+ -

عَنْ أَنَسٍ رضي الله عنه:
أَنَّ نَفَرًا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ سَأَلُوا أَزْوَاجَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ عَمَلِهِ فِي السِّرِّ؟ فَقَالَ بَعْضُهُمْ: لَا أَتَزَوَّجُ النِّسَاءَ، وَقَالَ بَعْضُهُمْ: لَا آكُلُ اللَّحْمَ، وَقَالَ بَعْضُهُمْ: لَا أَنَامُ عَلَى فِرَاشٍ، فَحَمِدَ اللهَ وَأَثْنَى عَلَيْهِ، فَقَالَ: «مَا بَالُ أَقْوَامٍ قَالُوا كَذَا وَكَذَا؟ لَكِنِّي أُصَلِّي وَأَنَامُ، وَأَصُومُ وَأُفْطِرُ، وَأَتَزَوَّجُ النِّسَاءَ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي».

[صحيح] - [متفق عليه] - [صحيح مسلم: 1401]
المزيــد ...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യുടെ സ്വഹാബികളിൽ ചിലർ അവിടുത്തെ പത്നിമാരോട് നബി -ﷺ- യുടെ രഹസ്യജീവിതത്തിലെ ഇബാദത്തുകളെ കുറിച്ച് ചോദിച്ചറിഞ്ഞു. (എല്ലാം കേട്ടശേഷം) അവരിൽ ചിലർ പറഞ്ഞു: "ഞാൻ ഇനി സ്ത്രീകളെ വിവാഹം കഴിക്കില്ല." മറ്റു ചിലർ പറഞ്ഞു: "ഞാൻ മാംസം ഭക്ഷിക്കില്ല." മറ്റു ചിലർ പറഞ്ഞു: "ഞാൻ വിരിപ്പിൽ ഉറങ്ങുകയില്ല." നബി -ﷺ- ക്ക് ഈ വിവരം വന്നെത്തിയപ്പോൾ അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു (പ്രഭാഷണം നടത്തുന്നതിന് വേണ്ടി). അവിടുന്ന് പറഞ്ഞു: "ഇന്നയിന്ന വിധമെല്ലാം പറഞ്ഞിരിക്കുന്ന ചിലരുടെ കാര്യമെന്താണ്?! എന്നാൽ ഞാൻ നിസ്കരിക്കുകയും ഉറങ്ങുകയും, നോമ്പെടുക്കുകയും നോമ്പ് ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ആരെങ്കിലും എൻ്റെ ചര്യയോട് വിമുഖത കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1401]

വിശദീകരണം

സ്വഹാബികളിൽ പെട്ട ചിലർ നബി -ﷺ- യുടെ ഭാര്യമാരിൽ ഒരാളുടെ വീട്ടിൽ വരികയും, നബി -ﷺ- തൻ്റെ വീട്ടിൽ രഹസ്യമായി നിർവ്വഹിക്കാറുള്ള ഇബാദത്തുകളെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. പക്ഷേ അവരുടെ വിവരണങ്ങൾ കേട്ടപ്പോൾ അത് വളരെ കുറവാണെന്നാണ് അവർക്ക് അനുഭവപ്പെട്ടത്. അതിനാൽ അവർ പറഞ്ഞു: "നമ്മളും നബി -ﷺ- യും തമ്മിലുള്ള അന്തരം എത്ര വലുതാണ്?! അവിടുത്തേക്ക് മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തിന്മകളെല്ലാം പൊറുത്തു നൽകപ്പെട്ടിരിക്കുന്നു. എന്നാൽ മറ്റുള്ളവർക്ക് തങ്ങളുടെ തിന്മകൾ പൊറുക്കപ്പെട്ടിരിക്കുന്നോ എന്ന കാര്യം അറിയുകയില്ല. അതിനാൽ അവർക്ക് അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള പാപമോചനം ലഭിക്കണമെങ്കിൽ ഇബാദത്തുകളിൽ അവർ കൂടുതൽ കൂടുതൽ പരിശ്രമം കാണിക്കണം." അവരിൽ ചിലർ പറഞ്ഞു: "ഞാൻ വിവാഹം കഴിക്കുകയില്ല." മറ്റു ചിലർ പറഞ്ഞു: "ഞാൻ മാംസം ഭക്ഷിക്കുകയില്ല." ചിലർ പറഞ്ഞു: "ഞാൻ ഇനി വിരിപ്പിൽ കിടന്നുറങ്ങുകയില്ല." നബി -ﷺ- പിന്നീട് ഈ വാർത്തയറിഞ്ഞപ്പോൾ കോപിക്കുകയാണുണ്ടായത്. അവിടുന്ന് അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ജനങ്ങളോട് പ്രസംഗിക്കാനാരംഭിച്ചു. ശേഷം പറഞ്ഞു: എന്താണ് ചില ആളുകളുടെ സ്ഥിതി?! അവർ ഇപ്രകാരമെല്ലാം പറഞ്ഞിരിക്കുന്നു. അല്ലാഹു തന്നെ സത്യം! ഞാൻ നിങ്ങളിൽ അല്ലാഹുവിനോട് ഏറ്റവും ഭയഭക്തിയുള്ളവരും നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവുമധികം സൂക്ഷിക്കുന്നവനുമാണ്. എന്നാൽ ഞാൻ ഉറങ്ങാറുണ്ട്; അതിലൂടെ നിസ്കാരത്തിനുള്ള ഊർജ്ജം ഞാൻ നേടിയെടുക്കുന്നു. ഞാൻ നോമ്പ് മുറിക്കാറുണ്ട്; അതിലൂടെ നോമ്പെടുക്കാനുള്ള ശക്തി ഞാൻ കണ്ടെത്തുന്നു. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എൻ്റെ മാർഗത്തോട് ആരെങ്കിലും എതിരാവുകയും, അതല്ലാത്ത വഴിയിലാണ് പൂർണ്ണതയുള്ളത് എന്ന് മനസ്സിലാക്കുകയും, എൻ്റേതല്ലാത്ത മാർഗം അവൻ സ്വീകരിക്കുകയും ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നന്മകളോടും നബി -ﷺ- യെ മാതൃകയാക്കുന്നതിലും സ്വഹാബികൾക്കുണ്ടായിരുന്ന ഇഷ്ടവും, അതിൽ അവർക്കുണ്ടായിരുന്ന താൽപ്പര്യവും.
  2. ഇസ്‌ലാമിക നിയമങ്ങളിലെ എളുപ്പവും ലാളിത്യവും. നബി -ﷺ- യുടെ പ്രവൃത്തിയിൽ നിന്നും ജീവിതമാർഗത്തിൽ നിന്നും അക്കാര്യം മനസ്സിലാക്കാം.
  3. നബി -ﷺ- യെ പിൻപറ്റുന്നതിലും അവിടുത്തെ മാർഗവും രീതിയും സ്വീകരിക്കുന്നതിലുമാണ് എല്ലാ നന്മയും ബറകത്തും (അനുഗ്രഹവും) ഉള്ളത്.
  4. ശരീരത്തിന് സാധിക്കാത്ത വിധത്തിലുള്ള ഇബാദത്തുകൾ സ്വന്തത്തിന് മേൽ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് ഇസ്‌ലാം ശക്തമായി താക്കീത് നൽകിയിരിക്കുന്നു. പുത്തനാചാരാക്കാരായ ബിദ്അത്തുകാരുടെ രീതിയിൽ പെട്ടതാണത്.
  5. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ആരാധനകളിൽ (ഇബാദത്തുകളിൽ) കാഠിന്യം സ്വീകരിക്കുന്നത് ക്രമേണ അതിൽ മടുപ്പുണ്ടാക്കുന്നതിലേക്കും, അവസാനം അത് തീർത്തും ഇല്ലാതാകുന്നതിലേക്കും എത്തിക്കുന്നതാണ്. (മറുവശത്ത്) നിർബന്ധമായ വാജിബുകൾ മാത്രം ചെയ്യുന്നതിൽ ഒതുങ്ങുകയും, ഐഛികമായ സുന്നത്തുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നത് അലസതയിലേക്കും ഇബാദത്തുകളിൽ ഉന്മേഷമില്ലാത്ത സ്ഥിതിയിലേക്കും കൊണ്ടെത്തിക്കുന്നതാണ്. എല്ലാ കാര്യങ്ങളിലും ഉത്തമമായത് മദ്ധ്യമനിലപാടു തന്നെ."
  6. ഉന്നതരായ വ്യക്തിത്വങ്ങളുടെ ജീവിതരീതികൾ അന്വേഷിച്ചറിയുകയും അവരുടെ പ്രവർത്തനങ്ങൾ മാതൃകയാക്കുകയും ചെയ്യണം എന്ന ഗുണപാഠം ഈ ഹദീഥിലുണ്ട്. അക്കാര്യം പുരുഷന്മാരിൽ നിന്ന് അറിയാൻ സാധിക്കില്ലെങ്കിൽ സ്ത്രീകളോട് ചോദിച്ചറിയുന്നത് അനുവദനീയമാണ് എന്നും മനസ്സിലാക്കാം.
  7. ജനങ്ങളെ ഗുണദോഷിക്കുകയും അവർക്ക് വൈജ്ഞാനിക വിഷയങ്ങൾ പകർന്നു നൽകുകയും വിധിവിലക്കുകൾ വിശദീകരിച്ചു നൽകുകയും, അവരുടെ കൂട്ടത്തിൽ നിന്ന് അബദ്ധം പിണയുന്നവരുടെ ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
  8. ഇബാദത്തുകൾ ശ്രദ്ധയോടെ നിർവ്വഹിക്കുകയും നിർബന്ധവും ഐഛികവുമായ കർമ്മങ്ങൾ നിറവേറ്റുകയും ചെയ്യുന്നതിനോടൊപ്പം തന്നെ ഇബാദത്തുകളിൽ മിതത്വവും സൗമ്യതയും പുലർത്തണമെന്ന കൽപ്പന. അതിലൂടെ തനിക്ക് മറ്റുള്ളവരുടെ മേലുള്ള ബാധ്യതകൾ നിറവേറ്റാൻ അവന് സാധിക്കുന്നതാണ്.
  9. വിവാഹത്തിൻ്റെ ശ്രേഷ്ഠതയും അതിലേക്ക് മുന്നിട്ടിറങ്ങാനുള്ള താൽപ്പര്യം ജനിപ്പിക്കുന്ന പാഠങ്ങളും ഈ ഹദീഥിലുണ്ട്.
കൂടുതൽ