عَن عبدِ اللهِ بن خُبَيب رضي الله عنه أنه قال:
خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ، نَطْلُبُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؛ يُصَلِّي لَنَا، قَالَ: فَأَدْرَكْتُهُ، فَقَالَ: «قُلْ»، فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: «قُلْ»، فَلَمْ أَقُلْ شَيْئًا، قَالَ: «قُلْ»، فَقُلْتُ: مَا أَقُولُ؟ قَالَ: «{قُلْ هُوَ اللهُ أَحَدٌ} وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلَاثَ مَرَّاتٍ، تَكْفِيكَ مِنْ كُلِّ شَيْءٍ».
[صحيح] - [رواه أبو داود والترمذي والنسائي] - [سنن الترمذي: 3575]
المزيــد ...
അബ്ദുല്ലാഹി ബ്നു ഖുബൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ ഞങ്ങൾ നബി -ﷺ- യെ അന്വേഷിച്ചു കൊണ്ട് പുറത്തിറങ്ങി. അവിടുന്ന് ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവിടുത്തെ ഞങ്ങൾ കണ്ടെത്തി. അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറയുക!" പക്ഷേ ഞാൻ യാതൊന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" അപ്പോഴും ഞാൻ ഒന്നും പറഞ്ഞു. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" ഞാൻ പറഞ്ഞു: "എന്താണ് ഞാൻ പറയേണ്ടത്?" നബി -ﷺ- പറഞ്ഞു: "നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്."
[സ്വഹീഹ്] - - [سنن الترمذي - 3575]
അബ്ദുല്ലാഹി ബ്നു ഖുബൈബ് എന്ന മഹാനായ സ്വഹാബി നിവേദനം ചെയ്ത ഹദീഥാണിത്. സ്വഹാബികളിൽ ചിലർ ധാരാളം മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ, തങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടി നബി -ﷺ- യെ അന്വേഷിച്ചു കൊണ്ടിറങ്ങി. അങ്ങനെ അവർ നബി -ﷺ- യെ കണ്ടെത്തുകയും ചെയ്തു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് 'നീ പറയുക / പാരായണം ചെയ്യുക' എന്ന് പറഞ്ഞു. പക്ഷേ, അദ്ദേഹം യാതൊന്നും പറയുകയോ പാരായണം ചെയ്യുകയോ ചെയ്തില്ല. അപ്പോൾ നബി -ﷺ- തൻ്റെ കൽപ്പന വീണ്ടും ആവർത്തിച്ചു. അപ്പോൾ അബ്ദുല്ല ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ എന്താണ് പാരായണം ചെയ്യേണ്ടത്!" അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് സൂറത്തുൽ ഇഖ്ലാസും, സൂറത്തുൽ ഫലഖും, സൂറത്തുന്നാസും പാരായണം ചെയ്യാൻ പറഞ്ഞു. വൈകുന്നേരവും രാവിലെയും മൂന്നു തവണ വീതം ഈ സൂറത്തുകൾ പാരായണം ചെയ്താൽ അത് എല്ലാ ഉപദ്രവങ്ങളിൽ നിന്നും നിന്നെ സംരക്ഷിക്കുകയും പ്രയാസങ്ങളിൽ നിന്നും നിന്നെ തടുക്കുകയും ചെയ്യുന്നതാണ്.