്ത് (നിർബന്ധ ദാനം) നൽകാൻ കൽപ്പിക്കണം. ഈ നിർദേശങ്ങൾക്ക് ശേഷം നബി -ﷺ- മുആദിനോട് അവരുടെ സമ്പത്തിൽ നിന്ന് ഏറ്റവും വിലപ്പെട്ടത് എടുക്കുന്നത് വിലക്കി; കാരണം മദ്ധ്യമനിലവാരത്തിലുള്ള സമ്പത്ത് മാത്രമേ നിർബന്ധമായും നൽകാൻ ബാദ്ധ്യതയുള്ളൂ. ശേഷം മറ്റുള്ളവരോട് അതിക്രമം ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കാൻ നബി -ﷺ- അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്തു; കാരണം അതിക്രമിക്കപ്പെട്ടവൻ അദ്ദേഹത്തിനെതിരെ പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥന അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية الطاجيكية Keniaroandia الرومانية المجرية التشيكية الموري Malagasy ഇറ്റാലിയൻ Oromianina Kanadianina الولوف البلغارية Azerianina الأكانية الأوزبكية الأوكرانية الجورجية اللينجالا المقدونية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അർത്ഥം: ആരാധനകൾ അല്ലാഹുവിന് മാത്രമാക്കലും, അവന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിക്കലുമാണ്.
  2. മുഹമ്മദുൻ റസൂലുല്ലാഹ് - മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ് - എന്നതിൻ്റെ ഉദ്ദേശം: അദ്ദേഹത്തിലും അദ്ദേഹം കൊണ്ടുവന്നതിലും വിശ്വസിക്കലും, അദ്ദേഹത്തെ സത്യപ്പെടുത്തലുമാണ്. അവിടുന്ന് മനുഷ്യകുലത്തിലേക്ക് മുഴുവനുമായുള്ള അല്ലാഹുവിന്റെ അവസാന ദൂതനാണെന്ന് വിശ്വസിക്കലും അതിൻ്റെ ഭാഗമാണ്.
  3. അറിവുള്ള ഒരാളോടും, സംശയാലുവായ ഒരാളോടും സംസാരിക്കുന്നത് പോലെയല്ല അറിവില്ലാത്ത ഒരാളോട് സംസാരിക്കേണ്ടത്. അത് കൊണ്ടാണ് നബി -ﷺ- മുആദ് -رَضِيَ اللَّهُ عَنْهُ- വിനോട് "താങ്കൾ വേദക്കാരുടെ അടുത്തേക്കാണ് പോകുന്നത്" എന്ന കാര്യം പ്രത്യേകം ഓർമ്മപ്പെടുത്തിയത്.
  4. മുസ്‌ലിമായ ഏതൊരു വ്യക്തിയും തൻ്റെ ദീനിൻ്റെ വിഷയങ്ങളിൽ ഉൾക്കാഴ്ച്ചയുള്ളവനായിരിക്കണം. അതിലൂടെ മാത്രമേ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നവരുടെ കുതന്ത്രങ്ങളിൽ നിന്ന് അവന് രക്ഷപ്പെടാൻ കഴിയുകയുള്ളൂ. ഈ ഉൾക്കാഴ്ച്ച ലഭിക്കണമെങ്കിൽ മതപഠനം അനിവാര്യമാണ്.
  5. യഹൂദരുടെയും നസ്വാറാക്കളുടെയും മതം നബി -ﷺ- യുടെ നിയോഗമനത്തോടെ നിരർത്ഥകമായിരിക്കുന്നു. അന്ത്യനാളിൽ അവർ രക്ഷപ്പെടണമെങ്കിൽ ഇസ്‌ലാം മതത്തിൽ വിശ്വസിക്കുകയും, നബി -ﷺ- യെ സത്യപ്പെടുത്തുകയും ചെയ്തേ തീരൂ.
കൂടുതൽ