+ -

عَنْ عَلِيٍّ رضي الله عنه:
أَنَّ فَاطِمَةَ رَضيَ اللهُ عنْها أَتَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ تَشْكُو إِلَيْهِ مَا تَلْقَى فِي يَدِهَا مِنَ الرَّحَى، وَبَلَغَهَا أَنَّهُ جَاءَهُ رَقِيقٌ، فَلَمْ تُصَادِفْهُ، فَذَكَرَتْ ذَلِكَ لِعَائِشَةَ، فَلَمَّا جَاءَ أَخْبَرَتْهُ عَائِشَةُ، قَالَ: فَجَاءَنَا وَقَدْ أَخَذْنَا مَضَاجِعَنَا، فَذَهَبْنَا نَقُومُ، فَقَالَ: «عَلَى مَكَانِكُمَا» فَجَاءَ فَقَعَدَ بَيْنِي وَبَيْنَهَا، حَتَّى وَجَدْتُ بَرْدَ قَدَمَيْهِ عَلَى بَطْنِي، فَقَالَ: «أَلاَ أَدُلُّكُمَا عَلَى خَيْرٍ مِمَّا سَأَلْتُمَا؟ إِذَا أَخَذْتُمَا مَضَاجِعَكُمَا -أَوْ أَوَيْتُمَا إِلَى فِرَاشِكُمَا- فَسَبِّحَا ثَلاَثًا وَثَلاَثِينَ، وَاحْمَدَا ثَلاَثًا وَثَلاَثِينَ، وَكَبِّرَا أَرْبَعًا وَثَلاَثِينَ، فَهُوَ خَيْرٌ لَكُمَا مِنْ خَادِمٍ».

[صحيح] - [متفق عليه] - [صحيح البخاري: 5361]
المزيــد ...

അലി -رَضِيَ اللَّهُ عَنْهُ- നിവേേദനം:
ആട്ടുകല്ല് ഉപയോഗിക്കുന്നത് മൂലം തൻ്റെ കയ്യിനുണ്ടാകുന്ന പ്രയാസം ബോധിപ്പിച്ചു കൊണ്ട് ഫാത്വിമ -رَضِيَ اللَّهُ عَنْهَا- ഒരിക്കൽ നബി -ﷺ- യുടെ അരികിൽ വന്നു. നബി -ﷺ- യുടെ അടുക്കൽ കുറച്ച് അടിമകൾ വന്നെത്തിയിട്ടുണ്ട് എന്ന് അറിഞ്ഞപ്പോഴാണ് അവർ നബി -ﷺ- യുടെ അടുത്ത് വന്നത് എങ്കിലും അവിടുന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് ഫാത്വിമ -رَضِيَ اللَّهُ عَنْهَا- കാര്യം അറിയിച്ചു. അലി -رَضِيَ اللَّهُ عَنْهُ- പറയുന്നു: അങ്ങനെ നബി -ﷺ- ഞങ്ങളുടെ അടുക്കൽ വന്നു; അവിടുന്ന് എത്തുമ്പോൾ ഞങ്ങൾ വിരിപ്പിൽ കിടന്നു കഴിഞ്ഞിരുന്നു. (നബി -ﷺ- യെ കണ്ടപ്പോൾ) എഴുന്നേൽക്കാൻ വേണ്ടി ഞങ്ങൾ തുനിഞ്ഞെങ്കിലും അവിടുന്ന് പറഞ്ഞു: "അവിടെത്തന്നെ ഇരിക്കൂ." അവിടുന്ന് വന്ന് എനിക്കും ഫാത്വിമക്കും ഇടയിൽ ഇരുന്നു. അവിടുത്തെ കാൽപാദങ്ങളുടെ തണുപ്പ് എൻ്റെ വയറ്റിൽ ഞാൻ അനുഭവിക്കുന്നത്ര (അവിടുന്ന് ഞങ്ങളുടെ അടുത്തിരുന്നു). ശേഷം അവിടുന്ന് പറഞ്ഞു: "നിങ്ങൾ രണ്ടു പേരും ചോദിച്ചതിനേക്കാൾ നല്ല ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! നിങ്ങൾ വിരിപ്പിലേക്ക് എത്തിയാൽ -അല്ലെങ്കിൽ കിടക്കയിലേക്ക് അണഞ്ഞാൽ- മുപ്പത്തിമൂന്ന് തവണ (സുബ്ഹാനല്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും, മുപ്പത്തിമൂന്ന് തവണ (അൽഹംദുലില്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ സ്തുതിക്കുകയും, മുപ്പത്തിനാല് തവണ (അല്ലാഹു അക്ബർ എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും ചെയ്യുക. ഒരു വേലക്കാരനേക്കാൾ നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത് അതാണ്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5361]

വിശദീകരണം

ഭക്ഷണത്തിനുള്ള മാവ് കുഴക്കുന്ന ആട്ടുകല്ല് ഉപയോഗിച്ചത് കൊണ്ട് നബി -ﷺ- യുടെ മകളായ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- യുടെ കൈകളിൽ പാടുകളുണ്ടാകാറുണ്ടായിരുന്നു. നബി -ﷺ- യുടെ അടുക്കൽ ചില അടിമകളെ കൊണ്ടുവന്നിട്ടുണ്ട് എന്ന വാർത്ത അറിഞ്ഞപ്പോൾ അതിൽ നിന്ന് ഒരാളെ തനിക്ക് ജോലിക്കായി നിർത്തിത്തരണം എന്ന ആവശ്യവുമായി അവർ നബി -ﷺ- യുടെ അരികിൽ ചെന്നു. എന്നാൽ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- വന്നപ്പോൾ നബി -ﷺ- വീട്ടിലുണ്ടായിരുന്നില്ല. അവിടുത്തെ പത്‌നിയായ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് അവർ കാര്യമറിയിച്ചു. നബി -ﷺ- വന്നപ്പോൾ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- വന്നതിനെ കുറിച്ചും, ഒരു വേലക്കാരനെ ആവശ്യപ്പെട്ടതിനെ കുറിച്ചും ആഇശാ -رَضِيَ اللَّهُ عَنْهَا- അവിടുത്തെ അറിയിച്ചു. ഫാത്വിമയും അവരുടെ ഭർത്താവായ അലി -رَضِيَ اللَّهُ عَنْهُ- വും ഉറങ്ങാൻ വേണ്ടി തയ്യാറെടുക്കുന്ന സന്ദർഭത്തിലാണ് നബി -ﷺ- അവരുടെ വീട്ടിലേക്ക് ചെന്നത്. അവർക്ക് രണ്ടു പേർക്കുമിടയിൽ അവിടുന്ന് ഇരുന്നു; നബി -ﷺ- യുടെ കാലിൻ്റെ തണുപ്പ് തൻ്റെ വയറ്റിന് മേൽ അനുഭവപ്പെട്ടു എന്നാണ് അലി -رَضِيَ اللَّهُ عَنْهُ- അതിനെ കുറിച്ച് പറഞ്ഞത്. നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ രണ്ട് പേരും എന്നോട് ഒരു വേലക്കാരനെ ചോദിച്ചുവല്ലോ; എന്നാൽ അതിനേക്കാൾ നല്ല ഒന്ന് ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ?! അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു കൊടുത്തു: നിങ്ങൾ ഉറങ്ങാനായി നിങ്ങളുടെ വിരിപ്പിലേക്ക് ചെന്നാൽ 'അല്ലാഹു അക്ബർ' എന്നു മുപ്പത്തി നാല് തവണ പറഞ്ഞു കൊണ്ട് അല്ലാഹുവിനെ മഹത്വപ്പെടുത്തുക. സുബ്ഹാനല്ലാഹ് എന്ന് മുപ്പത്തിമൂന്ന് തവണ പറഞ്ഞു കൊണ്ട് അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക. അൽഹംദുലില്ലാഹ് എന്നു മുപ്പത്തിമൂന്ന് തവണ പറഞ്ഞു കൊണ്ട് അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. ഒരു വേലക്കാരനെ ലഭിക്കുന്നതിനേക്കാൾ നിങ്ങൾക്ക് ഉത്തമം ഈ ദിക്ർ ചൊല്ലുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية النيبالية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഈ ദിക്ർ സ്ഥിരമാക്കുന്നത് അതിശ്രേഷ്ഠകരമായ കാര്യമാണ്; അലി -رَضِيَ اللَّهُ عَنْهُ- നബി -ﷺ- നൽകിയ ഈ ഉപദേശം ഒരു ദിവസം പോലും പിന്നീട് ഉപേക്ഷിക്കുകയുണ്ടായിട്ടില്ലെന്നും, (അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രയാസകരമായ ദിനങ്ങളിലൊന്നായിരുന്ന) സ്വിഫ്ഫീൻ യുദ്ധത്തിൻ്റെ രാത്രിയിൽ പോലും അദ്ദേഹം അത് ഉപേക്ഷിച്ചിട്ടില്ലെന്നും അലി -رَضِيَ اللَّهُ عَنْهُ- പിന്നീട് പറയുകയുണ്ടായി.
  2. രാത്രിയിലുള്ള ഉറക്കത്തിന് മുൻപ് മാത്രമേ ഈ ദിക്ർ ചൊല്ലേണ്ടതുള്ളൂ; ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ 'നിങ്ങൾ രാത്രിയിൽ ഉറങ്ങാൻ വിരിപ്പിലേക്ക് എത്തിയാൽ' എന്ന് പ്രത്യേകമായി തന്നെ വന്നിട്ടുണ്ട്.
  3. രാത്രിയുടെ തുടക്കത്തിൽ ഈ ദിക്ർ ചൊല്ലാൻ ഒരാൾ മറന്നു പോവുകയും, പിന്നീട് രാത്രിയുടെ അവസാനത്തിൽ അത് ചൊല്ലുകയും ചെയ്താൽ തെറ്റില്ല. ഈ ഹദീഥ് നിവേദനം ചെയ്ത അലി -رَضِيَ اللَّهُ عَنْهُ- സ്വിഫ്ഫീൻ യുദ്ധദിവസം രാത്രിയുടെ ആദ്യഭാഗത്ത് ഇത് ചൊല്ലാൻ മറന്നു പോയിട്ടുണ്ട് എന്നും, പിന്നീട് സുബ്ഹ് നിസ്കാരത്തിന് മുൻപാണ് അദ്ദേഹം അത് ചൊല്ലിയത് എന്നും സ്ഥിരപ്പെട്ടിട്ടുണ്ട്.
  4. മുഹല്ലബ് പറയുന്നു: "താൻ ജീവിതത്തിൽ പാലിക്കുന്ന ഭൗതിക വിരക്തി സാധ്യമാണെങ്കിൽ തൻ്റെ കുടുംബത്തെയും ശീലിപ്പിക്കണം എന്ന പാഠം ഈ ഹദീഥിലുണ്ട്."
  5. ഇബ്നു ഹജർ അസ്ഖലാനി (റഹി) പറയുന്നു: "ഈ ദിക്ർ സ്ഥിരമായി ചൊല്ലുന്ന ഒരാൾക്ക് ജോലിഭാരം പ്രയാസമുണ്ടാക്കില്ലെന്നും, -ചില ക്ഷീണമെല്ലാം ബാധിച്ചാൽ പോലും- അവനെ അത് ദോഷകരമായി ബാധിക്കില്ലെന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം."
  6. ബദ്റുദ്ദീനുൽ അയ്നി (റഹി) പറയുന്നു: "ഇഹലോകത്ത് ഒരു വേലക്കാരനെ ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ് പരലോകത്ത് ലഭിക്കാനിരിക്കുന്ന പ്രതിഫലം എന്നായിരിക്കാം നബി -ﷺ- ഉദ്ദേശിച്ചത്. കാരണം പരലോകം ഇഹലോകത്തേക്കാൾ ഉത്തമവും എന്നെന്നും നിലനിൽക്കുന്നതുമാണല്ലോ?
  7. അതല്ലെങ്കിൽ, ഈ ദിക്ർ കൊണ്ട് ഒരു വേലക്കാരന് സാധിക്കുന്നതിനേക്കാൾ കൂടുതൽ പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ സാധിക്കുന്നതാണ് എന്നുമായിരിക്കാം അവിടുത്തെ ഉദ്ദേശ്യം."
കൂടുതൽ