عَنْ أُمِّ عَطِيَّةَ رَضيَ اللهُ عنها أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا تُحِدُّ امْرَأَةٌ عَلَى مَيِّتٍ فَوْقَ ثَلَاثٍ إِلَّا عَلَى زَوْجٍ أَرْبَعَةَ أَشْهُرٍ وَعَشْرًا، وَلَا تَلْبَسُ ثَوْبًا مَصْبُوغًا إِلَّا ثَوْبَ عَصْبٍ، وَلَا تَكْتَحِلُ، وَلَا تَمَسُّ طِيبًا إِلَّا إِذَا طَهُرَتْ نُبْذَةً مِنْ قُسْطٍ أَوْ أَظْفَارٍ».
[صحيح] - [متفق عليه] - [صحيح مسلم: 938]
المزيــد ...
ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"ഒരു സ്ത്രീയും മരിച്ച വ്യക്തിക്ക് വേണ്ടി മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖം ആചരിക്കരുത്. ഭർത്താവിനു വേണ്ടിയാണെങ്കിൽ ഒഴികെ. (ഭർത്താവ് മരണപ്പെട്ടാൽ) നാല് മാസവും പത്ത് ദിവസവും ഇദ്ദ ഇരിക്കണം. അവൾ ചായം പൂശിയ വസ്ത്രം ധരിക്കരുത്; (തുന്നുന്നതിന് മുൻപേ നിറം പുരട്ടുന്ന) 'അസ്ബ്' വസ്ത്രമൊഴികെ. അവൾ സുറുമയിടരുത്; സുഗന്ധദ്രവ്യങ്ങൾ പുരട്ടുകയുമരുത്; ആർത്തവത്തിൽ നിന്ന് ശുദ്ധിയാകുമ്പോൾ 'ഖുസ്തോ' 'അള്ഫാറോ' അൽപ്പം പുരട്ടുന്നത് ഒഴികെ."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 938]
മരിച്ച ഒരാൾക്കുവേണ്ടി ദുഃഖം ആചരിക്കുമ്പോൾ, സുഗന്ധവും സുറുമയും ആഭരണങ്ങളും ഭംഗിയുള്ള വസ്ത്രങ്ങളും മൂന്ന് ദിവസത്തിൽ കൂടുതൽ ഉപേക്ഷിക്കുന്നത് നബി -ﷺ- സ്ത്രീകളോട് വിലക്കിയിരിക്കുന്നു. മരിച്ച വ്യക്തി പിതാവോ, സഹോദരനോ, മകനോ, മറ്റാരെങ്കിലുമോ ആയാലും മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖാചരണം പാടില്ല. എന്നാൽ ഭർത്താവിനു വേണ്ടിയാണെങ്കിൽ നാല് മാസവും പത്ത് ദിവസവുമാണ് ഇദ്ദഃ ഇരിക്കേണ്ടത്. ഈ കാലയളവിൽ അഴകിന് വേണ്ടി ചായം പൂശിയ വസ്ത്രങ്ങൾ ഒന്നും ധരിക്കരുത്, 'അസ്ബ്' വസ്ത്രമൊഴികെ; 'അസ്ബ്' എന്നത് നെയ്യുന്നതിന് മുമ്പ് ചായം പൂശുന്ന ഒരു യമനി വസ്ത്രമാണ്. ഭംഗിക്ക് വേണ്ടി കണ്ണിൽ സുറുമയിടുകയോ സുഗന്ധം പുരട്ടുകയോ ചെയ്യരുത്. എന്നാൽ ആർത്തവത്തിൽ നിന്ന് കുളിച്ച് ശുദ്ധിയാകുമ്പോൾ, 'ഖുസ്ത്' അല്ലെങ്കിൽ 'അള്ഫാർ' പോലുള്ളവ ഒരു ചെറിയ കഷ്ണം പുകച്ച് ദുർഗന്ധം നീക്കം ചെയ്യാൻ വേണ്ടി മാത്രം അത് ഉപയോഗിക്കാം. സുഗന്ധദ്രവ്യമായി കണക്കാക്കപ്പെടാത്ത 'ബുഖൂറിൽ; പെട്ടതാണ് ഇത്. ആർത്തവത്തിൽ നിന്ന് ശുദ്ധിയായ ശേഷം ശരീരത്തിലുള്ള ദുർഗന്ധം ഇല്ലാതാക്കുക എന്നതാണ് ഈ ഇളവിൻ്റെ പിന്നിലെ ഉദ്ദേശ്യം; അതൊരിക്കലും സുഗന്ധം പുരട്ടുക എന്ന ലക്ഷ്യത്തിലുള്ളതല്ല.